ടിക്ടോക് ചലഞ്ച്, 11 -കാരന് ഹൃദയാഘാതം, മരിച്ചുകിടന്നത് കൂട്ടുകാരന്റെ വീട്ടിൽ
ബില്ലിംഗ്ടണിൻ്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉറങ്ങുന്ന സമയത്ത് ടിക് ടോക്ക് ചലഞ്ചായ 'ക്രോമിംഗിൽ' അവൻ ഏർപ്പെട്ടതായാണ് കുട്ടിയുടെ മുത്തശ്ശി പറയുന്നത്. ഇതേ തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്.
സോഷ്യൽ മീഡിയയ്ക്ക് അനുദിന ജീവിതത്തിൽ വിനോദത്തിനപ്പുറം വലിയ സ്വാധീനമുണ്ട്. നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കാൻ പോലുമുള്ള ശേഷി സാമൂഹിക മാധ്യമങ്ങൾക്കുണ്ട് എന്നതാണ് സത്യം. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ട്രെൻഡിങ്ങ് ആയി വരുന്ന പല ചലഞ്ചുകളിലും നാം പങ്കെടുക്കുന്നത് സാധാരണമാണ്. എന്നാൽ, ഈ ട്രെൻഡുകളിൽ നിരുപദ്രവകരം ആയതു മുതൽ അങ്ങേയറ്റം ഹാനികരമായത് വരെയുണ്ട് എന്ന് നാം തിരിച്ചറിയണം. പല സോഷ്യൽ മീഡിയ ചലഞ്ചുകളും മരണങ്ങളിൽ കലാശിച്ചിട്ടുണ്ട് എന്നത് ഒരു നിസാര കാര്യമല്ല. ഇപ്പോഴിതാ യുകെയിൽ ഒരു 11 വയസ്സുള്ള കുട്ടിയ്ക്ക് ടിക്ടോക് ചലഞ്ചിലൂടെ സ്വന്തം ജീവൻ നഷ്ടപ്പെട്ട ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്
ലണ്ടൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ടോമി-ലീ ഗ്രേസി ബില്ലിംഗ്ടൺ എന്ന 11 കാരനെയാണ് മാർച്ച് രണ്ടിന് ഒരു സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബില്ലിംഗ്ടണിൻ്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉറങ്ങുന്ന സമയത്ത് ടിക് ടോക്ക് ചലഞ്ചായ 'ക്രോമിംഗിൽ' അവൻ ഏർപ്പെട്ടതായാണ് കുട്ടിയുടെ മുത്തശ്ശി പറയുന്നത്. ഇതേ തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്. ക്രോമിംഗ് ചലഞ്ചിൽ ജീവൻ നഷ്ടമാകുന്ന ആദ്യസംഭവം അല്ല ഇത്. 2023 മാർച്ചിൽ, ഒരു സുഹൃത്തിന്റെ വീട്ടിൽവെച്ച് ക്രോമിംഗ് ചലഞ്ചിൽ പങ്കെടുത്തതിന് ശേഷം, ഓസ്‌ട്രേലിയൻ കൗമാരക്കാരിയായ എസ്ര ഹെയ്‌നസ് ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു.
മെൽബണിലെ റോയൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ പറയുന്നതനുസരിച്ച്, ആനന്ദത്തിനോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനോ വിനോദത്തിനോ വേണ്ടി സൈക്കോ ആക്റ്റീവ് മരുന്നുകൾ അല്ലെങ്കിൽ റീക്രിയേഷണൽ ഡ്രഗ്സ് ആയി ഉപയോഗിക്കുന്ന അപകടകരമായ രാസവസ്തുക്കൾ ശ്വസിക്കുന്നതാണ് ക്രോമിംഗ്. എയറോസോൾ ക്യാനുകൾ, പെയിൻ്റ്, പെർമനൻ്റ് മാർക്കറുകൾ, ഹെയർ സ്‌പ്രേ, നെയിൽ പോളിഷ് റിമൂവർ, ലൈറ്റർ ഫ്ലൂയിഡ്, ഗ്ലൂ, ക്ലീനിംഗ് സപ്ലൈസ്, നൈട്രസ് ഓക്‌സൈഡ്, ഗ്യാസോലിൻ എന്നിവ വിഷാംശമുള്ള രാസവസ്തുക്കളുടെ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ പുക അമിതമായ അളവിൽ ശ്വസിക്കുന്നതാണ് ചലഞ്ച്.
ഇത് ഉപയോഗിക്കുന്നവരിൽ ഓക്കാനം, ഛർദ്ദി, ഭ്രമാത്മകത, മന്ദഗതിയിലുള്ള സംസാരം, ശരീരത്തിന്റെ ബാലൻസ് നഷ്ടമാകുക എന്നിങ്ങനെ പലതരം പാർശ്വഫലങ്ങൾ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ മദ്യത്തിൻ്റെ ലഹരിയുമായി സാമ്യമുള്ളതും സാധാരണയായി താൽക്കാലികവുമാണ്. ഇതിന്റെ ഹാങ്ഓവർ ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കും. ഏറെ അപകടകരമായ ഇതിന്റെ അന്തിമ ഫലങ്ങൾ മസ്തിഷ്കം, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയ്‌ക്കുണ്ടാക്കുന്ന തകരാറുകളും ഹൃദയാഘാതം, ശ്വാസംമുട്ടൽ, കോമ, ശ്വാസംമുട്ടൽ, അല്ലെങ്കിൽ മരണം എന്നിവയുമാണെന്നാണ് വിദഗ്ദർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം