ഫേസ്ബുക്കിൽ നെഗറ്റീവ് റിവ്യൂ ഇട്ടു, തൊട്ടുപിന്നാലെ യുവതി അറസ്റ്റിൽ, ഏഴുവർഷം വരെ തടവ് കിട്ടാവുന്ന കുറ്റം?
ഒപ്പം കമ്പനിക്ക് അവളുടെ പോസ്റ്റ് വലിയ നഷ്ടമുണ്ടാക്കി എന്ന് കാണിച്ച് മറ്റൊരു കേസ് കൂടി എറിസ്കോ അവൾക്കെതിരെ നൽകിയിട്ടുണ്ട്. അതിൽ മൂന്ന് മില്ല്യൺ ഡോളറാണ് നഷ്ടപരിഹാരം ചോദിക്കുന്നത്.
എന്തെങ്കിലും വാങ്ങിയാൽ ആ പ്രൊഡക്ടിന് റിവ്യൂ ഇടുന്നവരാണ് നമ്മളിൽ പലരും. അതിൽ ചില ഉത്പന്നങ്ങൾ മോശമായിരിക്കും. അപ്പോൾ നെഗറ്റീവ് റിവ്യൂവും ഇടേണ്ടി വരാറുണ്ട്. എന്നാൽ, ഒരു പ്രൊഡക്ടിന് നെഗറ്റീവ് റിവ്യൂ ഇട്ടതിന്റെ പേരിൽ ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാൽ അവൾക്ക് ഏഴുവർഷം വരെ തടവുശിക്ഷയനുഭവിക്കേണ്ടി വരും. ഒപ്പം വലിയൊരു തുക നഷ്ടപരിഹാരവും നല്കേണ്ടി വരും.
നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള 39 -കാരിയായ ചിയോമ ഒകോലിക്കാണ് നെഗറ്റീവ് റിവ്യൂ ഇട്ടതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. 2023 സപ്തംബറിലാണ് തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമിലൂടെ യുവതി ഒരു പ്രൊഡക്ടിനെ കുറിച്ച് നെഗറ്റീവ് റിവ്യൂ പറഞ്ഞത്. താൻ അടുത്തിടെ വാങ്ങിയ ടൊമാറ്റോ പ്യൂരിയിൽ അമിതമായ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അവൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒപ്പം സുഹൃത്തുക്കളോടും ഫോളോവേഴ്സിനോടും അവരുടെ അഭിപ്രായം പങ്കുവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ആ പോസ്റ്റ് വൈറലായി. പിന്നാലെ, ടൊമാറ്റോ പ്യൂരി നിർമ്മാതാക്കളായ എറിസ്കോ ഫുഡ്‌സ് ലിമിറ്റഡ് ഒകോലിക്കെതിരെ പൊലീസിൽ പരാതി നൽകി. തങ്ങളുടെ ഉത്പന്നത്തെ മനപ്പൂർവം അപമാനിച്ചു, ആളുകളെ തെറ്റിദ്ധരിപ്പിച്ച് മനപ്പൂർവം അവരെ എറിസ്കോ ഫുഡ്‌സിനെതിരെ തിരിച്ചു തുടങ്ങിയ പരാതികളാണ് കമ്പനി ഒകോലിക്കെതിരെ ഉന്നയിച്ചത്.
താൻ പറയുന്നത് കള്ളമാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ തെറ്റിദ്ധാരണ പരത്തി എന്നാരോപിച്ച് നൈജീരിയയിലെ സൈബർ കുറ്റകൃത്യ നിരോധന നിയമത്തിലെ സെക്ഷൻ 24 (1) (ബി) പ്രകാരമാണ് അവൾക്കെതിരെ കേസെടുത്തത്. കുറ്റം തെളിഞ്ഞാൽ ഏഴുവർഷം വരെ തടവും നാല് ലക്ഷം വരെ പിഴയും ശിക്ഷ കിട്ടിയേക്കും.
ഒപ്പം കമ്പനിക്ക് അവളുടെ പോസ്റ്റ് വലിയ നഷ്ടമുണ്ടാക്കി എന്ന് കാണിച്ച് മറ്റൊരു കേസ് കൂടി എറിസ്കോ അവൾക്കെതിരെ നൽകിയിട്ടുണ്ട്. അതിൽ മൂന്ന് മില്ല്യൺ ഡോളറാണ് നഷ്ടപരിഹാരം ചോദിക്കുന്നത്. എന്തായാലും 2023 ഒക്ടോബറിൽ അവൾക്ക് ജാമ്യം കിട്ടി. പുറത്ത് വന്ന ശേഷം അവൾ എറിസ്കോ ഫുഡ്സിനോട് പരസ്യമായി മാപ്പ് ചോദിച്ചു.
ഒരു ചെറുകിട സംരംഭകയായിരുന്നു ഒകോലി. കേസെടുക്കുന്ന സമയത്ത് അവൾ ഗർഭിണിയായിരുന്നു. ഒരു സാധാരണ വസ്ത്രത്തിൽ നിന്നപ്പോഴാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അവരുടെ തന്നോടുള്ള പെരുമാറ്റം മോശമായിരുന്നു എന്നും അവൾ ആരോപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം