68.5 ലക്ഷം രൂപ നോട്ടായി എണ്ണിച്ച് യുവതി, 'ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രതികാരം' എന്ന് സോഷ്യൽ മീഡിയ
രണ്ട് മണിക്കൂറെടുത്ത് ലൂയി വിറ്റന്‍ സ്റ്റാഫ് പണം എണ്ണിക്കഴിഞ്ഞതും 'ഈ വസ്ത്രം ഇപ്പോള്‍ വേണ്ട' എന്ന് പറഞ്ഞ് സാമേയുറെന്‍ തൻറെ പണവും എടുത്ത് കടയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.
നമ്മളെ അപമാനിക്കുന്നവർക്ക് തക്ക മറുപടി നൽകണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാനാവില്ല അല്ലേ? അങ്ങനെ ചെയ്ത ഒരു ചൈനീസ് യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ആഡംബര ബ്രാന്‍ഡായ ലൂയി വിറ്റന്‍റെ സ്റ്റാര്‍ലൈറ്റ് പാലസിലുള്ള ഔട്ട്ലെറ്റില്‍ എത്തിയ സാമേയുറെന്‍ എന്ന ചൈനീസ് യുവതിക്കാണ് ഇക്കഴിഞ്ഞ ജൂണില്‍ കടുത്ത അപമാനം ലൂയി വിറ്റന്‍ ജീവനക്കാരില്‍ നിന്ന് നേരിട്ടതത്രെ. രണ്ട് മാസം കാത്തിരുന്ന് അതിന് യുവതി നല്‍കിയ തിരിച്ചടിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
ചൈനീസ് സാമൂഹിക മാധ്യമായ 'സാഹോങ്ഷൂ' വിലാണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചും അതിനു താൻ നടത്തിയ മധുര പ്രതികാരത്തെക്കുറിച്ചും സാമേയുറെന്‍ പങ്കുവെച്ചത്. വസ്ത്രങ്ങൾ വാങ്ങുന്നതിനാണ് സാമേയുറെന്‍ ലൂയി വിറ്റന്‍റെ സ്റ്റോറിലെത്തിയത്. എന്നാൽ, തന്നോട് സ്റ്റോറിലെ ജീവനക്കാർ തീർത്തും അപമര്യാദയായി പെരുമാറുകയും തന്നെ അവഗണിക്കുകയും ചെയ്തു എന്നാണ് ഇവർ പറയുന്നത്.
താൻ ഓരോ വസ്ത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോഴും തന്റെ മുഖത്ത് പോലും നോക്കാതെ അവഗണനയോടെ ജീവനക്കാർ പെരുമാറി എന്നാണ് സാമേയുറെന്‍ പങ്കുവെക്കുന്നത്.
തുടർന്ന് യുവതി ലൂയി വിറ്റന്‍റെ ഹെഡ്ഓഫിസിലേക്ക് പരാതി നല്‍കിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. രണ്ടുമാസം കാത്തിരുന്നിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. അതോടെ തൻറെ കൈവശം ഉണ്ടായിരുന്ന 600,000 യുവാന്‍ (68.50 ലക്ഷം രൂപ) ബാഗിലാക്കി സഹായിയുമായി വീണ്ടും ലൂയി വിറ്റന്‍റെ സ്റ്റോറിലെത്തുകയായിരുന്നു സാമേയുറെന്‍.
തുടർന്ന് പല വസ്ത്രങ്ങളും ധരിച്ച് നോക്കി താൻ അത് വാങ്ങാന്‍ പോവുകയാണെന്ന് ജീവനക്കാരെ വിശ്വസിപ്പിച്ചു. ഒടുവിലെടുത്ത വസ്ത്രത്തിനായി ബാഗിലുള്ള പണമെടുത്ത് നല്‍കി. രണ്ട് മണിക്കൂറെടുത്ത് ലൂയി വിറ്റന്‍ സ്റ്റാഫ് പണം എണ്ണിക്കഴിഞ്ഞതും 'ഈ വസ്ത്രം ഇപ്പോള്‍ വേണ്ട' എന്ന് പറഞ്ഞ് സാമേയുറെന്‍ തൻറെ പണവും എടുത്ത് കടയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.
നൂറ്റാണ്ടിലെ മികച്ച പ്രതികാരമാണിതെന്നും ഇത്തരത്തിലുള്ളവരെ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും പലരും കുറിച്ചു. അതിവേഗത്തിലാണ് സാമേയുറെന്‍റെ പോസ്റ്റ് വൈറലായത്. അതേസമയം, സംഭവത്തില്‍ ലൂയി വിറ്റന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
(ചിത്രം പ്രതീകാത്മകം)