ഇനിയല്പം ഉറക്കമാവാം; സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് പിന്നാലെ ഉറങ്ങാനുള്ള സൗകര്യം, കൊള്ളാമല്ലേ ചൈനയിലെ ഐഡിയ
ക്ലാസിൽ തന്നെ ഇരുന്നുറങ്ങുന്നതിന് പകരം കിടന്നുറങ്ങാനുള്ള സൗകര്യവും സ്കൂളുകളിൽ ഉണ്ട്. അതിനായി കുട്ടികളുടെ ക്ലാസ്മുറിയിലെ ഡെസ്കുകൾ ബെഡ്ഡായി മാറുകയാണ് ചെയ്യുന്നത്.
ഏത് ക്ലാസിലിരിക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട് എന്ന് ചോദിച്ചാൽ മിക്കവരുടേയും മറുപടി ഉച്ചയ്ക്ക് ഊണ് കഴിഞ്ഞുള്ള ക്ലാസിലിരിക്കാനായിരുന്നു എന്നാവും. ഉറക്കം തൂങ്ങി വീണുപോവുന്ന സമയമാണ് അത്. എത്രയൊക്കെ കണ്ണ് തുറന്ന് പിടിക്കണം എന്ന് കരുതിയാലും ചിലപ്പോൾ അറിയാതെ അടഞ്ഞടഞ്ഞു പോയെന്നിരിക്കും. വല്ല ബോറടിപ്പിക്കുന്ന ക്ലാസുമാണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ, ചൈനയിലെ സ്കൂളുകളിൽ ഇനി മുതൽ ആ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് കരുതുന്നത്.
അവിടെ ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞാൽ ക്ലാസിലിരുന്ന് അല്പം ഉറക്കമാവാം. സിൻഹുവ വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, ഹന്ദനിലെ 21,000 -ത്തിലധികം പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ ഇപ്പോൾ ഉച്ചയ്ക്ക് അല്പനേരം ഉറക്കം എന്ന ഈ പദ്ധതിയിൽ പങ്കുകൊള്ളുന്നുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഹന്ദനിലെ എല്ലാ വിദ്യാർത്ഥികളും ഇതിന്റെ ഭാഗമായി മാറും എന്നാണ് വിദ്യാഭ്യാസ ബ്യൂറോ ഡയറക്ടർ ഷാങ് ഹെഹോംഗ്, ചൈന എഡ്യൂക്കേഷൻ ഡെയ്‌ലിയോട് പറഞ്ഞത്.
നന്നായി ഉറങ്ങിക്കഴിയുമ്പോൾ നന്നായി ചിന്തിക്കാനും അക്കാദമിക് രംഗങ്ങളിൽ നല്ല മികവ് പുലർത്താനും കഴിയും എന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാണത്രെ വിദ്യാർത്ഥികൾക്ക് ഉറങ്ങാനുള്ള സമയം അനുവദിക്കുന്നത്. കുറച്ച് നേരം ഉറങ്ങിക്കഴിയുമ്പോൾ കുട്ടികൾ പിന്നീട് കൂടുതൽ ഊർജ്ജസ്വലരായും കൂടുതൽ ഫോക്കസുള്ളവരായും മാറും എന്നും വിലയിരുത്തപ്പെടുന്നു.
ക്ലാസിൽ തന്നെ ഇരുന്നുറങ്ങുന്നതിന് പകരം കിടന്നുറങ്ങാനുള്ള സൗകര്യവും സ്കൂളുകളിൽ ഉണ്ട്. അതിനായി കുട്ടികളുടെ ക്ലാസ്മുറിയിലെ ഡെസ്കുകൾ ബെഡ്ഡായി മാറുകയാണ് ചെയ്യുന്നത്. ഈ ബെഡ്ഡുകളിൽ തന്നെ കുട്ടികൾക്ക് കിടന്നുറങ്ങാം. അതിനാൽ തന്നെ കുട്ടികൾക്ക് വേറെ കിടന്നുറങ്ങുന്നതിനായി പ്രത്യേകം സ്ഥലം ഒരുക്കാനുള്ള ബുദ്ധിമുട്ടും ഇല്ല.
എന്തായാലും കൊള്ളാമല്ലേ? നമ്മുടെ സ്കൂളുകളിലും ഇങ്ങനെയൊരു സൗകര്യമുണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ എന്് തോന്നുന്നുണ്ടോ?