40 വർഷം നീണ്ട തടവുകാലം അവസാനിക്കുന്നു, സ്വാതന്ത്ര്യത്തിലേക്ക് 'ചാർളി', സ്വന്തമാകുന്നത് ആയിരം ഹെക്ടർ വനഭൂമി

വെറും രണ്ട് വയസ് പ്രായമുള്ളപ്പോഴാണ് കാടെന്ന സ്വപ്നം ചാർളിയിൽ നിന്ന് പറിച്ചെടുക്കപ്പെടുന്നത്. വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഒടുവിൽ ചാർളി കാട്ടിലേക്ക് മടങ്ങുന്നത്. 

charlie finally released to forest after 40 years of captivity

ഹരാരേ: നാല് ദശാബ്ദങ്ങൾ നീണ്ട തടവ് കാലത്തിനൊടുവിൽ ചാർളിക്ക് സ്വാതന്ത്ര്യം. ദക്ഷിണ ആഫ്രിക്കയിലെ മൃഗശാലയിൽ പാർപ്പിച്ചിരുന്ന അവസാനത്തെ ആനയേയും ഒടുവിൽ കാട്ടിൽ തുറന്നുവിട്ടു. നാൽപത് വർഷങ്ങൾ നീണ്ട മൃഗശാലവാസത്തിന് ഒടുവിലാണ് ചാർളിയെന്ന ആഫ്രിക്കൻ ആനയ്ക്ക് മോചനത്തിനുള്ള വഴിയൊരുങ്ങിയത്. 1984ൽ സിംബാബ്‌വെയിലെ ഹ്വാംഗെയിൽ നിന്നാണ് ചാർളി പിടിയിലാകുന്നത്. ചാർളിക്ക് വെറും രണ്ട് വയസ് പ്രായമുള്ളപ്പോഴായിരുന്നു ഇത്.

സിംബാബ്‌വെയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ബോസ്വെൽ വിൽകീ സർക്കസിലേക്ക് എത്തിച്ച ചാർളിയെ വിവിധ വിദ്യകൾ പരിശീലിപ്പിച്ച് പ്രകടനങ്ങൾ നടത്തി. 2000ത്തോടെയാണ് ദക്ഷിണാഫ്രിക്കയിലെ മൃഗശാലയിലേക്ക് ചാർളിയെത്തുന്നത്. അടുത്തിടെയാണ് ചാർളിയുടെ ആരോഗ്യം കണക്കിലെടുത്ത് കാട്ടിൽ വിടണമെന്ന ആവശ്യം മൃഗസംരക്ഷണം പ്രവർത്തകർ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ചാർളിയെ കാട്ടിലേക്ക് തുറന്ന് വിട്ടത്. മൃഗശാലയിൽ നിന്ന് നാല് മണിക്കൂർ നേരത്തെ യാത്രയ്ക്ക് ഒടുവിലാണ് ലിംപോപോ പ്രവിശ്യയിലെ ശംഭാളയിലെ സംരക്ഷിത വനത്തിലേക്ക് ചാർളിയെ എത്തിച്ചത്. 

ദക്ഷിണാഫ്രിക്കൻ സർക്കാരുമായുള്ള നികന്തര ചർച്ചകൾക്കൊടുവിലാണ് ചരിത്ര നേട്ടമെന്നാണ് വന്യമൃഗ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇഎംഎസ് ഫൌണ്ടേഷൻ ചൊവ്വാഴ്ച നടപടിയേക്കുറിച്ച് പ്രതികരിച്ചത്. മൃഗശാലകളിൽ വന്യജീവികൾ നേരിടുന്ന പീഡനങ്ങളേക്കുറിച്ച് ശാസ്ത്രീയമായ തെളിവുകൾ അടക്കം നിരത്തിയായിരുന്നു ഇഎംഎസ് ഫൌണ്ടേഷൻ സർക്കാരുമായി ചർച്ചകൾ നടത്തിയത്. എന്നാൽ ഈ രേഖകൾ മൃഗശാല നടത്തിയിരുന്ന ദക്ഷിണാഫ്രിക്കൻ നാഷണൽ ബയോഡൈവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് നിഷേധിച്ചിരുന്നു. ഏറെക്കാലമായി സർക്കസുകളിലും മറ്റും കഴിഞ്ഞ ചാർളിക്ക് കാട്ടിൽ തനിച്ചുള്ള അതിജീവനം ദുഷ്കരമാകുമെന്നായിരുന്നു മൃഗശാല അധികൃതർ വിശദമാക്കിയത്. 

ആയിരം ഹെക്ടർ റിസർവ് വനത്തിലേക്കാണ് ചാർളിയെ തുറന്ന് വിട്ടിരിക്കുന്നത്. നിരവധി ആനകളും മറ്റു മൃഗങ്ങളുമാണ് ഈ റിസർവ് വനത്തിലുള്ളത്. ചാർളിയ്ക്ക് കുറച്ച് കാലത്തേക്ക് തുടർച്ചയായുള്ള നിരീക്ഷണം വനംവകുപ്പ് ഉറപ്പാക്കും. കാടുമായി പൂർണമായി ഇണങ്ങുന്നത് വരെ ചാർളിയെ നിരീക്ഷിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിൽ 25000ലേറെ ആനകളാണുള്ളത്. വലിയ രീതിയിൽ വേട്ടക്കാരുടെ ഭീഷണി നേരിടുന്ന ജീവികൾ കൂടിയാണ് ആഫ്രിക്കൻ ആനകൾ. ആയിരക്കണക്കിന് ആനകളാണ് അനധികൃതമായി ഇവിടെ ആനക്കൊമ്പിനായി കൊന്ന് തള്ളുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios