1 ലക്ഷത്തിന് മുകളിൽ വില വരുന്ന സമ്മാനവുമായി വന്നാൽ മതി, വധുവിന്റെ ആജ്ഞ കേട്ട് ഞെട്ടി സുഹൃത്ത്
തന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾ നിർബന്ധമായും ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന സമ്മാനം കൊണ്ടുവരണം എന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാഹത്തിന് അതിഥികൾ സമ്മാനം കൊണ്ടുവരാറുണ്ട്. അത് മിക്കവരും അവർക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഒക്കെ ആയിരിക്കും കൊണ്ടുവരുന്നത്. ചിലരാവട്ടെ പണമായിരിക്കും നൽകുന്നത്. മറ്റ് ചിലർ തങ്ങളുടെ സുഹൃത്തുക്കളോട് വിവാഹസമ്മാനമായി തനിക്ക് ഇന്നത് വാങ്ങിത്തന്നാൽ മതി എന്ന് പറയാറുണ്ട്. എന്നാൽ, സ്കോട്ട്‍ലാൻഡിൽ നിന്നുള്ള ഈ യുവതി അതിഥികളോട് ആവശ്യപ്പെട്ടത് അല്പം കൂടിപ്പോയില്ലേ എന്ന് നമുക്ക് തോന്നും.
തന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾ നിർബന്ധമായും ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന സമ്മാനം കൊണ്ടുവരണം എന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. യുവതിയുടെ കൂട്ടുകാരിയും ബ്രൈഡ്‍സ്മെയ്ഡുമായ യുവതിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തന്റെ കൂട്ടുകാരി വിവാഹത്തിന് അതിഥികളോട് നിർബന്ധമായും ഒരുലക്ഷത്തിന് മുകളിൽ വില വരുന്ന സമ്മാനം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ, അന്ന് ധരിക്കേണ്ട വസ്ത്രമടക്കം വാങ്ങാൻ തന്നെ വലിയ ചിലവാണ്. തന്റെ കയ്യിൽ അത്രയും വലിയ സമ്മാനം വാങ്ങാനുള്ള കാശില്ല എന്നും യുവതി പറയുന്നു. അത് മാത്രമല്ല പ്രശ്നം. മറ്റ് ബ്രൈഡ്‍സ്‍മെയ്ഡുകളെല്ലാം തന്നെ ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന സമ്മാനങ്ങൾ കൂട്ടുകാരിക്ക് നൽകാൻ വാങ്ങിക്കഴിഞ്ഞു. തനിക്ക് മാത്രമാണ് കാശില്ലാത്തത്. താനാകെ ധർമ്മസങ്കടത്തിലാണ് എന്നാണ് യുവതി പറയുന്നത്.
സുഹൃത്ത് ദൂരെയാണ് താമസിക്കുന്നത്. അവളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് വേണ്ടി താൻ സമയവും പണവും ചെലവഴിച്ചിട്ടുണ്ട്. വധുവിനുള്ള മുറിയും മറ്റും അലങ്കരിക്കുന്നതിന് വേണ്ടിയും താൻ ഒരുപാട് കഷ്ടപ്പെടുകയും പണം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ വില കൂടിയ ഒരു സമ്മാനം കൂടി വാങ്ങുക എന്നത് തനിക്ക് ബുദ്ധിമുട്ടാണ്. അതാവശ്യപ്പെട്ടതും ശരിയായില്ല. വിവാഹത്തിന് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയിലാണ് താൻ എന്നും യുവതി പറഞ്ഞതായി സൺ റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം