ആധുനിക മനുഷ്യരുണ്ടായത് ഈ പ്രദേശത്ത്, മനുഷ്യന്‍റെ 'മാതൃരാജ്യം' ഇതോ?
ഈ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളുടെ രക്തസാമ്പിളുകൾ ഗവേഷകർ ശേഖരിക്കുകയും അവരുടെ ഡിഎൻഎ നിരീക്ഷിക്കുകയും ചെയ്തു. അതിനുശേഷം ഈ ഡാറ്റകൾ തമ്മിൽ താരതമ്യം ചെയ്തു.
ആദ്യകാലം മുതലേ മനുഷ്യനെ അത്ഭുതപ്പെടുത്തുന്നതാണ് അവന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള ചരിത്രം. ഒരുപാടു പരിണാമങ്ങളിലൂടെ മനുഷ്യർ കടന്നുപോയിട്ടുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇന്ന് നമ്മൾ കാണുന്ന ആധുനിക മനുഷ്യന്‍റെ ഉത്ഭവം എവിടെനിന്നാണ് എന്നത് ഇപ്പോഴും അജ്ഞാതമായിത്തന്നെ തുടരുന്നു. ഒരുപാട് ചർച്ചകൾക്കും, പഠനങ്ങൾക്കുംശേഷം ഒരുകൂട്ടം ശാസ്ത്രജ്ഞർ അതിന് ഉത്തരം കണ്ടെത്തുകയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അധിവസിച്ചിരുന്ന ഹോമോ സാപ്പിയൻസാണ് ഇന്നത്തെ മനുഷന്‍റെ പൂർവികർ എന്ന് അവർ കണ്ടെത്തിയിരിക്കുന്നു.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, വടക്കൻ ബോട്സ്വാനയിലെ ഫലഭൂയിഷ്ഠമായ നദീതടമാണ് എല്ലാ മനുഷ്യരുടെയും ആദ്യഗൃഹം. 200,000 വർഷങ്ങൾക്ക് മുമ്പ് സാംബെസി നദിയുടെ തെക്ക് ഭാഗത്തുള്ള ഒരു തണ്ണീർത്തടത്തിന് സമീപത്താണ് നമ്മുടെ പൂർവികർ അധിവസിച്ചിരുന്നതത്രെ. ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പൂർവികർ ഏകദേശം 70,000 വർഷത്തോളം ഇവിടെ കഴിഞ്ഞിരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഈ സ്ഥലം നമീബിയയായും സിംബാബ്‌വെയായും അതിരുകൾ പങ്കിടുന്നു.
ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയായി ഒരുപാടുകാലം ഈ പ്രദേശം കണക്കാക്കപ്പെട്ടിരുന്നു. 110,000 -നും 130,000 -നും ഇടയിൽ ഭൂമി വലിയ രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമായി. കാലാവസ്ഥ വ്യതിയാനം ഈ താഴ്വരയ്ക്ക് പുറത്തുള്ള ഭൂമിയെ ഫലഭൂയിഷ്ഠമാക്കി. പൂർവ്വികരിൽ ഭൂരിഭാഗവും ഈ പ്രദേശങ്ങളിലേക്ക് കുടിയേറാൻ ഇത് കാരണമായി. ക്രമേണ ലോകത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കും ഇവർ വ്യാപിച്ചു.
ഓസ്‌ട്രേലിയയിലെ ജനിതകശാസ്ത്രജ്ഞയായ പ്രൊഫസർ വനേസ ഹെയ്‍സ് പറയുന്നു, ''ആധുനിക മനുഷ്യരുടെ ഉത്ഭവം ആഫ്രിക്കയിലാണ് എന്നത് കുറച്ചുകാലമായി കണ്ടെത്തിയിട്ട്. എന്നാൽ, കൃത്യമായ സ്ഥലവും, ആവിർഭാവവും, തുടർന്നുള്ള വ്യാപനവുമാണ് കണ്ടെത്താൻ കഴിയാത്തതിരുന്നത്.''
ഈ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളുടെ രക്തസാമ്പിളുകൾ ഗവേഷകർ ശേഖരിക്കുകയും അവരുടെ ഡിഎൻഎ നിരീക്ഷിക്കുകയും ചെയ്തു. അതിനുശേഷം ഈ ഡാറ്റകൾ തമ്മിൽ താരതമ്യം ചെയ്തു. ഭൗതികശാസ്ത്രവും ഭൂമിശാസ്ത്രവും ജനിതകശാസ്ത്രവും ഒന്നിച്ചു ചേർത്ത് 200,000 വർഷങ്ങൾക്കുമുമ്പ് ഉണ്ടായിരുന്ന ഒരു ലോകത്തെ പുനർസൃഷ്ടിക്കാൻ അവർ ശ്രമിക്കുകയായിരുന്നു.
ഇങ്ങനെ നടത്തിയ പഠനത്തിൽ ആധുനിക വിക്ടോറിയ തടാകത്തിന്‍റെ ഇരട്ടി വലിപ്പമുള്ള ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ മക്ഗാദിക്ഗാഡി തടാകവും ഈ പ്രദേശത്തായിരുന്നുവെന്ന് അവർക്ക് കണ്ടെത്താൻ സാധിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ മഴയിൽ മാറ്റം വരുത്തിയതായും അവർ കണ്ടെത്തി.
കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊഫസർ ആക്‌സൽ ടിമ്മർമാൻ പറയുന്നതനുസരിച്ച്, “കാലാവസ്ഥയിലെ ഈ മാറ്റങ്ങൾ സസ്യങ്ങളുടെ വളർച്ചക്ക് കാരണമായി. ഇതനുസരിച്ച് ആദ്യത്തെ കുടിയേറ്റക്കാർ വടക്കുകിഴക്കൻ ഭാഗത്തേക്കും, പിന്നീടുള്ളവർ തെക്കുപടിഞ്ഞാറൻ ഭാഗത്തേക്കും പോയി. മൂന്നാമത്തെ ജനസംഖ്യ ക്രമേണ വരണ്ട പ്രദേശങ്ങളുമായി പൊരുത്തപ്പെട്ട് മാതൃരാജ്യത്ത് തന്നെ തുടർന്നു. മാതൃരാജ്യത്ത് തുടരുന്ന ഇവരെ ഇന്നും വലിയ കലഹാരി മേഖലയിൽ കണ്ടെത്താനാകും.