ഒരുകോടി വരുമാനമുണ്ട്, പക്ഷെ കുട്ടികളേ വെണ്ടെന്ന് ദമ്പതികൾ, കാരണം ചിലവ് താങ്ങാനാവില്ല
മോശമല്ലാത്ത വരുമാനം തങ്ങൾക്കുണ്ടെങ്കിലും അതൊരു കുട്ടിയെ വളർത്താൻ പ്രാപ്തമാണ് എന്ന് ഇവർ കരുതുന്നില്ല.
കുട്ടികളെ വളർത്തുക എന്നത് ഒട്ടും എളുപ്പമുള്ള ഒന്നല്ല. അതിന് ശാരീരികമായും മാനസികമായും നല്ല അധ്വാനമുണ്ട്. അതുകൊണ്ടും തീർന്നില്ല, നല്ല സാമ്പത്തികസ്ഥിതിയും ആവശ്യമാണ്. അതിനാൽ തന്നെ പലരും ഇന്ന് കുട്ടികൾ വേണ്ട എന്ന് തീരുമാനം കൈക്കൊള്ളുന്നുണ്ട്. പ്രധാനമായും വിദേശരാജ്യങ്ങളിലാണ് യുവാക്കൾ വിവാഹം വേണ്ട, കുട്ടികൾ വേണ്ട തുടങ്ങിയ തീരുമാനങ്ങൾ ഒക്കെ എടുക്കുന്നത്. അതിൽ പെട്ട ദമ്പതികളാണ് കാലിഫോർണിയയിൽ നിന്നുള്ള 35 -കാരി ബെക്കി ക്വിന്നും ഭർത്താവ് 36 -കാരൻ സേവ്യർ കൊയ്ലോ-കോസ്റ്റോൾനിയും.
ഇരുവർക്കും കൂടി വരുമാനം $200,000 (ഏകദേശം ഒരു കോടി) ആണ്. എങ്കിലും, കുട്ടികളെ വളർത്തുക എന്നത് വലിയ ചിലവാണ് എന്നും അതിനാൽ കുട്ടികൾ ഇല്ലാതെ തുടരാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നുമാണ് ബെക്കിയും ഭർത്താവ് സേവ്യറും പറയുന്നത്. റിപ്പോർട്ടുകൾ പറയുന്നത്, കുട്ടികളെ വളർത്തുക എന്നത് യുഎസ്എയിൽ വലിയ ചിലവുള്ള കാര്യമാണ് എന്നാണ്. ഒരു കുട്ടിയെ 17 വയസ് വരെ വളർത്തുന്നതിന് 2.5 കോടി രൂപ വരെ ചെലവ് വരും എന്നാണ് കണക്കുകൾ പറയുന്നത്.
ആദ്യം ബെക്കിക്കും സേവ്യറിനും കുട്ടികൾ വേണം എന്നായിരുന്നു ആഗ്രഹം. വീഡിയോ ഗെയിം 3D മോഡൽ ഡിസൈനറാണ് സേവ്യർ, നടിയും എഴുത്തുകാരിയുമാണ് ബെക്സി. മോശമല്ലാത്ത വരുമാനം തങ്ങൾക്കുണ്ടെങ്കിലും അതൊരു കുട്ടിയെ വളർത്താൻ പ്രാപ്തമാണ് എന്ന് ഇവർ കരുതുന്നില്ല. ചില നേരത്ത് ഒരു കുട്ടിയെ വളർത്താനുള്ള സാമ്പത്തികാവസ്ഥ പോലും ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ ദേഷ്യം തോന്നും. എന്നാൽ, കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ കുറ്റബോധമില്ല, പകരം കുട്ടികൾ വേണമെന്ന് തീരുമാനം എടുത്തിരുന്നെങ്കിൽ ചിലപ്പോൾ കുറ്റബോധം തോന്നിയേനെ എന്നാണ് ദമ്പതികൾ പറയുന്നത്.
ബെക്കിയേയും സേവ്യറിനെയും പോലെ നിരവധിപ്പേരാണ് ഇന്ന് കനത്ത ചെലവ് വരുന്നത് കാരണം കുട്ടികൾ വേണ്ട എന്ന തീരുമാനം എടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം