എന്റമ്മോ ഇങ്ങനെ നോക്കല്ലേ; ബംഗളൂരുവിലെ കടയിലെ 'ദേഷ്യപ്പെടുന്ന സ്ത്രീ', വൈറൽ ചിത്രം
സ്ത്രീയുടെ ചിത്രത്തിന് താഴെയാണ് തക്കാളിയടക്കം പച്ചക്കറികൾ വച്ചിരിക്കുന്നത്. ആരെങ്കിലും പച്ചക്കറി മോഷ്ടിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ സ്ത്രീയുടെ ചിത്രം കാണുന്നതോടെ ആ ചിന്ത മടക്കി പോക്കറ്റിൽ വയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.
കുറച്ച് ദിവസങ്ങളായി ബംഗളൂരുവിലെ ഒരു പച്ചക്കറിക്കടയിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിഹാരിക റാവു എന്ന യൂസർ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്ന ചിത്രം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
വളരെ കൗതുകം തോന്നിക്കുന്ന ഒരു ചിത്രമാണ് നിഹാരിക ഷെയർ ചെയ്തിരിക്കുന്നത്. ബംഗളൂരുവിലെ പച്ചക്കറിക്കടയിൽ കാണുന്ന ഈ ചിത്രത്തിലുള്ളത് ദേഷ്യപ്പെടുന്ന ഒരു സ്ത്രീയാണ്. വെറും ദേഷ്യമൊന്നുമല്ല കണ്ണൊക്കെ മിഴിച്ച് അവരങ്ങനെ നോക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ആരു കണ്ടാലും ഒന്ന് പേടിച്ചുപോകും എന്ന് സാരം. സ്ത്രീയുടെ ചിത്രത്തിന് താഴെയാണ് തക്കാളിയടക്കം പച്ചക്കറികൾ വച്ചിരിക്കുന്നത്. ആരെങ്കിലും പച്ചക്കറി മോഷ്ടിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ സ്ത്രീയുടെ ചിത്രം കാണുന്നതോടെ ആ ചിന്ത മടക്കി പോക്കറ്റിൽ വയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.
എന്തിന് മോഷണം പോയിട്ട്, വില കുറച്ച് തരുമോ എന്നോ കുറച്ച് മല്ലിയില ഫ്രീയായി തരുമോ എന്നൊന്നും തന്നെ ചോദിക്കാൻ തോന്നില്ല. അതിന് വേണ്ടി തന്നെയാണ് തോന്നുന്നു കടക്കാരൻ ഈ ചിത്രം അവിടെ വച്ചിരിക്കുന്നത്. എന്തായാലും, വളരെ രസകരമായ കമന്റുകളാണ് ആളുകൾ ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്.
'ഇത് വളരെ പേടിപ്പിക്കുന്ന ചിത്രം തന്നെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഒരാൾ നിങ്ങളെ ഇതുപോലെ നോക്കിക്കൊണ്ടിരുന്നാൽ നിങ്ങൾക്ക് പ്രണയത്തിലാവാൻ പോലും സാധിക്കില്ല' എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. വേറൊരാൾ പറഞ്ഞതാകട്ടെ 'ഈ ചിത്രം കണ്ട ശേഷം എങ്ങനെ നിങ്ങൾക്ക് രാത്രിയിൽ കിടന്നുറങ്ങാൻ സാധിക്കും' എന്നാണ്.
അതേസമയം എന്തുകൊണ്ടാണ് കടയിൽ ഇങ്ങനെ ഒരു ചിത്രം വച്ചിരിക്കുന്നത് എന്നതിനെ ചൊല്ലിയും നിരവധി ചർച്ചകൾ നടന്നു. കടയ്ക്ക് കണ്ണ് തട്ടാതിരിക്കാൻ വേണ്ടിയാണ് ഈ ചിത്രം വച്ചിരിക്കുന്നത് എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. അതേസമയം ഈ ചിത്രത്തിൽ കാണുന്ന സ്ത്രീ ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം