Asianet News MalayalamAsianet News Malayalam

'ഇന്ത്യയാണ് ജീവിക്കാൻ നല്ലത്, അപരിചിതർ പോലും സഹായിക്കാനെത്തും'; അമേരിക്കൻ യുവതിയുടെ വീഡിയോ

ജീവിതത്തിൽ പണമുണ്ടായാൽ എല്ലാമായി എന്ന് ചിന്തിക്കുന്നവരാണെങ്കിൽ, അമേരിക്കയിൽ ഇന്ത്യയിലേക്കാൾ കൂടുതൽ പണമുണ്ടാക്കാം, നിങ്ങൾ അവിടെ ഹാപ്പിയായിരിക്കും എന്നും ക്രിസ്റ്റൻ പറയുന്നുണ്ട്.

american woman living in india says why she chose india than her country
Author
First Published Sep 26, 2024, 12:18 PM IST | Last Updated Sep 26, 2024, 12:18 PM IST

ഇന്ത്യ സന്ദർശിക്കാൻ ഒരുപാട് വിദേശികൾ എത്താറുണ്ട്. ഇന്ന് അതിലേറെയും കണ്ടന്റ് ക്രിയേറ്റർമാരാണ്. അടുത്തിടെയായി ഒരുപാട് പേർ, ഇന്ത്യ സന്ദർശിക്കാൻ കൊള്ളാത്ത ഒരിടമാണ് എന്ന തരത്തിലുള്ള വീഡിയോകൾ ചെയ്യുന്നതും അതിന് വിമർശനങ്ങളേറ്റു വാങ്ങുന്നതും നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, കുറേ വർഷങ്ങളായി സ്വന്തം നാട് വിട്ട് ഇന്ത്യയിൽ വന്ന് ജീവിക്കുന്ന ഒരു അമേരിക്കൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ‌ വൈറലായി മാറുന്നത്. 

ക്രിസ്റ്റൻ ഫിഷർ എന്ന യുവതി തന്റെ ഭർത്താവിനൊപ്പം 2017 -ലാണ് ആദ്യമായി ഇന്ത്യയിലെത്തിയത്. അമേരിക്കയിൽ കുറച്ചുകൂടി വ്യക്തി കേന്ദ്രീകൃതമായുള്ള ജീവിതമാണ് എന്നും സാമൂഹികമായി ഒറ്റപ്പെട്ടിരിക്കുന്നവരാണ് എന്നുമാണ് ക്രിസ്റ്റന്റെ അഭിപ്രായം. പണത്തേക്കാൾ കൂടുതലായി ജീവിതത്തിൽ വേറെയും കാര്യങ്ങളുണ്ട് എന്ന് ഇന്ത്യയിലെ ജീവിതത്തിൽ‌ നിന്നുമാണ് തനിക്ക് മനസിലായത്. ഇന്ത്യയിൽ വന്നപ്പോഴാണ് താൻ സന്തോഷവും പൂർണതയും അനുഭവിച്ച് തുടങ്ങിയത് എന്നും ക്രിസ്റ്റൻ പറയുന്നുണ്ട്. 

താൻ അമേരിക്കയിലെ ജീവിതമല്ല, ഇന്ത്യയിലെ ജീവിതമാണ് തെരഞ്ഞെടുത്തത് എന്നും അവൾ പറയുന്നു. എന്തുകൊണ്ടാണ് താൻ അമേരിക്ക വിട്ട് ഇന്ത്യയിൽ വന്ന് ജീവിക്കാൻ തീരുമാനിച്ചത് എന്നതിനുള്ള ഉത്തരമാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. തന്നെ തെറ്റായി ധരിക്കരുത്, താൻ അമേരിക്കയേയും സ്നേഹിക്കുന്നു. താൻ അവിടെയാണ് വളർന്നത്. തനിക്കവിടെ കുടുംബമുണ്ട്. അതൊരു മികച്ച സ്ഥലം തന്നെയാണ്. എന്നാൽ, അതിന് അതിന്റേതായ പ്രശ്നങ്ങളും ഉണ്ട്. 

അമേരിക്ക കൂടുതലും വ്യക്തിഗതമായ ഒരു സമൂഹമാണ്. വളരെ സാമൂഹികമായി ഒറ്റപ്പെട്ടു കിടക്കുന്നതാണ്. അവിടെ തങ്ങൾക്ക് അറിയാത്ത ആളുകളെ സഹായിക്കാൻ ആളുകൾ തയ്യാറാവാറില്ല. എന്നാൽ, ഇന്ത്യയിലെ ജീവിതം പല നിറവും സംസ്കാരവും സമൂഹവും എല്ലാത്തിലുമപരി ഇതിലെല്ലാം ഒത്തൊരുമയുള്ളതുമാണ് എന്നും ക്രിസ്റ്റൻ പറയുന്നുണ്ട്. ആളുകൾ ആതിഥ്യമരുളാൻ മടി കാണിക്കാത്തവരാണ്, ആളുകളെ സഹായിക്കാൻ മുന്നോട്ട് വരുന്നവരാണ്. തൻ്റെ കുട്ടികൾ ഇന്ത്യയിൽ കൂടുതൽ വിജയകരമായ ജീവിതത്തിനും ഭാവിക്കും വേണ്ടി സജ്ജരാകുകയാണ് എന്നും ക്രിസ്റ്റൻ പറയുന്നു.

ജീവിതത്തിൽ പണമുണ്ടായാൽ എല്ലാമായി എന്ന് ചിന്തിക്കുന്നവരാണെങ്കിൽ, അമേരിക്കയിൽ ഇന്ത്യയിലേക്കാൾ കൂടുതൽ പണമുണ്ടാക്കാം, നിങ്ങൾ അവിടെ ഹാപ്പിയായിരിക്കും എന്നും ക്രിസ്റ്റൻ പറയുന്നുണ്ട്. ക്രിസ്റ്റൻ പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി ഒരുപാട് പേർ വന്നിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios