ലോകത്തിലെ ഏറ്റവും വലിയ നദിയും വരളുന്നുവോ? ആമസോണിന് സംഭവിക്കുന്നതെന്ത്?
വേനല്‍ക്കാലത്ത് നദിക്ക് 4 മുതൽ 5 കിലോമീറ്റർ വരെ വീതിയുണ്ടാകും. അതേസമയം മഴക്കാലത്ത് ഇത് 50 കിലോമീറ്ററായി വികസിക്കുകയും ചെയ്തിരുന്ന നദിക്കാണ് ഇപ്പോള്‍ ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.
കലാവസ്ഥാ വ്യതിയാനം ഇന്ന് മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് നല്‍കികൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ അതിവര്‍ഷവും അതിശക്തമായ വരൾച്ചയും ഉഷ്ണതരംഗവും ചുഴലിക്കാറ്റുകളും ഭൂമിയിലെമ്പാടും വർദ്ധിച്ചതായാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്ത് വരുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ലോകത്തെ ഏറ്റവും വലിയ നദിയായ ആമസോണ്‍ നദി വറ്റുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. ആമസോണിന്‍റെ വരൾച്ച കാലാവസ്ഥ വിദഗ്ദരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആമസോൺ നദിയിലെ മണൽത്തിട്ടയില്‍ ഡോൾഫിന്‍റെ ജഡം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. തടാകത്തിലെ ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ജലത്തിന്‍റെ താപനില ഉയരുന്നതായും ഇത് നദീജല ജീവികളുടെ ജീവന് വലിയ ഭീഷണി സൃഷ്ടിക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുുന്നു. കഴിഞ്ഞ വര്‍ഷമാത്രം നദീ ജലത്തിലെ കടുത്ത താപനിലയെ തുടര്‍ന്ന് ടെഫെ തടാകത്തിൽ വംശനാശഭീഷണി നേരിടുന്ന 200 ലധികം ശുദ്ധജല ഡോൾഫിനുകൾ ചത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആമസോണ്‍ നദിയിലെ താപനില അതിന്‍റെ വരള്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്.
ഭൂകമ്പത്തിനിടെ തന്‍റെ പൂച്ചകളെ സംരക്ഷിക്കാനോടുന്ന കുട്ടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആമസോൺ തടത്തിലെ പ്രധാന നദീ ശാഖകൾ വരള്‍ച്ചയെ തുടര്‍ന്ന് വറ്റി. പിന്നാലെ സോളിമോസ് നദിയുമായി ബന്ധിപ്പിച്ചിരിക്കുന്ന തടാകത്തിലെ ജല നിരപ്പ് കുത്തനെ കുറഞ്ഞു. ഇതോടെ ഡോൾഫിനുകൾക്ക് അവരുടെ ഇഷ്ടപ്പെട്ട ആവാസവ്യവസ്ഥ പരിമിതപ്പെട്ടു. 2 മീറ്റർ (6.5 അടി) ആഴവും 100 മീറ്റർ വീതിയുമുള്ള തടാകത്തിൽ ഇപ്പോഴുള്ള ബോട്ടുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കൂടിയായതോടെ ആഴം കുറഞ്ഞ വെള്ളത്തില്‍ പരസ്പരം കൂട്ടിയിടിച്ചും ബോട്ടുകളില്‍ ഇടിച്ചും ഡോള്‍ഫിനുകള്‍ ചത്തുപൊങ്ങുന്നത് കൂടി.
"ഈ വരൾച്ച ഇത്ര വേഗത്തിൽ വരുമെന്നോ അല്ലെങ്കിൽ ഇത് കഴിഞ്ഞ വർഷത്തെ തീവ്രതയെ മറികടക്കുമെന്നോ ആരും പ്രതീക്ഷിച്ചില്ല." എന്ന് പ്രദേശവാസിയായ മത്സ്യത്തൊഴിലാളി ക്ലോഡോമർ ലിമ പറയുമ്പോള്‍ അതില്‍ വരള്‍ച്ചയുടെ അപ്രതീക്ഷിത വരവും തീവ്രതയും വ്യക്തം. ഇനിയും ഒരുമാസത്തോളം പ്രദേശത്ത് വരണ്ട കാലാവസ്ഥ നിലനില്‍ക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇത് ജലനിരപ്പ് കൂടുതല്‍ താഴാനും ജലജീവികളുടെ ജീവനെ പ്രതികൂലമായി ബാധിക്കാനുമുള്ള സാധ്യത കൂട്ടി. ശുദ്ധജല ഡോൾഫിനുകളായ പിങ്ക് ഡോള്‍ഫിനുകള്‍ക്ക് പ്രശസ്തമാണ് ആമസോണ്‍ നദി.
അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ അളവിൽ ജലം വഹിക്കുന്ന നദികൂടിയാണ് ആമസോൺ നദി. 5,598 മീറ്റർ ഉയരത്തിൽ പെറുവിയൻ ആൻഡീസിൽ നിന്നാണ് ആമസോണ്‍ നദി ഉത്ഭവിക്കുന്നത്. പസഫിക് സമുദ്രത്തിൽ നിന്ന് വെറും 192 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കാർഹുവസാന്ത എന്ന ചെറിയ പോഷകനദിയായാണ് ഇതിന്‍റെ തുടക്കം. സമുദ്രങ്ങളിലേക്ക് ഒഴുകുന്ന ലോകത്തിലെ ശുദ്ധജലത്തിന്‍റെ ആറിലൊന്ന് ആമസോണിന്‍റെ 320 കിലോമീറ്റർ വീതിയുള്ള ഡെൽറ്റയിലൂടെ അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു.
ഋതുക്കൾക്കനുസരിച്ച് നദിയുടെ വീതിയില്‍ വ്യത്യാസം സംഭവിക്കുന്നു. വേനല്‍ക്കാലത്ത് നദിക്ക് 4 മുതൽ 5 കിലോമീറ്റർ വരെ വീതിയുണ്ടാകും. അതേസമയം മഴക്കാലത്ത് ഇത് 50 കിലോമീറ്ററായി വികസിക്കുകയും ചെയ്യുന്നു. നദിയുടെ അതിശക്തമായ ഒഴുക്കില്‍പ്പെട്ടാല്‍ മണിക്കൂറില്‍ 7 കിലോമീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കാം. പ്രധാന പോകഷനദിയായ സോളിമോസ് നദി, കൊളംബിയയുമായി അതിർത്തി പങ്കിടുന്ന ബ്രസീലിയൻ പട്ടണമായ തബറ്റിംഗയിലാണ് ആമസോണുമായി ചേരുന്നത്. ഈ വരള്‍ച്ചാ കാലത്ത് സോളിമോസ് നദി ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം സോളിമോസ് നദിയുടെ പല കൈവഴികളും ഇതിനകം വറ്റിവരണ്ടു. നേരത്തെ ബോട്ടുകള്‍ ഓടിയിരുന്ന പല പോഷക നദികളും ഇന്ന് മണല്‍കൂനകളായി മാറി. ആമസോണില്‍ ഇനിയും വരള്‍ച്ച ശക്തമായാല്‍ അത് വടക്ക് തെക്കന്‍ അമേരിക്കന്‍ വന്‍കരകളെ പ്രതികൂലമായി ബാധിക്കും. ഇത് ജലവൈദ്യുത പദ്ധികളെ ആശ്രയിക്കുന്ന ബ്രസീലില്‍ മാസങ്ങളോളും വൈദ്യുതി തടസത്തിന് ഇടയാക്കും
ബ്രസീലിലും സമീപ രാജ്യങ്ങളിലും വരള്‍ച്ച ശക്തമാകുമ്പോള്‍ യുഎസില്‍ ഇത് കാട്ടുതീ ഉയര്‍ത്തുന്ന പുക ശല്യം രൂക്ഷമാക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.