50 കൊല്ലം മുമ്പ് പശു തിന്ന റോളക്സ് വാച്ച് തിരികെ കിട്ടി, അമ്പരന്ന് കർഷകൻ
പശുവിന്റെ പിന്നാലെ ദിവസങ്ങളോളം ഈ വാച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ കർഷകൻ നടക്കുകയും ചെയ്തു. എന്നാൽ, നിരാശയായിരുന്നു ഫലം.
50 വർഷം മുമ്പ് പശു തിന്ന തന്റെ വിലയേറിയ റോളക്സ് വാച്ച് തിരികെ കിട്ടിയ അമ്പരപ്പിലാണ് ബ്രിട്ടനിൽ നിന്നുള്ള കർഷകൻ ജെയിംസ് സ്റ്റീലി. 1970 -കളിലാണ് സ്റ്റീലിക്ക് തന്റെ പ്രിയപ്പെട്ട വാച്ച് നഷ്ടപ്പെട്ടത്. ചെയിൻ പൊട്ടി താഴെ വീഴുകയായിരുന്നു. പിന്നീട്, തന്റെ പശുക്കളിൽ ഏതെങ്കിലും തന്നെ അത് തിന്നിട്ടുണ്ടാവാമെന്നാണ് അയാൾ കരുതുന്നത്.
എന്നാൽ, അര നൂറ്റാണ്ടിന് ശേഷം സ്റ്റീലിക്ക് അതേ വാച്ച് ഇപ്പോൾ തിരികെ കിട്ടിയിരിക്കുകയാണ്. വായ നിറയെ പുല്ലിനൊപ്പം പശു ഈ വാച്ച് കൂടി തിന്നിട്ടുണ്ടാവാം എന്നാണ് മൃഗഡോക്ടർ സ്റ്റീലിയോട് പറഞ്ഞത്. പശുവിന്റെ പിന്നാലെ ദിവസങ്ങളോളം ഈ വാച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ കർഷകൻ നടക്കുകയും ചെയ്തു. എന്നാൽ, നിരാശയായിരുന്നു ഫലം. വാച്ച് കിട്ടിയില്ല. ഇത്ര കാലമായിട്ടും ആ വാച്ചിനോടുള്ള ഇഷ്ടം സ്റ്റീലി മറന്നിരുന്നില്ല, എന്നാൽ അത് തിരികെ കിട്ടുമെന്ന് കരുതിയിരുന്നുമില്ല.
ഒടുവിൽ, ഒരു മെറ്റൽ ഡിറ്റക്ടറിസ്റ്റാണ് ആ വാച്ച് തന്റെ സ്ഥലത്ത് കണ്ടെത്തിയതിന് പിന്നാലെ അതിന്റെ ഉടമയായ സ്റ്റീലിയുടെ അടുത്ത് എത്തിച്ചത്. വാച്ച് തന്റെയടുത്ത് തിരികെ എത്തിയത് സ്റ്റീലിയെ അത്ഭുതപ്പെടുകയാണ് ചെയ്തത്. ഭാഗ്യം എന്നും ഈ കണ്ടെത്തലിനെ സ്റ്റീലി വിശേഷിപ്പിച്ചു. ഒരിക്കലും താനിത് പ്രതീക്ഷിച്ചിരുന്നില്ല, ഈ വാച്ച് ഇനിയെന്നെങ്കിലും ഒരിക്കൽ താൻ കാണുമെന്ന് കരുതിയിരുന്നില്ല എന്നും അയാൾ പറയുന്നു.