70 -കാരന് കാമുകിയെ വേണം, ബിൽബോർഡ് പരസ്യത്തിന് ആഴ്ചയിൽ മുടക്കുന്നത് 33,000 രൂപ
20 അടി ഉയരമുള്ള ബിൽബോർഡിൽ അൽ ഗിൽബെർട്ടിയുടെ ചിത്രവും തനിക്ക് ചേർന്ന പങ്കാളിയെ തേടുന്നതായുള്ള പരസ്യവാചകങ്ങളും ആണ് നൽകിയിരുന്നത്.
തനിക്ക് ചേർന്നൊരു പങ്കാളിയെ കണ്ടത്താൻ വേറിട്ട മാർഗവുമായി ഒരു എഴുപതുകാരൻ. ബിൽബോർഡ് പരസ്യം നൽകിയാണ് ഇദ്ദേഹത്തിന്റെ പങ്കാളിയെ തേടൽ. ഇതിനായി ഓരോ ആഴ്ചയും ഇദ്ദേഹം 33,000 രൂപ ചെലവഴിക്കുന്നതായാണ് ന്യൂയോർക്ക് പോസ്റ്റിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത്.
അമേരിക്കയിലെ ടെക്‌സാസിലെ സ്വീറ്റ്‌വാട്ടറിന് സമീപമാണ് ഈ പരസ്യബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അൽ ഗിൽബർട്ടി എന്ന 70 -കാരനാണ് ഇത്തരത്തിൽ വേറിട്ട മാർഗത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഏതായാലും അദ്ദേഹത്തിന്റെ പരസ്യം ഫലം കണ്ടു എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
പരസ്യം ചെയ്ത് രണ്ടാഴ്ചയ്ക്കിടെ 400 -ലധികം ഫോൺ കോളുകളും 50 ഇമെയിലുകളും അൽ ഗിൽബർട്ടിക്ക് ലഭിച്ചു കഴിഞ്ഞു. 20 അടി ഉയരമുള്ള ബിൽബോർഡിൽ അൽ ഗിൽബെർട്ടിയുടെ ചിത്രവും തനിക്ക് ചേർന്ന പങ്കാളിയെ തേടുന്നതായുള്ള പരസ്യവാചകങ്ങളും ആണ് നൽകിയിരുന്നത്. താൻ മുൻപ് വിവാഹിതനായിരുന്നുവെന്നും ഒരു കുട്ടിയുടെ പിതാവാണെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തനിക്ക് ലഭിച്ച കോളുകളിൽ അധികവും തന്റെ പണം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും തനിക്ക് ചേർന്ന പങ്കാളിയെ ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗിൽബെർട്ടി പറഞ്ഞു.
അതുവരെ ബിൽബോർഡ് പരസ്യം തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിശ്വസ്തത, സത്യസന്ധത, ആത്മാർത്ഥത എന്നിവയാണ് തന്റെ പങ്കാളിയായി വരുന്ന സ്ത്രീയിൽ നിന്നും താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ആവശ്യമെങ്കിൽ യുകെയിലേക്കും താമസം മാറാനും താൻ തയ്യാറാണന്നും അദ്ദേഹം സൂചിപ്പിച്ചു.
2015 മുതൽ താൻ അവിവാഹിതനാണെന്നും തന്നേക്കാൾ 26 വയസ്സിന് താഴെയുള്ള ഒരാളുമായി മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നും ഗിൽബർട്ടി പങ്കുവെച്ചു. ഏത് പ്രായത്തിലും ഏകാന്തത നമ്മെ തേടിയെത്തും എന്നതിനാൽ ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിന് പ്രായം തനിക്ക് തടസ്സമല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം