എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഒറ്റപ്പെടൽ താങ്ങാൻ വയ്യ; ശ്രദ്ധേയമായി 27 -കാരന്റെ കുറിപ്പ്
ഒരുപാട് എന്തൊക്കെയോ നൽകാനാവുന്ന മനോഹരമായ നഗരമാണ് ബെംഗളൂരു എന്നിരിക്കെ തന്നെ അവിടുത്തെ വലിയ ബഹളം തരുന്ന ഏകാന്തത ചിലപ്പോൾ സഹിക്കാനാവുന്നില്ല എന്നാണ് യുവാവ് പറയുന്നത്.
സാമൂഹിക മാധ്യമങ്ങളും വിളിച്ചാൽ അടുത്ത നിമിഷം തന്നെ കണ്ടുകൊണ്ട് സംസാരിക്കാനാവുന്ന ടെക്നോളജിയും എല്ലാമുള്ള കാലത്താണ് നാമിന്ന് ജീവിക്കുന്നത്. എന്നാൽ പോലും കടുത്ത ഏകാന്തത പേറുന്ന അനേകം യുവാക്കൾ ഇവിടെയുണ്ട് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ഏകാന്തതയും വിഷാദവും ആങ്സൈറ്റിയുമെല്ലാം കൂടി വരുന്നു. അതുപോലെ, ബംഗളൂരു നഗരത്തിലെ തന്റെ ഏകാന്തതയെ കുറിച്ച് പറയുകയാണ് ഒരു 27 -കാരൻ.
തനിച്ചാവുന്നത് നൽകുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് യുവാവ് പറയുന്നുണ്ട്. എന്നാൽ, അതേസമയം തന്നെ ഈ നഗരത്തിന്റെ തിരക്കുകൾ തന്നെ ഒറ്റപ്പെടലിലും കൊണ്ടുചെന്നെത്തിക്കുന്നു എന്നും യുവാവ് പറയുന്നു. ഒരു വശത്ത്, നിങ്ങളുടേത് മാത്രമായ ഒരു ഇടം കൊണ്ട് വരുന്ന ഒരു പ്രത്യേക സ്വാതന്ത്ര്യമുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാനും, ഇഷ്ടമുള്ളത് കാണാനും, എനിക്ക് ഇഷ്ടമുള്ള രീതിയിൽ എൻ്റെ സ്ഥലം ഒരുക്കാനും എനിക്ക് കഴിയും. എന്നാൽ മറുവശത്ത്, ആഴത്തിലുള്ള ഏകാന്തതയാണ്. പ്രത്യേകിച്ചും പുറത്തെ നഗരത്തിൻ്റെ മുഴക്കം നിങ്ങൾ കേൾക്കുകയും വീടിനകത്ത് നിശബ്ദതയും അനുഭവപ്പെടുമ്പോൾ" എന്നാണ് യുവാവ് കുറിക്കുന്നത്.
ഒരാൾ തനിച്ച് താമസിക്കുമ്പോൾ അയാൾ തന്നെ ഷെഫും, ഹൗസ് കീപ്പറും, എന്റർടെയിനറും എല്ലാം ആകേണ്ടി വരും എന്നും യുവാവ് പറയുന്നു. ഒപ്പം നിശബ്ദത വളരെ കനത്ത ദിവസങ്ങളുണ്ട്. ഒരുപാട് എന്തൊക്കെയോ നൽകാനാവുന്ന മനോഹരമായ നഗരമാണ് ബെംഗളൂരു എന്നിരിക്കെ തന്നെ അവിടുത്തെ വലിയ ബഹളം തരുന്ന ഏകാന്തത ചിലപ്പോൾ സഹിക്കാനാവുന്നില്ല എന്നാണ് യുവാവ് പറയുന്നത്.
നിരവധിപ്പേരാണ് റെഡ്ഡിറ്റിൽ യുവാവ് കുറിച്ചിരിക്കുന്ന ഈ ഏകാന്തതയെ കുറിച്ചുള്ള പോസ്റ്റിന് മറുപടിയുമായി എത്തിയത്. ഇത് ഒരു അവസരമായി എടുക്കാനാണ് യുവാവിനോട് പലരും പറഞ്ഞത്. തനിച്ച് ജീവിക്കുക എന്നത് ഒരു മികച്ച അവസരമാണ്, നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെയെല്ലാം ആസ്വദിക്കാൻ എന്നും പലരും പറഞ്ഞു.
(ചിത്രം പ്രതീകാത്മകം)