പിതാവിനെ വെടിവച്ചു കൊല്ലാൻ 6 ലക്ഷത്തിന് 16 -കാരന്റെ ക്വട്ടേഷൻ, ഇതായിരുന്നോ പകയ്‍ക്ക് കാരണം
ആറ് ലക്ഷം രൂപയാണ് 16 -കാരൻ കൊലയാളികൾക്ക് വാഗ്ദ്ധാനം ചെയ്തത്. ഒന്നരലക്ഷം രൂപ ആദ്യം നൽകി. ബാക്കി തുക അച്ഛനെ കൊലപ്പെടുത്തിയ ശേഷം നൽകുമെന്നും 16 -കാരൻ ഇവരോട് പറയുകയായിരുന്നത്രെ.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ഇന്ന് വലിയ വലിയ ക്രൈമുകളിൽ ഏർപ്പെടാറുണ്ട്. അത്തരത്തിലുള്ള അനവധി വാർത്തകളാണ് ഓരോ ദിവസവും നാം കാണുന്നത്. അതുപോലെ ഒരു വാർത്തയാണ് ഇതും. യുപിയിൽ അച്ഛനെ വെടിവച്ചു കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തി 16 -കാരനായ മകൻ. തനിക്ക് ആവശ്യത്തിനുള്ള പണം നല്കാത്തതിൽ അരിശം വന്നിട്ടാണത്രെ മകൻ അച്ഛനെ കൊല്ലാൻ ആളുകളെ ഏർപ്പാടാക്കിയത്.
മുഹമ്മദ് നയീം എന്ന 50 -കാരനായ ബിസിനസുകാരനാണ് മകൻ നൽകിയ ക്വട്ടേഷനെ തുടർന്ന് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ പാറ്റിയിൽ വെച്ചാണ് ബൈക്കിലെത്തിയ മൂന്ന് അക്രമികൾ മകന്റെ ക്വട്ടേഷനേറ്റെടുത്ത് നയീമിനെ വെടിവെച്ച് കൊന്നത്. സംഭവത്തെ തുടർന്ന് മകനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് പിടിഐയോട് പറഞ്ഞു.
പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നീ മൂന്ന് അക്രമികളെയും അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ദുർഗേഷ് കുമാർ സിംഗ് പറഞ്ഞു. ചോദ്യം ചെയ്യലിലാണ്, മരിച്ചയാളുടെ മകനാണ് തങ്ങളെ ഈ ജോലി ഏല്പിച്ചത് എന്ന് പ്രതികൾ വെളിപ്പെടുത്തിയത്. ആറ് ലക്ഷം രൂപയാണ് 16 -കാരൻ കൊലയാളികൾക്ക് വാഗ്ദ്ധാനം ചെയ്തത്. ഒന്നരലക്ഷം രൂപ ആദ്യം നൽകി. ബാക്കി തുക അച്ഛനെ കൊലപ്പെടുത്തിയ ശേഷം നൽകുമെന്നും 16 -കാരൻ ഇവരോട് പറയുകയായിരുന്നത്രെ.
മകൻ സ്ഥിരമായി അച്ഛനോട് പണം ചോദിക്കുമായിരുന്നു. അതിന് പുറമെ വീട്ടിൽ നിന്നും കടയിൽ നിന്നും വീട്ടിലുള്ള ജ്വല്ലറിയിൽ നിന്നും പണം മോഷ്ടിക്കുകയും ചെയ്യുമായിരുന്നു. നേരത്തെയും 16 -കാരൻ പിതാവിനെ കൊല്ലാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ, അത് പരാജയപ്പെടുകയായിരുന്നു. കൊലപാതകത്തിൽ അറസ്റ്റിലായ മൂന്നുപേരെയും ജയിലിലടച്ചു. 16 -കാരനെ ജുവനൈൽ ഹോമിൽ ആക്കിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം