15 -കാരൻ ഓൺലൈൻ ഗെയിം കളിച്ച് തുലച്ചത് അച്ഛന്റെ അക്കൗണ്ടിലുണ്ടായിരുന്ന 24 ലക്ഷം രൂപ
ഇയാളുടെ ശമ്പളത്തിൽ നിന്നുള്ള ഏകദേശം നാല് ലക്ഷം രൂപയും, മകൾക്ക് അവളുടെ ഭർത്താവിന്റെ വീട്ടുകാർ നൽകിയ 20 ലക്ഷം രൂപയുമാണ് മകൻ ഗെയിം കളിച്ച് കളഞ്ഞത്.
ഓൺലൈൻ ഗെയിമുകൾ കളിച്ച് പണം നഷ്ടപ്പെടുത്തുന്നവരും കടം കേറി മുടിയുന്നവരും എന്തിന് ആത്മഹത്യ ചെയ്യുന്നവർ വരെ ഇന്നുണ്ട്. അതുപോലെ ചൈനയിൽ നിന്നുള്ള ഒരു 15 -കാരൻ ഓൺലൈൻ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത് തന്റെ അച്ഛൻ പണം മുഴുവനുമാണ്. അവിടെയും തീർന്നില്ല, അവന്റെ സഹോദരിക്ക് അവരുടെ വരന്റെ വീട്ടുകാർ നൽകിയ പണവും അവൻ ഗെയിം കളിച്ച് തുലച്ചു.
മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ചെങ് എന്നയാൾക്കാണ് ഓൺലൈൻ ഗെയിമിലുള്ള മകന്റെ അഡിക്ഷൻ കാരണം ഉള്ള പണമെല്ലാം നഷ്ടപ്പെട്ടത്. ഇയാളുടെ ശമ്പളത്തിൽ നിന്നുള്ള ഏകദേശം നാല് ലക്ഷം രൂപയും, മകൾക്ക് അവളുടെ ഭർത്താവിന്റെ വീട്ടുകാർ നൽകിയ 20 ലക്ഷം രൂപയുമാണ് മകൻ ഗെയിം കളിച്ച് കളഞ്ഞത്. ചൈനയിൽ സാധാരണയായി വിവാഹങ്ങൾ നടക്കുമ്പോൾ വധുവിന് വരന്റെ വീട്ടുകാർ പണവും മറ്റും നൽകാറുണ്ട്. അങ്ങനെ നൽകിയ തുകയായിരുന്നു ഈ 20 ലക്ഷം രൂപ.
Kuaishou എന്ന ഷോർട്ട് വീഡിയോ ആപ്പിൽ ലോട്ടറി ഗെയിം കളിക്കുകയായിരുന്നു 15 -കാരൻ. എന്നാൽ, ഈ ഗെയിമിന് അടിമയായതോടെ കുട്ടി പണം പോകുന്നതൊന്നും ശ്രദ്ധിച്ചതേയില്ല. അങ്ങനെ അച്ഛന്റെ അക്കൗണ്ടിലുണ്ടായിരുന്ന തുക മുഴുവനും നഷ്ടപ്പെടുകയായിരുന്നത്രെ. പിന്നീട് മകനോട് ചോദിച്ചപ്പോൾ മൂന്നുമാസം കൊണ്ടാണ് ഗെയിം കളിച്ച് താൻ ഇത്രയും രൂപ കളഞ്ഞത് എന്ന് കുട്ടി സമ്മതിക്കുകയും ചെയ്തു. ആ തുക എങ്ങനെയും തിരികെ കിട്ടാൻ സാധ്യതയുണ്ടോ എന്ന് അന്വേഷിച്ച് നടക്കുകയാണ് ഇപ്പോൾ അച്ഛൻ.
ഈ ഗെയിം വഴി രണ്ട് ലക്ഷം രൂപ വരെ സമ്മാനം ലഭിക്കും എന്നാണ് പറയുന്നത്. ആദ്യം ചെറിയ കുറച്ച് തുകകൾ കുട്ടിക്ക് കിട്ടിയിരുന്നു. പിന്നാലെ കുട്ടി പിന്നെയും പിന്നെയും ഗെയിം കളിക്കുകയായിരുന്നു. ഇതോടെ പക്ഷേ കാശ് മൊത്തം പോയി. കുട്ടിയുടെ Kuaishou അക്കൗണ്ട് അച്ഛന്റെ ബാങ്ക് അക്കൗണ്ടുമായിട്ടായിരുന്നു ബന്ധിപ്പിച്ചിരുന്നത്. അങ്ങനെയാണത്രെ ഇയാളുടെ അക്കൗണ്ടിൽ നിന്നും പണം പോയത്.
ചെങ്ങിനാണെങ്കിൽ ഒരു അപകടത്തിൽ പരിക്കേറ്റ് ജോലിക്ക് പോകാനാവാത്ത സാഹചര്യമാണ്. ഭാര്യയാണെങ്കിൽ നേരത്തെ മരിച്ചിരുന്നു. മകൾക്ക് വരന്റെ വീട്ടിൽ നിന്നും കിട്ടിയ തുക അവൾ തന്നെയാണ് അച്ഛന് നൽകിയത്. ഭാവിയിൽ സഹോദരന് ഒരു വീടുവയ്ക്കാൻ ഉപകരിക്കും എന്നു പറഞ്ഞാണ് അവൾ ആ തുക മുഴുവനും അച്ഛന്റെ അക്കൗണ്ടിലിട്ടത്. ഇനിയെന്ത് ചെയ്യും എന്നറിയാതെയിരിക്കുകയാണ് ഇപ്പോൾ ചെങ്.