ആരോഗ്യത്തിനും ദീർഘായുസ്സിനും 3 ടിപ്സ്; 102 -ലും റിസോർട്ടിൽ ജോലിക്ക് പോകുന്ന സെകെലി പറയുന്നു
വർഷങ്ങളായി, റിസോർട്ടിൽ നിരവധി വ്യത്യസ്തമായ റോളുകൾ സെകെലി ചെയ്യുന്നുണ്ട്. ചീഫ് കുക്ക്, ജനറൽ മാനേജർ, ആക്ടിവിറ്റി ഡയറക്ടർ എന്നിവയൊക്കെ ഇതിൽ പെടുന്നു.
102 -ാമത്തെ വയസ്സിൽ എന്ത് ചെയ്യാനാണ് നിങ്ങളുടെ പ്ലാൻ? അത്രയും കാലം ജീവിച്ചിരിക്കുമോ എന്ന് തന്നെ ഉറപ്പില്ല അല്ലേ? ഇനിയഥവാ ജീവിച്ചിരിക്കുമെങ്കിലും വല്ല കിടപ്പിലോ മറ്റോ ആയിരിക്കും എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ, അത് മാത്രമല്ല ആ വയസ്സിൽ ചെയ്യാനാവുക എന്ന് തെളിയിക്കുകയാണ് ഡെബോറ സെകെലി എന്ന 102 -കാരി. 1940 -ൽ അവർ സഹസ്ഥാപകയായി ആരംഭിച്ച ഒരു ഹെൽത്ത് സ്പാ ഇപ്പോഴും അവർ നോക്കിനടത്തുന്നുണ്ട്.
വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച ഹെൽത്ത് സ്പാകളിൽ ഒന്നായി കണക്കാക്കപ്പെടുന്നതാണ് മെക്സിക്കോയിലെ ബജാ കാലിഫോർണിയയിലെ റാഞ്ചോ ലാ പ്യൂർട്ട. സെകെലിയും അവളുടെ പരേതനായ ഭർത്താവും ചേർന്നാണ് ഈ സ്പാ സ്ഥാപിച്ചത്. അന്നുമുതൽ അവർ അവിടെ ജോലി ചെയ്യുന്നുണ്ട്. ഇപ്പോഴും ഈ, 102 -ാമത്തെ വയസ്സിലും ആഴ്ചയിൽ മൂന്ന് ദിവസം അവർ റിസോർട്ടിലെത്തുമത്രെ. ഉടനെയൊന്നും വിരമിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അവൾ പറയുന്നത്.
വർഷങ്ങളായി, റിസോർട്ടിൽ നിരവധി വ്യത്യസ്തമായ റോളുകൾ സെകെലി ചെയ്യുന്നുണ്ട്. ചീഫ് കുക്ക്, ജനറൽ മാനേജർ, ആക്ടിവിറ്റി ഡയറക്ടർ എന്നിവയൊക്കെ ഇതിൽ പെടുന്നു. ഇപ്പോൾ, റാഞ്ചോ ലാ പ്യൂർട്ടയെ നയിക്കുന്നത് സെകെലിയുടെ മകളായ സാറാ ലിവിയ ബ്രൈറ്റ്‌വുഡാണ്. എന്നാൽ സെകെലി ഇപ്പോഴും റിസോർട്ടിൻ്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.
“100 വയസ് തികഞ്ഞന്ന് രാവിലെ ഞാൻ ഉണർന്നപ്പോൾ എനിക്ക് എന്തെങ്കിലും വ്യത്യാസമുള്ളതായൊന്നും തോന്നിയില്ല. അതിനാൽ ഞാൻ അതുവരെ ചെയ്തിരുന്ന കാര്യങ്ങൾ തന്നെ അന്നും ചെയ്തു, തുടർന്നും ചെയ്തു” എന്ന് സെകെലി CNBC യോട് പറഞ്ഞു.
ഇത്രയും കാലം ആരോഗ്യത്തോടെ, സന്തോഷത്തോടെ ജീവിക്കാൻ സഹായിച്ച മൂന്ന് ടിപ്സാണ് സെകെലി പങ്കുവയ്ക്കുന്നത്:
1. ഒരേ ഇരിപ്പിരിക്കുന്നത് നന്നല്ല. ദിവസവും ഒരു മൈലെങ്കിലും നടക്കുകയും ചെയ്യുക.
2. തൈര്, വാഴപ്പഴം, ധാന്യങ്ങൾ, മത്സ്യം, ഉരുളക്കിഴങ്ങ് എന്നിവ ഉൾപ്പെടുന്ന പെസ്കറ്റേറിയൻ ഭക്ഷണം കഴിക്കുക.
3. സോഷ്യലൈസ് ചെയ്യുക, എപ്പോഴും ജീവിതത്തിൽ പഠിക്കുന്നവരായിരിക്കുക.