ആയുധമേന്തിയ വിപ്ലവകാരി-വഞ്ചിനാഥ അയ്യർ|സ്വാതന്ത്ര്യസ്പർശം|India@75

വഞ്ചിനാഥയ്യർ  പുറത്തിറങ്ങി ഒന്നാം ക്ലാസിലേക്ക് കയറി. മുന്നിൽ കളക്ടർ ആഷേ. അടുത്ത നിമിഷം മുണ്ടിൽ തിരുകിയിരുന്ന കൈത്തോക്ക് വലിച്ചൂരി ആഷെയുടെ നെറ്റിയിലേക്ക് തന്നെ നിറയൊഴിച്ചു.

First Published Jul 12, 2022, 9:50 AM IST | Last Updated Jul 12, 2022, 9:50 AM IST

ജൂൺ 17, 1911. നേരം പുലരുന്നതേയുള്ളൂ. തിരുനെൽവേലി സ്റ്റേഷനിൽ നിന്ന് ഒരു തീവണ്ടി കൊടൈക്കനാലിലേക്ക് പുറപ്പെടുകയാണ്. വണ്ടിയുടെ ഒന്നാം ക്ലാസ് കമ്പാർട്മെന്റിൽ ഒരു പ്രമുഖനും ഭാര്യയും കയറി. തിരുനെൽവേലിയിൽ ശക്തനായ കളക്ടർ റോബർട്ട് വില്യം ആഷേയും ഭാര്യ മേരിയും. കൊടൈക്കനാലിൽ മക്കളെക്കാണാൻ പോകുകയാണവർ. വണ്ടിയിലെ മൂന്നാം ക്ലാസ്സിൽ മൂന്നു തമിഴ് യുവാക്കൾ  കൂടി കയറി.  ചെങ്കോട്ടക്കാരനായ വഞ്ചിനാഥ അയ്യരും കൂട്ടുകാരും. വണ്ടി ഒമ്പതരയോടെ തൂത്തുകുടിയിലെ മണിയാച്ചിയിലെത്തിച്ചേർന്നു. വഞ്ചിനാഥയ്യർ  പുറത്തിറങ്ങി ഒന്നാം ക്ലാസിലേക്ക് കയറി. മുന്നിൽ കളക്ടർ ആഷേ. അടുത്ത നിമിഷം മുണ്ടിൽ തിരുകിയിരുന്ന കൈത്തോക്ക് വലിച്ചൂരി ആഷെയുടെ നെറ്റിയിലേക്ക് തന്നെ നിറയൊഴിച്ചു. ഉടൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി വഞ്ചി പ്ലാറ്റ്ഫോമിലെ ശുചിമുറിയിലേക്ക് ഓടി. സംഭവം ആരെങ്കിലും അറിയുന്നതിന് മുമ്പ് തന്നെ ശുചിമുറിയിൽ നിന്ന് മറ്റൊരു വെടിയൊച്ച മുഴങ്ങി തന്റെ ലക്ഷ്യം നിറവേറ്റിയ 25 കാരൻ വഞ്ചി ബ്രിട്ടീഷ് പിടിയിലാകും മുമ്പ് ആത്മാഹുതി ചെയ്തു. ഇന്ത്യൻ ദേശീയവാദികളോട്  കടുത്ത ശത്രുത പുലർത്തിയ ആളായിരുന്നു ആഷേ. 

ബംഗാൾ വിഭജനത്തെ തുടർന്ന് അനുശീലൻ സമിതിയുടെയും ജുഗാന്തറിന്റെയും ഒക്കെ നേതൃത്വത്തിൽ അവിടെ ഉയർന്ന വിപ്ലവപ്രസ്ഥാനത്തിൽ നിന്ന് ഒരു സംഘം തമിഴ് യുവാക്കൾ പ്രചോദനം ഉൾക്കൊണ്ടിരുന്നു. ദേശീയപ്രസ്ഥാനത്തിലെ തീവ്രവാദി വിഭാഗനേതാക്കളായ ലാൽ-ബാൽ-പാൽ ത്രിത്വത്തിന്റെ ആരാധകർ. വഞ്ചിയുടെ നേതാവായിരുന്ന നീലകണ്ഠ ബ്രഹ്മചാരി, വി വി എസ് അയ്യർ, എം പി ടി ആചാര്യ, ശങ്കർ കൃഷ്ണയ്യർ, സുബ്രഹ്മണ്യ ഭാരതി, സുബ്രഹ്മണ്യ ശിവ, വി ഒ ചിദംബര പിള്ള എന്നിവരൊക്കെ ഈ തമിഴ് സാഹസികരിൽ ഉൾപ്പെട്ടു.