സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഓർക്കേണ്ട ചില പെൺ പോരാട്ടങ്ങൾ|സ്വാതന്ത്ര്യസ്പർശം|India@75
പതാക നശിപ്പിക്കാൻ ശ്രമിച്ച ഫിനിഷിന്റെ നേരെ കൊടുങ്കാറ്റുപോലെ അറുപതുകാരി ഭോഗേശ്വരി ചീറിയടുത്തു. തന്റെ കയ്യിൽ എന്തിയിരുന്ന കൊടിക്കമ്പ് കൊണ്ട് അവർ ഫിനിഷിന്റെ തലയിൽ ആഞ്ഞടിച്ചു. അമ്പരന്നുപോയ ഫിനിഷ് തന്റെ കൈത്തോക്ക് വലിച്ചൂരി ഭോഗേശ്വരിയുടെ നേരെ വെടി ഉതിർത്തു.
നമ്മുടെ മഹാസമരങ്ങളുടെ നേതാക്കളെ നമുക്കറിയാം. പക്ഷെ അവയിൽ പങ്കെടുത്ത് കുടുംബവും ജീവിതവും ജീവനും പോലും നഷ്ടമായ എണ്ണമറ്റ വീട്ടമ്മമാരുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ? അങ്ങിനെയൊരു വീട്ടമ്മയായിരുന്നു ആസാമിലെ ബെർഹാംപൂർ സ്വദേശി ഭോഗേശ്വരി ഫുകനാനി. എട്ടു കുട്ടികളുടെ അമ്മ. നിസ്സഹകരണ പ്രസ്ഥാനത്തിൽ സ്ത്രികളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്നത് ഗാന്ധിയുടെ തീരുമാനമായിരുന്നു. ക്ഷമയും സഹനശീലവും സ്ത്രീകൾക്കാണ് കൂടുതലെന്നതായിരുന്നു ഗാന്ധിയുടെ തീരുമാനത്തിന് പിന്നിൽ. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും സ്ത്രീകൾ വ്യാപകമായി സമരരംഗത്തേക്ക് കടന്നുവന്നു. ആസാമിൽ ഭോഗേശ്വരി, കനകാലതാ ബറുവ, കാഹൂലി നാഥ്, തിലേശ്വരി ബറുവ, കുമാലി നിയോഗ് എന്നിവർ 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ രക്തസാക്ഷികളായവരാണ്.
ഭോഗേശ്വരി 1942 ലെ സെപ്തംബറിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തത് തന്റെ 60ാം വയസിൽ. സമരം അതിശക്തമായി അമർച്ച ചെയ്യുകയായിരുന്നു ബ്രിട്ടീഷ് ശ്രമം. ബഹ്റാംപൂറിലെ കോൺഗ്രസ്സ് പോലീസ് പിടിച്ചെടുക്കാൻ ശ്രമിച്ചത് ഭോഗേശ്വരിയും സഖാക്കളും പ്രതിരോധിച്ചു. പെട്ടെന്നാണ് ക്യാപ്റ്റൻ ഫിനിഷ് എന്ന സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സായുധ സംഘം അവിടെ എത്തിയത്. അവർ കോൺഗ്രസ്സ് ഭടന്മാരെ കടന്നാക്രമിച്ചു. ഭോഗേശ്വരിയുടെയും രത്നമാലയുടെയും നേതൃത്വത്തിൽ ദേശീയപതാകകളേന്തി അവർ മുന്നോട്ടുനടന്നു. പൊടുന്നനെ രത്നമാലയുടെ കയ്യിൽ നിന്ന് പതാക ക്യാപ്റ്റൻ ഫിനിഷ് തട്ടിപ്പറിച്ചു. രത്നമാല താഴെ വീണു. പതാക നശിപ്പിക്കാൻ ശ്രമിച്ച ഫിനിഷിന്റെ നേരെ കൊടുങ്കാറ്റുപോലെ അറുപതുകാരി ഭോഗേശ്വരി ചീറിയടുത്തു. തന്റെ കയ്യിൽ എന്തിയിരുന്ന കൊടിക്കമ്പ് കൊണ്ട് അവർ ഫിനിഷിന്റെ തലയിൽ ആഞ്ഞടിച്ചു. അമ്പരന്നുപോയ ഫിനിഷ് തന്റെ കൈത്തോക്ക് വലിച്ചൂരി ഭോഗേശ്വരിയുടെ നേരെ വെടി ഉതിർത്തു. ഭോഗേശ്വരി രക്തസാക്ഷിയായി.
1942 സെപ്തംബറിലെ അതെ ദിവസം ഗോഹ്പൂർ എന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന് മുകളിൽ ദേശീയപതാക കെട്ടാൻ ശ്രമിച്ച മൃത്യു ബാഹിനി എന്ന ചാവേർപ്പട നയിച്ചത് 17 കാരി കനകലത ബറുവ. കനകലതയ്ക്ക് നേരെ പോലീസ് നിഷ്കരുണം വെടി ഉതിർത്തു. നിമിഷങ്ങൾക്കകം കനകലത രക്തസാക്ഷിയായി. വീരബാല എന്ന അറിയപ്പെടുന്ന കനകലതയുടെ പേരിൽ ആസാമിലെ തേസ്പൂരിൽ ഉള്ള കനകലതാ ഉദ്യാനത്തിൽ ആ പെൺകുട്ടിയുടെ പോരാട്ടം ശില്പമായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗൗരിപ്പൂരിൽ കനകലതയുടെ പൂർണ്ണകായപ്രതിമയുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഒരു അതിവേഗ ബോട്ട് കനകലതയെന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
ഡാംഡാമിയ ഗ്രാമത്തിലെ പോലീസ് സ്റ്റേഷൻ പിടിച്ചടക്കാൻ പോയ സമരസഖാക്കളുടെ നായകത്വം ഖാഹുലി നാഥ് എന്ന വീട്ടമ്മയ്‌ക്കായിരുന്നു. ഭർത്താവ് പോനാറാം നാഥിനൊപ്പം അവർ ധെകിയജൂലി സ്റ്റേഷന് നേരെ മാർച്ച് ചെയ്തു. രണം ഉറപ്പെന്ന് അറിഞ്ഞുകൊണ്ടായിരുന്നു പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഏറ്റെടുത്ത് അവർ കുതിച്ചത്. പ്രകടനത്തിന് നേരെ പോലീസ് നിർത്താതെ വെടി വെച്ചു. ഖഹുലി തൽക്ഷണം മരിച്ചുവീണു. ഖഹുലിക്കൊപ്പം വെടിയേറ്റു മരിച്ചവരിൽ 12 വയസ്സ് മാത്രമുള്ള തിലകേശ്വരി ബറുവയും 18 കാറി കുമാലി നിയോഗും ഉൾപ്പെട്ടു.