ആഗസ്റ്റ് വിപ്ലവറാണി-അരുണ അസഫലിയുടെ പോരാട്ടകഥ|സ്വാതന്ത്ര്യസ്പർശം|India@75
നാവിക കലാപത്തെ പിന്തുണച്ച ഏക കോൺഗ്രസ് നേതാവായിരുന്ന അരുണ ക്രമേണ ഇടതുപക്ഷത്തേക്ക് നീങ്ങി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയിലും ചേർന്നു
ആഗസ്റ്റ് 8, 1942. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവർണദിനം. ബോംബെ നഗരത്തിലെ ഗോവാലിയ ടാങ്ക് മൈതാനത്തായിരുന്നു മൗലാനാ അബുൽ കലാം ആസാദിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം. ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതു വരെ സമരമെന്ന സുപ്രധാന തീരുമാനം സമ്മേളനം കൈക്കൊണ്ടു. പിറ്റേന്ന് രാവിലെ മൈതാനിയിൽ മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നു മഹാത്മാ ആഹ്വാനം ചെയ്തു. ഐതിഹാസികമായ ആ സമ്മേളനത്തിൽ ത്രിവർണ്ണപതാക ഉയർത്തിയത് ഒരു 33കാരി യുവതി. അരുണ ആസഫലി ആയിരുന്നു ആ ധീരയുവതി. ആഗസ്റ്റ് വിപ്ലവ റാണി എന്നവർ അറിയപ്പെട്ടു.
പഞ്ചാബിലെ കൽക്കയിൽ ബ്രഹ്മോസാമാജികളായിരുന്ന ഒരു പ്രമുഖ ബംഗാളി ബ്രാഹ്മണകുടുംബത്തിൽ ആയിരുന്നു അരുണ ഗാംഗുലിയുടെ ജനനം. കോളേജ് കാലത്ത് തന്നെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ആകൃഷ്ട. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു തന്നെക്കാൾ ഏറെ പ്രായവും മുസ്ലിം മതസ്ഥനുമായ പ്രമുഖ കോൺഗ്രസ്സ് നേതാവ് ആസഫലിയുമായി അരുണയുടെ വിവാഹം. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ്. രാഷ്ട്രീയത്തടവുകാരുടെ അവകാശങ്ങൾക്കായി തിഹാർ ജയിലിൽ നിരാഹാരസമരം നടത്തിയ അരുണയെ ഏകാന്തത്തടവിലിട്ടു.
നാവിക കലാപത്തെ പിന്തുണച്ച ഏക കോൺഗ്രസ് നേതാവായിരുന്ന അരുണ ക്രമേണ ഇടതുപക്ഷത്തേക്ക് നീങ്ങി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയിലും ചേർന്നു. ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ എന്നിവരുടെ സഹപ്രവർത്തകയായി. ഒളിവിൽ പോയ അരുണയുടെ സ്വത്ത് പിടിച്ചെടുക്കുകയും പിടിച്ചുകൊടുക്കുന്നവർക്ക് അയ്യായിരം രൂപ സർക്കാർ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അരുണ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു. ദില്ലിയുടെ ആദ്യ മേയറായി. എടത്തട്ട നാരായണനുമായി ചേർന്ന് പേട്രിയറ്റ്, ലിങ്ക് എന്ന പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. വനിതകളുടെഅവകാശങ്ങൾക്കായി ശബ്ദമുയർത്തി. ലെനിൻ പ്രൈസ്, നെഹ്‌റു പ്രൈസ് പത്മവിഭൂഷൺ എന്നിവയും മരണാനന്തരം ഭാരതരത്നയും അരുണയ്ക്ക് ലഭിച്ചു. 1997ൽ എൺപതാം വയസിൽ അന്തരിച്ചു.