ക്യാപ്റ്റൻ ലക്ഷ്മിയുടെ സാഹസിക ജീവിതം|സ്വാതന്ത്ര്യസ്പർശം|India@75

അവസാനം വരെ കാൺപൂരിൽ സൗജന്യമായി വൈദ്യസേവനം ചെയ്ത ലക്ഷ്മി ബം​ഗ്ലാദേശ് യുദ്ധകാലത്തും ഭോപ്പാൽ വാതകദുരന്തത്തിലും വൈദ്യ ചികിത്സാക്യാമ്പുകൾക്ക് നേതൃത്വം നൽകി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും സൗന്ദര്യ മത്സരങ്ങൾക്കെതിരെയും ഒക്കെ അവർ പോരാടി

First Published Jul 11, 2022, 9:41 AM IST | Last Updated Jul 11, 2022, 9:41 AM IST

കേരളത്തിലെ ജന്മികുടുംബത്തിൽ ജനനം. മദിരാശിയിലെ അതിസമ്പന്നനായ ബാരിസ്റ്ററുടെ മകളായി ആഡംബരത്തിന്റെ മടിയിൽ ചെലവിട്ട കൗമാരം. ഉന്നതമായ മെഡിക്കൽ വിദ്യാഭ്യാസം. ആരെയും ആകർഷിക്കുന്ന സൗന്ദര്യം. പക്ഷെ അവൾ തെരഞ്ഞെടുത്തത് കാട്ടിലും  മേട്ടിലും ബ്രിട്ടീഷ് പട്ടാളവുമായി ആയുധമെടുത്ത് പടവെട്ടിയും തടവനുഭവിച്ചും ജന്മനാടിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുക ആയിരുന്നു. അതായിരുന്നു ലക്ഷ്മി സ്വാമിനാഥൻ എന്ന പിൽക്കാലത്തെ ക്യാപ്റ്റൻ ലക്ഷ്മിയുടെ സാഹസിക ജീവിതം. 

പൊന്നാനിയിലെ പ്രശസ്തമായ  ആനക്കര വടക്കത്ത് തറവാട്.  ആ കുടുംബത്തിലെ അംഗവും  പിന്നീട് സ്വാതന്ത്ര്യസമരസേനാനിയും രാജ്യസഭാംഗവും  ഭരണഘടനാസമിതി അംഗവുമൊക്കെ ആയിരുന്നു എ വി അമ്മുകുട്ടി അമ്മ എന്ന അമ്മു സ്വാമിനാഥൻ. മദിരാശിയിലെ പ്രമുഖ അഭിഭാഷകൻ എസ്. സ്വാമിനാഥനായിരുന്നു ഭർത്താവ്. ഇവരുടെ നാലുമക്കളിൽ രണ്ടാമത്തെ ആളായിരുന്നു ലക്ഷ്മി സ്വാമിനാഥൻ.  മദിരാശിയിലെ വരേണ്യസമൂഹത്തിലെ പ്രമുഖനായിരുന്നു അമ്മുവും സ്വാമിനാഥനും. ക്വീൻ മേരീസ് കോളേജിലും മദിരാശി മെഡിക്കൽ കോളേജിലും ആയിരുന്നു ലക്ഷ്മിയുടെ വിദ്യാഭ്യാസം. ആദ്യ വിവാഹത്തിന്റെ ആലസ്യത്തിനെത്തുടർന്ന് ഇരുപത്താറാം വയസിൽ സിംഗപ്പൂരിലേക്ക് പോയ ലക്ഷ്മി അവിടെ കെ പി കേശവമേനോനെപ്പോലെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യൻ ദേശീയ സേനയിലെ പ്രവർത്തകരെ പരിചയപ്പെട്ടു. 

ഐ എൻ എ പ്രവർത്തനത്തിൽ ആകൃഷ്ടയായ  ലക്ഷ്മി 1943 ജൂലായിൽ സിംഗപ്പൂരിലെത്തിയ നേതാജിയെ കണ്ട് തനിക്കും അംഗമാകണമെന്ന് അറിയിച്ചു. ലക്ഷ്മിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മാത്രമായ ഐ എൻ എയുടെ ജാൻസി റാണി റെജിമെന്റ് രൂപീകരിക്കപ്പെട്ടു. സിംഗപ്പൂരിലും മലയായിലുമുള്ള ഇന്ത്യൻ തൊഴിലാളികളുടെ പെണ്മക്കൾ അംഗങ്ങളായി. എല്ലാവർക്കും സൈനിക പരിശീലനം നൽകി. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ നേരിട്ട ജപ്പാൻ സേനയ്‌ക്കൊപ്പം പ്രവർത്തനമാരംഭിച്ചു. ഡോക്ടറായ ലക്ഷ്മിയുടെ നേതൃത്വത്തിൽ യുദ്ധത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകി. ബ്രിട്ടീഷ് സൈന്യം വിട്ട് INA നേതൃത്വത്തിൽ വന്ന ലെഫ്റ്റനന്റ് കേണൽ പ്രേം സെഹ്‌ഗാളും ലക്ഷ്മിയും ദമ്പതിമാരായി. 1944 ഡിസംബറിൽ ജപ്പാൻ സേനയ്‌ക്കൊപ്പം ബർമ്മയിലേക്ക് ലെഫ്റ്റനന്റ് കേണൽ സെഹ്‌ഗാളിന്റെ നേതൃത്വത്തിൽ മാർച്ച് ചെയ്ത ഐ എൻ എ സൈനികർക്കൊപ്പം  ക്യാപ്റ്റൻ ലക്ഷ്മിയുടെ റാണി റെജിമെന്റും ഉണ്ടായിരുന്നു. പക്ഷെ സഖ്യശക്തികളുടെ ആക്രമണത്തിൽ ജപ്പാൻ പിന്നോട്ടടിച്ചപ്പോൾ INA യും കീഴടങ്ങി. തടവിലാക്കപ്പെട്ടവരിൽ കേണൽ സെഹ്‌ഗാളും ക്യാപ്റ്റൻ ലക്ഷ്മിയും ഉൾപ്പെട്ടു. 

സ്വാതന്ത്ര്യത്തിന് ശേഷം സിപിഐ (എം)യിൽ ചേർന്ന ക്യാപ്റ്റൻ ലക്ഷ്മി രാജ്യസംഭാംഗവും രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി. അവസാനം വരെ കാൺപൂരിൽ സൗജന്യമായി വൈദ്യസേവനം ചെയ്ത ലക്ഷ്മി ബം​ഗ്ലാദേശ് യുദ്ധകാലത്തും ഭോപ്പാൽ വാതകദുരന്തത്തിലും വൈദ്യ ചികിത്സാക്യാമ്പുകൾക്ക് നേതൃത്വം നൽകി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും സൗന്ദര്യ മത്സരങ്ങൾക്കെതിരെയും ഒക്കെ അവർ പോരാടി. പദ്മ വിഭൂഷൺ നേടിയ ലക്ഷ്മി 2012ൽ 97-ാം വയസ്സിൽ അന്തരിച്ചു.