വനഭൂമിക്കായി ആദിവാസിയുടെ പോരാട്ടം-സാന്താൾ വിപ്ലവം|സ്വാതന്ത്ര്യസ്പർശം|India@75
ഭോഗനാദി ഗ്രാമത്തിൽ ആയിരക്കണക്കിന് സാന്താൾ വംശജർ ഒത്തുചേർന്നു. സിദ്ധുവും കനുവും ചൊല്ലിക്കൊടുത്ത പ്രതിജ്ഞയോടെ അവർ സ്വയം സ്വതന്ത്രരായി പ്രഖ്യാപിച്ചു. തടയാൻ ശ്രമിച്ച പോലീസുകാരനെ രോഷാകുലരായ ജനത തല്ലിക്കൊന്നു. ദിവസങ്ങൾക്കകം പ്രദേശമാകെ കലാപം വ്യാപിച്ചു
1855. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു രണ്ട് വർഷം മുമ്പ്. ഇന്ത്യയിലെ ആദിവാസികൾ ബ്രിട്ടിഷുകാർക്കും അവർക്ക് തുണയായ സമീന്ദാർമാർക്കും എതിരെ ആയുധം ഉയർത്തിയ ചരിത്രസംഭവം. അതായിരുന്നു വിഖ്യാതമായ സാന്താൾ വിപ്ലവം. ഇന്നത്തെ ജാർഖണ്ഡ്, പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്ന ഘോരവനപ്രദേശമായിരുന്നു സാന്താൾ വിഭാഗക്കാരുടെ ആവാസഭൂമി. ഒന്നര നൂറ്റാണ്ട് കഴിഞ്ഞും ഇന്നും ആദിവാസികൾ ഉപജീവനത്തിനായി പ്രക്ഷോഭരംഗത്ത് തുടരുന്ന സമരഭൂമി.
ഇന്ത്യയിലെ വിഭവാപഹരണത്തിനായി ബ്രിട്ടീഷുകാർ കൊണ്ടുവന്ന വന നിയമം. വനങ്ങളുടെ കുത്തക ഏറ്റെടുത്തതുകൊണ്ട് വനഭൂമിയുടെ യഥാർത്ഥ ഉടമകളായ ആദിവാസിവിഭാഗങ്ങളുടെ അവകാശം കവരപ്പെട്ടു. തലമുറകളായി ആദിവാസികളുടെ ഉപജീവനമായിരുന്ന വനഭൂമി വിലക്കപ്പെട്ടു. വനങ്ങൾ റിസർവ് ഭൂമിയായി പ്രഖ്യാപിച്ച് കമ്പനി കൈവശമാക്കി. ബാക്കിയുള്ള ഭൂമി ബ്രിട്ടീഷുകാരുടെ ഒറ്റുകാരായ നാട്ടിലെ സമീന്ദാർമാർക്ക് പതിച്ചുകൊടുക്കപ്പെട്ടു.
നിവൃത്തിയില്ലാതെ ആദിവാസികൾ സംഘടിച്ചു. അവരുടെ നായകത്വം ഏറ്റെടുത്തത് മുർമു ആദിവാസി ഗോത്രപുരോഹിതന്റെ മക്കളായിരുന്നു സിദ്ധു, കാണു, ചാന്ദ്, ഭൈരവി എന്ന സഹോദരന്മാരും ഫൂലോ, ജാനോ എന്ന രണ്ട സഹോദരിമാരും. 1855 ജൂലൈ 7. ഭോഗനാദി ഗ്രാമത്തിൽ ആയിരക്കണക്കിന് സാന്താൾ വംശജർ ഒത്തുചേർന്നു. സിദ്ധുവും കനുവും ചൊല്ലിക്കൊടുത്ത പ്രതിജ്ഞയോടെ അവർ സ്വയം സ്വതന്ത്രരായി പ്രഖ്യാപിച്ചു. തടയാൻ ശ്രമിച്ച പോലീസുകാരനെ രോഷാകുലരായ ജനത തല്ലിക്കൊന്നു. ദിവസങ്ങൾക്കകം പ്രദേശമാകെ കലാപം വ്യാപിച്ചു.
ഒട്ടേറെയിടങ്ങളിൽ ആദിവാസികൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും സമീന്ദാർമാരും ആയി ഏറ്റുമുട്ടി. ജാർഖണ്ഡിലെ രാജ്മഹൽ മലകൾ മുതൽ ബംഗാളിലെ ബിർഭും വരെ വനഭൂമി വിമോചിതമായി പ്രഖ്യാപിച്ചു. ഒരു വർഷം നീണ്ട ശേഷം മാത്രമേ കമ്പനിയുടെ വലിയ സൈന്യസന്നാഹത്തിനു വിപ്ലവം അടിച്ചമർത്താനായുള്ളൂ. ഒട്ടേറെ കമ്പനി സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം സാന്താൾ ഭടന്മാർ വീരമൃത്യു വരിച്ചു. രക്തസാക്ഷികളായവരിൽ സിധുവും കനുവും ഉൾപ്പെട്ടു. വിപ്ലവം അടിച്ചമർത്തപ്പെട്ടെങ്കിലും വനനിയമം ഭേദഗതി ചെയ്യാൻ കമ്പനി നിർബന്ധിതരായി.