72ാം വയസ്സില്‍ രാഷ്ട്രത്തിനായി രക്തസാക്ഷിയായ ഒരു അമ്മയുണ്ട്; മാതംഗിനി ഹസ്ര |സ്വാതന്ത്ര്യസ്പര്‍ശം|India@75
ത്രിവര്‍ണ്ണ പതാകയുമേന്തി മേദിനിപുര്‍ പൊലീസ് സ്റ്റേഷനിലേക്ക് ആറായിരത്തോളം പേരുടെ പ്രകടനം നയിച്ച് രക്തസാക്ഷിത്വം വരിച്ച മാതംഗിനി ഹസ്ര
എഴുപത്തി രണ്ടാം വയസ്സിൽ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു അമ്മയുണ്ട്. അതാണ് മാതംഗിനി ഹസ്ര. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ ബംഗാളിലെ മേദിനിപുലൂരിലായിരുന്നു സംഭവം. ത്രിവര്ണപതാകയുമേന്തി മേദിനിപുർ പോലീസ് സ്റ്റേഷനിലേക്ക് ആറായിരത്തോളം പേരുടെ പ്രകടനം നയിക്കുകയാണ് മാതംഗിനി. സ്വാതന്ത്ര്യസമരസേനാനികൾ അധികാരം പ്രഖ്യാപിച്ച് സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച താം ലുക്ക് പ്രദേശത്തായിരുന്നു മേദിനിപുർ.
പ്രകടനം പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി കീ ജെ, ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യങ്ങളായിരുന്നു മറുപടി. വെടിവെയ്ക്കുമെന്നായി പോലീസ്. പക്ഷെ കൂസാതെ മുന്നോട്ട് വന്ന മാതംഗിനി പറഞ്ഞു: ആദ്യം എന്നെ വെടി വെയ്ക്കൂ . ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടു. ഫയർ !
ആദ്യ വെടി മാതംഗിനീക്ക് നേരെ തന്നെ കൊണ്ട്. എന്നിട്ടും വന്ദേ മാതരം എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് അമ്മ മുന്നോട്ടു തന്നെ നടന്നു. വീണ്ടും ഒന്നിന് പിന്നാലെ ഒന്നായി രണ്ട വെടിയുണ്ടകൾ കൂടി മേൽ പതിച്ച മാതംഗിനി ചോരയിൽ കുളിച്ച് നിലത്ത് വീണു വീരചരമം പ്രാപിച്ചു.
താംലുക്കിലെ ഹോഗ്‌ലയിൽ ദരിദ്രകർഷകകുടുംബത്തിൽ ജനിച്ച മാതംഗിനി പന്ത്രണ്ട് വയസ്സിൽ വിവാഹിതയും പതിനെട്ടാം വയസ്സിൽ വിധവയും ആയി. തുടർന്നായിരുന്നു ഗാന്ധിയുടെ ആഹ്വാനം ഉൾക്കൊണ്ട സ്വാതന്ത്ര്യസമരത്തിലേക് മാതംഗിനിയുടെ പൂർണ സമർപ്പണം. 1930 കാലിൽ ഉപ്പുസത്യാഗ്രഹത്തിലും നിസ്സഹകരണസമരങ്ങളിലും പങ്കെടുത്ത് മാതംഗിനി പലതവണ തടവും കൊടിയ മർദ്ദനവും അനുഭവിച്ചു. 1977 ൽ കൽക്കത്തയിൽ മാതംഗിനി ഹസാരയുടെ പ്രതിമ ഉയർന്നു. മഹാനഗരത്തിലെ ആദ്യത്തെ വനിതാപ്രതിമ.