അമേരിക്കൻ മണ്ണിലെ ഹിന്ദു-ജർമ്മൻ ഗൂഢാലോചനക്കേസ്|സ്വാതന്ത്ര്യസ്പർശം|India@75
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ അധികമൊന്നും അറിയപ്പെടാത്ത ഒരു നാടകീയ അദ്ധ്യായം അമേരിക്കൻ മണ്ണിൽ നടന്നതാണ്. അതാണ് ഹിന്ദു-ജർമ്മൻ ഗൂഢാലോചനക്കേസ്.
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ അധികമൊന്നും അറിയപ്പെടാത്ത ഒരു നാടകീയ അദ്ധ്യായം അമേരിക്കൻ മണ്ണിൽ നടന്നതാണ്. അതാണ് ഹിന്ദു-ജർമ്മൻ ഗൂഢാലോചനക്കേസ്.
അമേരിക്ക കേന്ദ്രമാക്കി ഇന്ത്യൻ പ്രവാസികൾ രൂപീകരിച്ച ഗദ്ദർ പാർട്ടിയും ജർമ്മനിയിലെ ഇന്ത്യ ഇൻഡിപെൻഡൻസ് ലീഗും ആയിരുന്നു ഈ കേസിന്റെ പിന്നിൽ. ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ശ്രദ്ധ ആകർഷിക്കാൻ ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പിലെ വിവിധ നഗരങ്ങളിലും ബോംബ് സ്‌ഫോടനങ്ങൾ സംഘടിപ്പിക്കുകയായിരുന്നു പദ്ധതി. ബ്രിട്ടീഷ് വിരുദ്ധരായ ജർമ്മനി, ജപ്പാൻ, ചൈന, തുർക്കി സർക്കാരുകൾ, റഷ്യയിലെ ബോൾഷെവിക്കുകൾ, അയർലാന്റിലെ വിപ്ലവകാരികൾ എന്നിവയുടെ പിന്തുണ ഇവർക്ക് ലഭിച്ചു. പണവും ആയുധങ്ങളും ജർമ്മൻ സർക്കാർ നൽകി. അമേരിക്കയിൽ നിന്ന് കപ്പലുകൾ ആയുധങ്ങളുമായി ഇന്ത്യക്ക് തിരിച്ചു.
പക്ഷെ, പദ്ധതി മണത്തറിഞ്ഞ ബ്രിട്ടീഷ്-അമേരിക്കൻ പൊലീസ് കപ്പൽ തടഞ്ഞു. ചന്ദ്രകാന്ത് ചക്രവർത്തി, രാം ചന്ദ്ര, രാം സിങ്ങ് എന്നിവരടക്കം 8 ഗദ്ദർ പാർട്ടിക്കാരെ അറസ്റ്റ് ചെയ്തു. 1917 ൽ സാൻഫ്രിസ്‌ക്കോയിൽ ഹിന്ദു-ജർമ്മൻ ഗൂഢാലോചനക്കേസ് വിചാരണ ആരംഭിച്ചു. ജർമ്മൻകാരും ഇന്ത്യക്കാരുമടക്കം നൂറിലേറെ പേര് വിചാരണ ചെയ്യപ്പെട്ടു. വിചാരണയുടെ അവസാന നാളിൽ ഒരു നാടകീയ സംഭവം നടന്നു. ഗദ്ദർ പാർട്ടി നേതാവായ രാം ചന്ദ്രയെയെ മറ്റൊരു നേതാവായ രാം സിങ് ഒറ്റുകാരാണെന്ന് വിളിച്ച് തുറന്ന കോടതിയിൽ വെടിവച്ചു കൊന്നു. കോടതിമുറിയിലുള്ള പൊലീസ് ഉടനടി രാം സിങ്ങിനെയും വെടിവെച്ചുകൊന്നു. മറ്റുള്ളവരെയൊക്കെ ശിക്ഷിച്ചെങ്കിലും ഇവരെ കൂടുതൽ വിചാരണയ്ക്കായി വിട്ടുതരണമെന്ന ബ്രിട്ടന്റെ ആവശ്യം അമേരിക്കൻ ജനതയുടെ എതിർപ്പ് മൂലം അംഗീകരിക്കപ്പെട്ടില്ല.