റിച്ചാര്‍ലിസണിന്റെ അക്രോബാറ്റിക് ഷോട്ട് മുതൽ എംബാപ്പെയുടെ വെടിച്ചില്ല് വരെ; ത്രസിപ്പിച്ച ഗോളുകൾ
കാൽപന്തുകളി പ്രേമികളെ വല്ലാതെ സന്തോഷിപ്പിക്കും ഈ ഗോൾ കാഴ്ചകൾ... റാഷ്ഫോർഡിന്റെ ഫ്രീകിക്കും ഗോൺസാലോ റാമോസിന്റെ അരങ്ങേറ്റവുമൊക്കെ എങ്ങനെ മറക്കും...
ഖത്തർ കാൽപന്തുകളി ഉത്സവം സമാപിച്ചിരിക്കുന്നു. സ്വപ്ന സാക്ഷാത്കരാത്തിൽ മെസ്സിയും അർജന്‍റീനയും ആഹ്ളാദിച്ചുല്ലസിക്കുന്നു. ലോകമെമ്പാടുമുള്ള അർജന്‍റീന ആരാധകർ സന്തോഷത്തോടെ ആർപ്പുവിളിക്കുന്നു. ഖത്തർ മറ്റേതൊരു ലോകകപ്പിനെയും പോലെ മനോഹമരായ ഗോൾകാഴ്ചകൾ എന്നത്തേക്കുമായി തന്നിരിക്കുന്നു.
ആദ്യം ചാമ്പ്യൻമാരെ ഞെട്ടിച്ച് തിരിച്ചുവരവിന്‍റെയും വീര്യത്തിന്‍രെയും ആവേശം പകർന്നു നൽകി കൂടുതൽ ഉഷാറാക്കിയ സൗദി അറേബ്യയുടെ ഗോളിൽ നിന്ന് തുടങ്ങാം. ഏത് കണക്കിൽ നോക്കിയാലും കാൽപന്തുകളിയുടെ ലോകത്ത് ബഹുദൂരം മുന്നിൽ നിൽക്കുന്ന അർജന്‍റീനക്കെതിരെ സൗദി അറേബ്യ കളിച്ചു. നന്നായി കളിച്ചു. ജയിച്ചു. ലോകത്തെ തന്നെ അത്ഭുത സ്തബന്ധരാക്കിയ ആ വിജയഗോൾ പിറന്നത് സലീം അൽ ദവ്സരിയുടെ കാലുകളിൽ നിന്ന്. മൂന്ന് പ്രതിരോധതാരങ്ങളെ വെട്ടിച്ചെത്തി നേടിയ മനോഹരമമായ ഗോൾ. അതിനുശേഷം സൗദി നായകൻ ഗോൾ ആഘോഷിച്ചതും സുന്ദരമായി. ആ സമ്മർസോൾട്ടും ഖത്തർ നൽകിയ സുന്ദരകാഴ്ചയായി.
ഓരോ മത്സരവും വിജയിപ്പിക്കുന്ന ഓരോ ഗോളും നിർണായകമാണ്. സുന്ദരമാണ്. ചിലതിൽ പക്ഷേ കുറച്ചു കൂടി ഭാവനയുണ്ടാകും, വൈഭവം ഉണ്ടാകും, മികവുണ്ടാകും. അങ്ങനെ ചിലതാണ് പറഞ്ഞത്. സൗന്ദര്യം കാണുന്നവന്‍റെ കണ്ണിലാണ്. അതുപോലെ മികവിന്‍റെയും മനോഹാരിതയുടെയും കണക്കെടുപ്പ് ഗോളുകളുടെ കാര്യത്തിലും അങ്ങനെയാണ്. ഈ തെരഞ്ഞെടുപ്പിൽ ഞാനും നിങ്ങളും തമ്മിൽ ചിലപ്പോൾ അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. ഒരു കാര്യത്തിൽ പക്ഷേ നമ്മൾ ഒരു പോലെയാകും. അതുറപ്പാണ്. ഖത്തറിലെ ഗോൾകാഴ്ചകൾ നമ്മളിലെ കാൽപന്തുകളി പ്രേമിയെ വല്ലാതെ സന്തോഷിപ്പിച്ചിരിക്കുന്നു.