അമ്പോ ഇത്ര വലിയ തുകയോ, യൂട്യൂബർ നൽകിയ ടിപ്പ് കണ്ട് തലയിൽ കൈവച്ച് ഡെലിവറി ഏജന്റുമാർ
ചിലർ അത് വലിയ തുകയായതിനാൽ തന്നെ സ്വീകരിക്കാൻ മടി കാണിച്ചു. ഡോർഡാഷ് ഏജൻ്റായി ജോലി ചെയ്തിരുന്ന ഒരു റിട്ട. നഴ്‌സ് ആദ്യം ടിപ്പ് സ്വീകരിക്കാൻ വിസമ്മതിച്ചു. തുക വളരെ കൂടുതലാണ് എന്നായിരുന്നു അവർ പറഞ്ഞത്.
ഫുഡ് ഡെലിവറി മാത്രം തൊഴിലായി സ്വീകരിച്ച് ജീവിക്കുക എന്നത് വളരെ പ്രയാസമാണ്. മിക്കവാറും ഡെലിവറി തൊഴിലാളികളുടെ പ്രതീക്ഷ കസ്റ്റമർ നൽകുന്ന ടിപ്പുകളിലാണ്. അടുത്തിടെ യൂട്യൂബറായ സ്റ്റീവൻ ഷാപ്പിറോ ഡെലിവറി ഏജന്റുമാർക്ക് വലിയ തുക ടിപ്പായി നൽകുന്ന ഒരു വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ടിരുന്നു. നിരവധിപ്പേരാണ് വീഡിയോ കണ്ട് യൂട്യൂബറെ അഭിനന്ദിച്ചത്.
യൂട്യൂബർ 500 യുഎസ് ഡോളർ (41,000 രൂപയാണ്) ഡെലിവറി ഏജന്റുമാർക്ക് ടിപ്പായി നൽകിയത്. മിക്കവാറും ഡെലിവറിക്കെത്തിയ ആളുകൾ ഇത്ര വലിയ ടിപ്പ് കണ്ട് അമ്പരന്നു പോയി. താൻ റെസ്റ്റോറൻ്റിന് തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നിട്ടും ആപ്പ് വഴിയാണ് ഭക്ഷണം ഓർഡർ ചെയ്തത്. തനിക്ക് വലിയ സോഷ്യൽ ആങ്സൈറ്റി ഉണ്ടെന്നും, അതുപോലെ ഡെലിവറി ഏജന്റുമാർക്ക് ടിപ്പ് നൽകാൻ വേണ്ടിയുമാണ് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തത് എന്നും ഷാപ്പിറോ പറയുന്നു. മിക്ക ഡെലിവറി ഏജന്റുമാരും ടിപ്പ് സ്വീകരിച്ചു.
എന്നാൽ, ചിലർ അത് വലിയ തുകയായതിനാൽ തന്നെ സ്വീകരിക്കാൻ മടി കാണിച്ചു. ഡോർഡാഷ് ഏജൻ്റായി ജോലി ചെയ്തിരുന്ന ഒരു റിട്ട. നഴ്‌സ് ആദ്യം ടിപ്പ് സ്വീകരിക്കാൻ വിസമ്മതിച്ചു. തുക വളരെ കൂടുതലാണ് എന്നായിരുന്നു അവർ പറഞ്ഞത്. വീഡിയോയിൽ ഉടനീളം, സാമ്പത്തിക സഹായം ആവശ്യമുള്ള നിരവധി ആളുകളെ യൂട്യൂബർ കാണുന്നതായി കാണാം.
വളരെ പെട്ടെന്നാണ് സ്റ്റീവൻ ഷാപ്പിറോ പങ്കുവച്ച വീഡിയോ വൈറലായി മാറിയത്. ഒരുപാട് പേർ അയാളെ അഭിനന്ദിച്ചു. ഷാപ്പിറോ ടിപ്പ് നൽകിയ പലരും അത് അർഹിക്കുന്നു എന്ന് ആളുകൾ കമന്റ് നൽകി. അതിൽ ഏറ്റവും അധികം ആളുകൾ സംസാരിച്ചത് റിട്ട. നഴ്സിനെ കുറിച്ചാണ്. അവർ നല്ലൊരു സ്ത്രീയാണ് എന്നും ശരിക്കും ആ തുക അർഹിക്കുന്നു എന്നും പലരും കമന്റ് നൽകി.