'ആ വൈറസ് എയർപോർട്ടിലും എത്തിയോ?', ബാഗേജ് കൺവേയർ ബെൽറ്റിൽ യുവതിയുടെ റീൽ, വൻ വിമർശനം
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സി.ഐ.എസ്.എഫ് എന്നിവരെയെല്ലാം മെൻഷൻ ചെയ്തിട്ടുമുണ്ട്.
എവിടെപ്പോയാലും റീൽ ഷൂട്ട് ചെയ്യണം. അതിനിയിപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടാണെങ്കിലും ശരി, അധികൃതർക്ക് തലവേദനയുണ്ടാക്കിയിട്ടാണെങ്കിലും ശരി. അതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതിനാൽ തന്നെ ദിവസേന തീർത്തും വെറൈറ്റിയായ അനേകം അനേകം റീലുകൾ നാം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാകും. എന്നാൽ, ചില റീലുകൾ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യുന്നതിന് പിന്നാലെ ലൈക്കും കമന്റും മാത്രമല്ല, ചിലപ്പോൾ കനത്ത വിമർശനങ്ങളും തേടി വന്നെന്നിരിക്കും. ഇതും അങ്ങനെ ഒരു റീലാണ്.
റീൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ഇതിന്റെ പേരിൽ റീലിലുള്ള യുവതിക്ക് വൻ വിമർശനമാണ് നെറ്റിസൺസിന്റെ ഭാഗത്ത് നിന്നും കേൾക്കേണ്ടി വരുന്നത്. കാരണം മറ്റൊന്നുമല്ല, യുവതി റീൽ ഷൂട്ട് ചെയ്തിരിക്കുന്നത് എയർപോർട്ടിലെ ബാഗേജ് കൺവേയർ ബെൽറ്റിലാണ്. എന്തായാലും യുവതി പ്രതീക്ഷിച്ചതുപോലെ തന്നെ റീൽ വൻ ഹിറ്റായി. എന്നാൽ, പ്രതീക്ഷിച്ച പോലെ പൊസിറ്റീവായിരുന്നില്ല കമന്റുകൾ.
വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത് Amitabh Chaudhary എന്ന യൂസറാണ്. 'ഈ മഹാമാരിയെ എത്രയും വേഗം കൈകാര്യം ചെയ്യണം' എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സി.ഐ.എസ്.എഫ് എന്നിവരെയെല്ലാം മെൻഷൻ ചെയ്തിട്ടുമുണ്ട്.
വീഡിയോയിൽ ഒരു യുവതി എയർപോർട്ട് ബാഗേജ് കൺവേയർ ബെൽറ്റിൽ കിടക്കുന്നതാണ് കാണുന്നത്. കുറച്ച് ദൂരം അതിൽ കിടന്നുകൊണ്ട് തന്നെ യുവതി പോകുന്നതും കാണാം. ആവശ്യത്തിനുള്ള വീഡിയോ കിട്ടി എന്ന് മനസിലായതിന് പിന്നാലെ യുവതി അവിടെ നിന്നും എഴുന്നേൽക്കുന്നതും ചിരിക്കുന്നതും കാണാം.
വലിയ വിമർശനമാണ് നെറ്റിസൺസിന്റെ ഭാഗത്ത് നിന്നും യുവതിക്ക് നേരെ ഉണ്ടായിരിക്കുന്നത്. 'ആ വൈറസ് എയർപോർട്ടിലും എത്തിയോ' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.
വായിക്കാം: 'ക്ഷമ ചോദിക്കുന്നു, പിഴയൊടുക്കാൻ പണമില്ല, സഹായിക്കണം'; ആ വൈറൽ യുവതികൾ