യുവതിയുടെ മിന്നും പ്രകടനം, അതും സാരിയുടുത്ത്, അമ്പരപ്പിച്ച് വീഡിയോ
'അവൾ ഒരു വെള്ള സാരിയുടുത്താണ് ജിംനാസ്റ്റിക്സ് ചെയ്തിരുന്നെങ്കിൽ പേടിയാകുമായിരുന്നു' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ എഴുതിയിരിക്കുന്നത്.
സാരിയുടുക്കുക, സാരിയുടുത്ത് നടക്കുക എന്നതൊക്കെ കുറച്ച് മെനക്കേടുള്ള പണിയാണ്. എല്ലാവർക്കുമൊന്നും അതത്ര എളുപ്പത്തിൽ നടക്കില്ല. ഒട്ടും ഈസിയല്ലാത്ത വേഷം എന്നാണ് സാധാരണയായി സാരി അറിയപ്പെടുന്നത് തന്നെ. വിദേശികളൊക്കെ വളരെ അത്ഭുതത്തോടെ ഇന്ത്യൻ സ്ത്രീകൾ സാരിയുടുത്ത് അനായാസമായി നടക്കുന്നതും വിവിധ ജോലികൾ ചെയ്യുന്നതുമെല്ലാം വീക്ഷിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ വൈറലായി മാറുന്നത് ഒരു യുവതിയുടെ സാരിയുടുത്തുള്ള ജിംനാസ്റ്റിക് പ്രകടനങ്ങളാണ്.
പിങ്ക് സാരിയും ഓറഞ്ചു ബ്ലൗസും ധരിച്ച ഒരു യുവതിയേയാണ് വീഡിയോയിൽ കാണുന്നത്. അവളുടെ ജിംനാസ്റ്റിക് പ്രകടനങ്ങൾ ആരേയും അമ്പരപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പലർക്കും സാരിയുടുത്ത് നടക്കുക എന്നത് തന്നെ വളരെ പ്രയാസകരമാണ്. ആ സമയത്താണ് യുവതിയുടെ ഈ ആരേയും അമ്പരപ്പിക്കുന്ന പ്രകടനം എന്നോർക്കണം.
വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് Kairavii Rajput എന്ന യൂസറാണ്. 'അവൾ ഒരു വെള്ള സാരിയുടുത്താണ് ജിംനാസ്റ്റിക്സ് ചെയ്തിരുന്നെങ്കിൽ പേടിയാകുമായിരുന്നു' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ എഴുതിയിരിക്കുന്നത്. 534.9K വ്യൂ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'വെള്ള സാരിയിൽ ആരെങ്കിലും ഇത് ചെയ്യുന്നത് കണ്ടാൽ ഒരു രണ്ട് മൂന്നു പേരെങ്കിലും ഹൃദയാഘാതം വന്ന് മരിച്ചേനെ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
എന്നാൽ, എന്ത് കാര്യത്തിലും രണ്ട് പക്ഷമുണ്ടാകും എന്നാണല്ലോ പറയാറ്. അതുപോലെ, ഈ വീഡിയോയിലെ യുവതിയുടെ കഴിവിനെ അഭിനന്ദിച്ച് കമന്റിട്ടവർ അനവധിയുണ്ട്. അതുപോലെ തന്നെ വിമർശിച്ച് കമന്റിട്ടവരും കുറവല്ല. 'സാരിയുടുത്ത് ഇത് ചെയ്യണം എന്ന് എന്തായിരുന്നു നിർബന്ധം, സാരിയുടുത്ത് നടത്തുന്ന എന്തെങ്കിലും മത്സരം വരുന്നുണ്ടോ' എന്നാണ് വിമർശകർ കമന്റിട്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം