മന്ത്രിയുടെ മകനെ ബ്ലാക്ക്മെയിൽ ചെയ്തതിന് സഹോദരി കസ്റ്റഡിയിൽ, വിളിച്ചവർക്ക് കണക്കിന് കൊടുത്ത് യുവതി
'പൊലീസിൻ്റെ ചിത്രം കാണുമ്പോൾ ആളുകൾ ഭയക്കുകയും രണ്ടാമതൊന്ന് ആലോചിക്കാതെ പണം കൈമാറുകയും ചെയ്തേക്കാം. ഈ വഞ്ചനയെക്കുറിച്ച് അറിഞ്ഞതുകൊണ്ട് ഈ തട്ടിപ്പിൽ പെടാതെ താൻ രക്ഷപ്പെട്ടു. ദയവായി ഈ കാര്യം നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കുക, അതുവഴി നിങ്ങൾക്ക് അത്തരം തട്ടിപ്പുകൾ തടയാൻ കഴിയും.'
എങ്ങോട്ട് തിരിഞ്ഞാലും തട്ടിപ്പുകാരാണ്. കയ്യിലുള്ള കാശ് എപ്പോഴാണ്, എങ്ങനെയാണ് പോകുന്നത് എന്ന് പറയാനൊക്കില്ല. എന്നാൽ, ചിലർ കൃത്യമായി തട്ടിപ്പുകാരെ മനസിലാക്കുകയും ചതിയിൽ പെടാതെ രക്ഷപ്പെടുകയും ചെയ്യാറുണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇത്.
ചരൺജീത് കൗർ എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ അവൾക്ക് ഒരു ഫോൺ വന്നതായിട്ടാണ് കാണുന്നത്. അതിൽ രണ്ട് പൊലീസുകാരുടെ ചിത്രവും കാണാം. സ്വാഭാവികമായും ചിലരെങ്കിലും പൊലീസുകാരുടെ ചിത്രം കാണുമ്പോൾ ഭയപ്പെടുമല്ലോ? എന്നാൽ, യുവതിക്ക് അത് തട്ടിപ്പുകാരാണ് എന്ന് അപ്പോൾ തന്നെ മനസിലായിരുന്നു.
താൻ ഡൽഹി പൊലീസിൽ ഇൻസ്‌പെക്ടറാണെന്നാണ് വിളിച്ചയാൾ അവകാശപ്പെട്ടത്. ഒരു മന്ത്രിയുടെ മകനെ ബ്ലാക്ക്മെയിൽ ചെയ്തതിന് നിങ്ങളുടെ സഹോദരി ചരൺജീത് കൗർ അറസ്റ്റിലായി എന്നും വിളിച്ചയാൾ പറയുന്നു. സഹോദരിയെ വിട്ടയക്കണമെങ്കിൽ 20,000 രൂപ തരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എല്ലാം കൂടി കേട്ട യുവതി ആകെ ദേഷ്യപ്പെടുന്നതാണ് പിന്നെ കാണുന്നത്. 'നിങ്ങൾ പറയുന്ന ചരൺജീത് കൗർ ഞാൻ തന്നെയാണ്' എന്നും യുവതി പറയുന്നുണ്ട്.
'പൊലീസിൻ്റെ ചിത്രം കാണുമ്പോൾ ആളുകൾ ഭയക്കുകയും രണ്ടാമതൊന്ന് ആലോചിക്കാതെ പണം കൈമാറുകയും ചെയ്തേക്കാം. ഈ വഞ്ചനയെക്കുറിച്ച് അറിഞ്ഞതുകൊണ്ട് ഈ തട്ടിപ്പിൽ പെടാതെ താൻ രക്ഷപ്പെട്ടു. ദയവായി ഈ കാര്യം നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കുക, അതുവഴി നിങ്ങൾക്ക് അത്തരം തട്ടിപ്പുകൾ തടയാൻ കഴിയും' എന്നും യുവതി വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
വായിക്കാം: 'ആ വൈറസ് എയർപോർട്ടിലും എത്തിയോ?', ബാഗേജ് കൺവേയർ ബെൽറ്റിൽ യുവതിയുടെ റീൽ, വൻ വിമർശനം
സമാനമായ അനുഭവങ്ങളുണ്ടായി എന്ന് പറഞ്ഞുകൊണ്ട് അനേകം പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. ഒരാൾ പറഞ്ഞത്, ബലാത്സംഗം കേസിൽ പെട്ട് നിങ്ങളുടെ മകൻ അറസ്റ്റിലാണ് എന്ന് പറഞ്ഞുകൊണ്ടാണ് തന്നെ ഇതുപോലെ തട്ടിപ്പുകാർ വിളിച്ചത് എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം