നദിയുടെ മുകളിലൂടെ നടന്നു; 'നര്‍മ്മദാ ദേവി'യെന്ന് ജനം; അല്ലെന്ന് സ്ത്രീ, സത്യമെന്ത്?
നദിയിലൂടെ നടന്ന സ്ത്രീ, നര്‍മ്മദാ ദേവിയാണെന്ന അര്‍ത്ഥത്തില്‍ ഇവരെ 'മാ നര്‍മ്മദാ' എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പ്രദേശവാസികള്‍ വീഡിയോകള്‍ പങ്കുവച്ചത്. ഇവര്‍ക്ക് രോഗശാന്തിക്കുള്ള കഴിവുണ്ടെന്നും ഇതിനിടെ പ്രചരിച്ചു.
നര്‍മ്മദാ നദിയുടെ മുകളിലൂടെ നടന്ന ഒരു സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. തൊട്ട് പിന്നാലെ ഇവര്‍ 'നര്‍മ്മദാ ദേവി'യുടെ അവതാരമാണെന്ന് പ്രചരിച്ചതോടെ ഇവരെ കാണാനും അനുഗ്രഹം വാങ്ങാനും ജനത്തിരക്കേറി. ഒടുവില്‍ ഗതാഗതം പോലും സ്തംഭിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ പോലീസിനെ വിളിക്കേണ്ടിവന്നു. തുടര്‍ന്ന് പോലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട അവസ്ഥവരെയെത്തി കാര്യങ്ങള്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
ഒരു സ്ത്രീ നര്‍മ്മദാ നദിയുടെ തീരത്തിന് ഏതാണ്ട് സമീപത്തായി നടക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇവര്‍ നദിയിലൂടെ നടക്കുമ്പോള്‍ നദിയുടെ കരയിലൂടെ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയൊരു ജനാവലി അവരെ പിന്തുടരുന്നതും വീഡിയോയില്‍ കാണാം. നദിയിലൂടെ നടന്ന സ്ത്രീ, നര്‍മ്മദാ ദേവിയാണെന്ന അര്‍ത്ഥത്തില്‍ ഇവരെ 'മാ നര്‍മ്മദാ' എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പ്രദേശവാസികള്‍ വീഡിയോകള്‍ പങ്കുവച്ചത്. ഇവര്‍ക്ക് രോഗശാന്തിക്കുള്ള കഴിവുണ്ടെന്നും ഇതിനിടെ പ്രചരിച്ചു. ഇതോടെ ഇവരെ കാണാനും അനുഗ്രഹം വാങ്ങാനുമായി ഭക്തരുടെ പ്രവാഹമായി. ആളുകൂടിയതോടെ സംഗതി നാട് മൊത്തം അറിഞ്ഞു. തുടര്‍ന്ന് പോലീസെത്തുകയും ആളുകളെ നിയന്ത്രിക്കുകയുമായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
360 കിലോമീറ്റർ വ്യാസത്തിൽ ആകാശത്ത് ചുവന്ന മോതിരവളയം; അന്യഗ്രഹ ബഹിരാകാശ പേടകമെന്ന് നെറ്റിസണ്‍സ് !
2022 ല്‍ കാണാതായെന്ന് കുടുംബക്കാര്‍ പരാതി നല്‍കിയ നർമ്മദാപുരം സ്വദേശിയായ ജ്യോതി രഘുവംശി എന്ന സ്ത്രീയാണ് നദിയിലൂടെ നടന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തനിക്ക് അത്ഭുത സിദ്ധികളില്ലെന്നും മറ്റുള്ളവരെപ്പോലെ ഒരു സാധാരണ സ്ത്രീ മാത്രമാണെന്നും താന്‍ നര്‍മ്മദാ നദിയെ പ്രദക്ഷിണം ചെയ്യുന്നതിനായി തീർത്ഥാടനത്തിലാണെന്നും പ്രദക്ഷിണത്തിന്‍റെ ഭാഗമായാണ് നദീതീരത്ത് വെള്ളത്തിലൂടെ നടന്നതെന്നും അവര്‍ ദൈനിക് ഭാസ്‌കറിനോട് പറഞ്ഞു. തനിക്ക് നാടന്‍ വൈദ്യം അറിയാമെന്നും ആരെങ്കിലും രോഗവുമായി വന്നാല്‍ മരുന്ന് നല്‍കാറുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ജ്യോതി രഘുവംശിയുടെ കുടുംബത്തെ കണ്ടെത്തി. പത്ത് മാസം മുമ്പ് കാണാതായ ജ്യോതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. സത്യത്തില്‍ ജ്യോതി നര്‍മ്മദയ്ക്ക് മുകളിലൂടെ നടക്കുകയായിരുന്നില്ല. അവര്‍ തീരത്ത് നിന്ന് അകലെയായിരുന്നെങ്കിലും വേലിയിറക്ക സമയമായതിനാല്‍ നദിയില്‍ വെള്ളം കുറഞ്ഞിരുന്നു. ഈ സമയം ആഴം കുറഞ്ഞ നദിയില്‍ കൂടി ജ്യോതി രഘുവംശം നടന്നപ്പോള്‍ കരയില്‍ നിന്നവര്‍ക്ക് അവര്‍ വെള്ളത്തിലൂടെ നടക്കുന്നതായി തോന്നുകയായിരുന്നു. കാര്യമെന്തായാലും ജ്യോതിയെ അവരുടെ കുടുംബത്തോടൊപ്പം പോലീസ് പറഞ്ഞ് വിട്ടു.