ബാര്‍ബിക്യു പാര്‍ട്ടിക്ക് ക്ഷണിക്കാതെ വന്ന അതിഥികള്‍ ഭക്ഷണം കഴിച്ച് സുഖമായി മടങ്ങി !
പാര്‍ട്ടിക്കിടെ എത്തിയ ക്ഷണിക്കപ്പെടാത്ത രണ്ട് അതിഥികള്‍ അവിടെയുണ്ടായിരുന്ന മറ്റ് അതിഥികള്‍ നോക്കി നില്‍ക്കെ ഭക്ഷണം എല്ലാം കഴിച്ച് സുഖമായി മടങ്ങി.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വനാതിര്‍ത്തി പങ്കിടുന്ന ഭൂമിയിലെ എല്ലാ പ്രദേശത്തുമുണ്ട്. ഇതിന് മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കാട്ടിലെ ഭക്ഷണ ലഭ്യതയിലെ കുറവും പ്രധാന കാരണങ്ങളായി പറയുന്നു. ഒപ്പം മനുഷ്യനുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ രുചി അറിഞ്ഞ മൃഗങ്ങള്‍ വീണ്ടും വീണ്ടും അവ അന്വേഷിച്ച് മനുഷ്യവാസ പ്രദേശങ്ങളിലേക്ക് കടന്ന് കയറുമെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തില്‍ ഒരു കാട്ടാനയുടെ പേര് തന്നെ 'അരിക്കൊമ്പന്‍' എന്നാണ്. ഇതിന് കാരണം, ഈ കാട്ടാന അരിയുടെ രുചി അറിഞ്ഞ് അതില്‍ രസം പിടിച്ചതാണെന്ന് ഈ രംഗത്തെ വിദഗ്ദരും പറയുന്നു. ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ രണ്ട് കരടികള്‍ ഒരു പാര്‍ട്ടിക്കിടെ കയറി അവിടെ ഇരുന്ന ഭക്ഷ്യവസ്തുക്കളെല്ലാ തിന്ന് തിര്‍ക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. അവ മണിപിടിച്ച് എത്തിയതാണെന്ന് വ്യക്തം. ഓരോന്നും മണത്തി നോക്കി ആവശ്യമുള്ളത് തുറന്ന് അതിലുള്ള ഭക്ഷണം എടുത്ത് കഴിക്കുന്നതില്‍ കരടി പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.
യുഎസിലെ ടെന്നസിയിൽ നടന്ന ഒരു ബാർബിക്യൂ പാർട്ടിക്കിടെ ഉണ്ടായ സംഭവത്തിന്‍റെ വീഡിയോ ടിക്ടോക്കിലാണ് ആദ്യം പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വൈറലായതോടെ ഇത് യൂറ്റ്യൂബിലും പങ്കുവയ്ക്കപ്പെട്ടു. ഇല്ലിനോയിസിൽ നിന്നുള്ള മെലാനി ഫ്രൈയും സുഹൃത്തുക്കളും അവധിക്കാലത്ത് ഒരു ഔട്ട്ഡോർ വിരുന്നിനായി കൂടിയതായിരുന്നു. എന്നാല്‍, അവര്‍ ക്ഷണിക്കാതെ രണ്ട് അതിഥികള്‍ ഒപ്പം കൂടി. രണ്ട് കരടികളായിരുന്നു അത്. കരടികളെ കണ്ട് ഭയന്ന സംഘാംഗങ്ങള്‍ ഓടി ബാല്‍ക്കണിയില്‍ക്കയറി. എന്നാല്‍, കരടികള്‍ മനുഷ്യരെ തേടി വന്നതായിരുന്നില്ല. മറിച്ച് അവരൊരുക്കിയ ഭക്ഷണത്തിന്‍റെ മണം പിടിച്ച് വന്നതായിരുന്നു.
അവിടെ തുറന്ന് വച്ച ഭക്ഷണവും കോളകളും അകത്താക്കിയ ശേഷം ഒരു കരടി നേരെ ബാര്‍ബിക്യുവിന്‍റെ ഗ്രീല്‍ തുറന്ന് അതില്‍ പചകം ചെയ്യാനായി വച്ച ബര്‍ഗര്‍ മൊത്തം കഴിച്ച് തീര്‍ത്തു. ഏതാണ്ട് പത്തോളം ബര്‍ഗറുകള്‍ അതിലുണ്ടായിരുന്നു. ഇതിന്‍റെ വീഡിയോ മെലാനിയും സുഹൃത്തുക്കളും പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു. വീഡിയോയില്‍ കരടികള്‍ ഭക്ഷണം കഴിക്കുന്ന സമയമത്രയും മെലാനിയുടെയും സുഹൃത്തുക്കളുടെയും നിലവിളിയും സംഭാഷണങ്ങളും കേള്‍ക്കാം. എന്നാല്‍ കരടികള്‍ അതൊന്നും ശ്രദ്ധിക്കുന്നതേയുണ്ടായിരുന്നില്ല. കരടികളെ സ്ഥിരമായി കാണാറുള്ള ടെന്നസിയിലെ ഗാറ്റ്ലിൻബർഗിലാണ് സംഭവം. കറുത്ത കരടികളുടെ ആവാസ കേന്ദ്രമായ ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷണൽ പാർക്കിന് സമീപത്താണ് ഈ പ്രദേശം.