Viral Video : കാട്ടുപോത്തുകള്‍ തിരിഞ്ഞുനിന്നു, കണ്ടംവഴി ഓടി സിംഹിണികള്‍!
കുറച്ചു മുന്നിലായിരുന്ന മറ്റു കാട്ടുപോത്തുകള്‍ പെണ്‍സിംഹങ്ങളുടെ ആക്രമണം കണ്ടപാടേ സുഹൃത്തിന്റെ രക്ഷക്കായി പാഞ്ഞെത്തുന്നു.
സിംഹങ്ങളുടെ ഇഷ്ടഭക്ഷണമാണ് കാട്ടുപോത്തുകള്‍. ധാരാളം മാംസമുള്ള വലിയ മൃഗങ്ങളായതിനാല്‍ അവയിലൊന്നിനെ വേട്ടയാടാന്‍ കഴിഞ്ഞാല്‍, പിന്നെ നാലഞ്ച് ദിവസത്തേക്ക് സിംഹങ്ങള്‍ക്ക് കുശാലാണ്. വേട്ടയാടുന്ന ജോലി കൂടുതലും പെണ്‍സിംഹങ്ങളുടേതാണ്.
എന്നാല്‍, ഒട്ടും എളുപ്പമല്ല കാട്ടുപോത്തുകളെ വേട്ടയാടാന്‍. എപ്പോഴും കൂട്ടമായി നടക്കുന്ന അവ ആക്രമിക്കാന്‍ വരുന്ന സിംഹങ്ങളെ വായുവില്‍ തൂക്കിയെറിയും. ചിലപ്പോള്‍ ഓടിച്ചു വിടും.
കൂട്ടത്തില്‍ നിന്ന് അല്‍പ്പം അകലെയായി പോയ ഒരു പോത്തിനെ വേട്ടയാടാന്‍ കുറച്ച് പെണ്‍ സിംഹങ്ങള്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ വീഡിയോയില്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ വീഡിയോ.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാടിന്റെ മൂലയില്‍ ഒരു കൂട്ടം പോത്തുകള്‍ വിഹരിക്കുന്നത് കാണാം. അവയുടെ ഏറ്റവും പുറകിലായി ഒരു പോത്ത് കയറ്റം കയറാന്‍ സാധിക്കാതെ പ്രയാസപ്പെട്ട് നില്‍ക്കുന്നു.
പെട്ടെന്ന് അത് സംഭവിക്കുന്നു. പാത്തും പതുങ്ങിയും നിന്ന ഒരു കൂട്ടം പെണ്‍ സിംഹങ്ങള്‍ അവിടേക്ക് കുതിക്കുന്നു. അനങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന കാട്ടുപോത്തിന്റെ പുറകിലൂടെ പതുങ്ങി വന്ന് ആക്രമിക്കുന്നു. സിംഹങ്ങള്‍ക്ക് മണിക്കൂറില്‍ 59 കിലോമീറ്റര്‍ ദൂരം വരെ ഓടാന്‍ കഴിയുമെങ്കിലും, അത്ര വേഗതയില്‍ ഒരു പാട് ദൂരം അവയ്ക്ക് ഓടാനാവില്ല എന്നാണ് പറയുന്നത്. അതിനാലാണത്രെ ഇരകളുടെ വളരെ അടുത്ത് നിന്ന് മാത്രമേ അവ ആക്രമണം നടത്താറുള്ളൂ.
കാട്ടുപോത്തിന്റെ പിന്നില്‍ പതുങ്ങി എത്തിയ സിംഹം അതിനെ ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. അവളോടൊപ്പമുള്ള മറ്റ് സിംഹങ്ങളും സഹായിക്കാന്‍ ഒത്തു കൂടുന്നു.
എന്നാല്‍ തൊട്ടുപിന്നാലെ അവര്‍ക്ക് തിരിച്ചടി കിട്ടുന്നു.
കുറച്ചു മുന്നിലായിരുന്ന മറ്റു കാട്ടുപോത്തുകള്‍ പെണ്‍സിംഹങ്ങളുടെ ആക്രമണം കണ്ടപാടേ സുഹൃത്തിന്റെ രക്ഷക്കായി പാഞ്ഞെത്തുന്നു. പെണ്‍സിംഹം ഓടിച്ചെന്ന് ഇരയുടെ പുറത്ത് ചാടി വീഴാന്‍ ശ്രമിക്കുമ്പോള്‍, മുഴുവന്‍ പോത്തുകളും രക്ഷിക്കാന്‍ എത്തുന്നു. തുടര്‍ന്ന്, അവര്‍ സിംഹങ്ങളെ വിരട്ടി ഓടിക്കുന്നു. ഒടുവില്‍ താഴെ കുടുങ്ങിപ്പോയ പോത്ത് തിരികെ കയറി തന്റെ കൂട്ടത്തില്‍ ചേരുന്നതും വീഡിയോവില്‍ കാണാം.
നേരത്തെയും ഇത്തരം നിരവധി വീഡിയോകള്‍ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ഒരു കൂട്ടം പോത്തുകളെ ഭയന്ന് ഒരു ആഫ്രിക്കന്‍ സിംഹം തറയില്‍ നിന്ന് കുറച്ച് അടി ഉയരമുള്ള ഒരു മരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു.
പോത്തുകള്‍ മരത്തിന്റെ അടുത്തു നിന്നും സിംഹത്തെ നോക്കുന്നത് അതില്‍ കാണാം. സിംഹം വല്ലാതെ ഭയന്നിട്ടാണ് മരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍, സിംഹം ഇങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നത് മൂലം തളര്‍ന്നിട്ടുണ്ടാകാം എന്നൊരു സംശയവും നമുക്ക് വീഡിയോ കാണുമ്പോള്‍ തോന്നാം.
ആ വീഡിയോയും നിരവധിപേരാണ് കണ്ടതും, ലൈക് ചെയ്തതും. അതിന് താഴെ ചില നേരത്ത് വേട്ടക്കാരനും വേട്ടയാടപ്പെടും എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അവന് ഓടാനാവും എന്നാല്‍ ഒളിച്ചിരിക്കാനാവില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.