102 കോടി രൂപയുടെ ഓഹരിയുണ്ട്, എന്നിട്ടും ലളിതജീവിതം നയിക്കുന്ന വൃദ്ധൻ, നെറ്റിസണ്‍സിനെ ഞെട്ടിച്ച് വീഡിയോ
ഇത്രയൊക്കെ ഉണ്ടായിട്ടും അദ്ദേഹം ഒരു ലളിതമായ ജീവിതമാണ് നയിക്കുന്നത് എന്നും രാജീവ് മേത്ത പറയുന്നു.
ഓരോ ദിവസവും എത്രയെത്ര വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലേക്ക് വരുന്നത് അല്ലേ? ചിലതൊക്കെ സത്യമാണോ മിഥ്യയാണോ എന്ന് പോലും നമുക്ക് മനസിലാക്കാൻ സാധിക്കാറില്ല. അങ്ങനെ ഒരു പ്രശ്നം കൂടി സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നിലെത്തുന്ന ഈ വീഡിയോകൾക്ക് ഉണ്ട്. എന്നിരുന്നാലും ചില വീഡിയോകളെല്ലാം നമ്മെ അമ്പരപ്പിക്കാറുണ്ട് എന്നത് സത്യമാണ്.
അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ X (ട്വിറ്റർ) -ൽ വൈറലാവുന്ന ഈ വീഡിയോയും. വീഡിയോ പങ്ക് വച്ചിരിക്കുന്നത് ട്വിറ്റർ യൂസറായ Rajiv Mehta ആണ്. പ്രസ്തുത വീഡിയോയിൽ കാണുന്നത് പ്രായമായ ഒരു മനുഷ്യനെയാണ്. കോടിക്കണക്കിന് രൂപയുടെ ഷെയറുണ്ടായിട്ടും ലളിതമായ ജീവിതം നയിക്കുന്ന ഒരാളാണ് വീഡിയോയിൽ എന്നാണ് കാപ്ഷനിൽ പറയുന്നത്.
102 കോടി രൂപയുടെ ഓഹരികൾ തന്റെ കൈവശമുണ്ടെന്നാണ് വീഡിയോയിലുള്ള വൃദ്ധൻ അവകാശപ്പെടുന്നത്. എൽ ആൻഡ് ടിയിൽ 80 കോടി, അൾട്രാടെക് സിമന്റിൽ 21 കോടി, കർണാടക ബാങ്കിൽ 1 കോടി ഇങ്ങനെയാണ് വൃദ്ധന്റെ ഓഹരികൾ എന്നാണ് വീഡിയോയുടെ കാപ്ഷനിൽ രാജീവ് മേത്ത പറയുന്നത്. ഇത്രയൊക്കെ ഉണ്ടായിട്ടും അദ്ദേഹം ഒരു ലളിതമായ ജീവിതമാണ് നയിക്കുന്നത് എന്നും രാജീവ് മേത്ത പറയുന്നു.
ഏതായാലും, നെറ്റിസൺസിന് ഈ വീഡിയോ വളരെ അധികം ഇഷ്ടമായി. എന്നാലും ഇത്രയധികം ലളിതമായ ജീവിതം നയിക്കാൻ ഇങ്ങനെ സമ്പന്നനായ ഒരാൾക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് നെറ്റിസൺസിന്റെ പ്രധാന ചോദ്യം. അനേകം പേർ അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും സ്നേഹം അറിയിക്കുകയും ചെയ്തു.
അതേസമയം, ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെന്റ് റിസർച്ച് ആൻഡ് വെൽത്ത് മാനേജ്‌മെന്റ് സ്റ്റാർട്ടപ്പായ ക്യാപിറ്റൽമൈൻഡിന്റെ സ്ഥാപകനും സിഇഒയുമായ ദീപക് ഷേണായി ട്വീറ്റ് ചെയ്തത് അതൊരു മാന്യമായ തുക തന്നെയാണ്. എങ്കിലും ആ വൃദ്ധന്റെ മുഖം ബ്ലർ ചെയ്ത് വീഡിയോ ട്വീറ്റ് ചെയ്യുന്നത് നന്നായിരുന്നേനെ എന്നാണ്.