ഗോല്‍ഗപ്പയുടെ എണ്ണത്തെ ചൊല്ലി തര്‍ക്കം; പിന്നാലെ തെരുവില്‍ നടന്ന മല്ലയുദ്ധത്തിന്‍റെ വീഡിയോ വൈറല്‍ !
10 രൂപയ്ക്ക് എത്ര ഗോല്‍ഗപ്പ കിട്ടുമെന്നതായിരുന്നു തര്‍ക്കത്തിന് കാരണം. വാഗ്വാദം പതുക്കെ നടുറോഡിലുള്ള പൊരിഞ്ഞ പോരാട്ടത്തിന് വഴി തെളിച്ചു. പിന്നാലെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റ്.
കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തെരുവ് തര്‍ക്കങ്ങള്‍ ഇന്ത്യന്‍ തെരിവുകളില്‍ ഒരു അപൂര്‍വ്വ കാഴ്ചയല്ല. പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങള്‍ അവിടം കൊണ്ട് തീരുകയാണ് പതിവ്. എന്നാല്‍, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ (X) ഏറെ പ്രചരിക്കപ്പെട്ട ഒരു വീഡിയോയില്‍ ഇത്തരമൊരു സംഘര്‍ഷം നടുറോഡിലെ അടിയിലാണ് കലാശിച്ചത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം. 10 രൂപയ്ക്ക് നൽകുന്ന ഗോൽഗപ്പയുടെ എണ്ണത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിലാണ് പരസ്പരം അടി നടന്നതെന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 10 രൂപയ്ക്ക് ഏഴ് ഗോൾഗപ്പ മാത്രം ലഭിക്കുന്നതിനെ കുറിച്ച് ഉപഭോക്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്കും പിന്നാലെ അടിയിലേക്കും വഴിമാറിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കിഷോർ കുമാർ എന്ന ഉപഭോക്താവ് തട്ടുകട നടത്തുകയായിരുന്ന രാം സേവകിനെ ഒരു മല്ലയുദ്ധത്തിലെന്ന പോലെ നടുറോഡില്‍ എടുത്ത് മലര്‍ത്തിയടിച്ചു. സന്ധ്യ കഴിഞ്ഞ ശേഷമാണ് സംഭവം നടന്നത്. നടുറോഡില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ റോഡിലൂടെ കാറുകളും ബൈക്കുകളും ഇടയ്ക്ക് കടന്ന് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അകിൽ തിറഹയ്ക്ക് സമീപമുള്ള ഹാമിർപൂര്‍ നഗരത്തിലാണ് സംഭവം നടന്നത്. ആഗസ്റ്റ് 30 ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റെഴുതിയത്.
ലോകത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കൈയക്ഷരത്തിന്‍റെ ഉടമയെ അറിയാമോ ?
റഷ്യൻ ദമ്പതികളുടെ ആഴക്കടലിലെ റെക്കോർഡ് ഡെവിംഗിനിടെ അപ്രതീക്ഷിതമായി ഭാര്യയെ കാണാതായി !
'കടക്കാരന്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നു, യുപിയിൽ തെരുവിലെ ഗോൽഗപ്പകൾ അത്ര ചെലവേറിയതല്ല,' എന്നായിരുന്നു ഒരാള്‍ കമന്‍റ് ചെയ്തത്. എന്നാല്‍ മറ്റൊരു കുറിപ്പ് ഇങ്ങനെയായിരുന്നു, 'ഇവിടെ ബാംഗ്ലൂരിൽ, 30 രൂപയ്ക്ക് ആറ് ഗോൽഗപ്പയാണ് നല്‍കുന്നത്.' , 'ആരെങ്കിലും അവിടെ ഒരു റഫറിയെ അയയ്ക്കൂ,' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. സാമൂഹിക മാധ്യമങ്ങളില്‍ നടുറോഡില്‍ രണ്ട് പേര്‍ അടികൂടുന്ന വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, കിഷോർ കുമാറിനെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞെന്നും ഉടനെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് രാം സേവക് പോലീസില്‍ പരാതിപ്പെട്ടിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക