കൊബാള്‍ട്ട് ഖനിയില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളെ അതിസാഹസീകമായി രക്ഷിക്കുന്ന വീഡിയോ വൈറല്‍
ചെങ്കുത്തായി ഇടിച്ച ഒരു വലിയ കുഴിയുടെ ഏതാണ്ട് താഴ്ഭാഗത്തായി കൂടിയിരിക്കുന്നവരില്‍ ഒരാള്‍ അല്പം മണ്ണ് നീക്കുമ്പോള്‍ അവിടെ നിന്നും ഒരാള്‍ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് വരുന്ന കാഴ്ചയോടെയാണ് വീഡിയോ തുടങ്ങുന്നത്.
കോബാള്‍ട്ട് ഖനികള്‍ക്ക് ഏറെ പേരുകേട്ട രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഇലക്ട്രോണിക്ക് വാഹനങ്ങളിലേക്ക് ലോകം മാറിത്തുടങ്ങിയപ്പോള്‍ കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍ സജീവമായി. ഇന്ന് ഏറ്റവും തുച്ഛമായ കൂലിക്ക് തൊഴിലിടങ്ങളിലുള്ള പ്രദേശങ്ങളിലൊന്ന് കൂടിയാണ് കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍. സുരക്ഷിതത്വം ഏറ്റവും കുറവുള്ള തൊഴിലിടം. കഴിഞ്ഞ ദിവസം ഇത്തരമൊരു കോബാള്‍ട്ട് ഖനി അപകടത്തില്‍പ്പെട്ട ഒമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചു. അപകടകരമായ അവസ്ഥയില്‍ ഒമ്പത് തൊഴിലാളികളുടെ ജീവന്‍ രക്ഷപ്പെടുത്തുന്ന ആ വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി.
ലോകത്ത് ഇന്നും നിലനില്‍ക്കുന്ന തൊഴില്‍ ചൂഷണത്തിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു അത്. അധികാരികളെ ആരെയും തന്നെ വീഡിയോയില്‍ കാണാനില്ല. ചെങ്കുത്തായി ഇടിച്ച ഒരു വലിയ കുഴിയുടെ ഏതാണ്ട് താഴ്ഭാഗത്തായി കൂടിയിരിക്കുന്നവരില്‍ ഒരാള്‍ അല്പം മണ്ണ് നീക്കുമ്പോള്‍ അവിടെ നിന്നും ഒരാള്‍ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് വരുന്ന കാഴ്ചയോടെയാണ് വീഡിയോ തുടങ്ങുന്നത്. ആദ്യത്തെ ആള്‍ വന്നതിന് പിന്നാലെ മറ്റൊരാള്‍ അതെ സ്ഥലത്തെ മണ്ണ് വീണ്ടും നീക്കുന്നു. അപ്പോള്‍ മറ്റൊരാള്‍ കയറി വരുന്നു. അങ്ങനെ ഒന്നിന് പുറകെ ഒന്നായി ഒമ്പത് പേരാണ് കയറി വരുന്നത്. ഇതിനിടെയിലെല്ലാം മുകളില്‍ നിന്ന് വലിയ കല്ലുകളും മണ്ണും ഉരുണ്ടു വീഴുന്നു. കുഴി കുഴിക്കുന്ന ആളാകട്ടെ ഒരേ സമയം മുകളില്‍ നിന്നും മണ്ണ് വീഴുന്നത് ശ്രദ്ധിച്ചാണ് വെറും കൈകൊണ്ട് മണ്ണ് നീക്കുന്നത്.
ഓരോ ആളുകള്‍ പുറത്തേക്ക് വരുമ്പോഴും കൂടി നിന്നവര്‍ ആര്‍ത്ത് വിളിക്കുന്നു. അവസാനത്തെ ആളും പുറത്തേക്ക് വന്ന ശേഷം തൊഴിലാളികള്‍ ആഹ്ളാദപൂര്‍വ്വം തുള്ളിച്ചാടുന്നതും വീഡിയോയില്‍ ഉണ്ട്. ചുറ്റുമുള്ളവരുടെ ശബ്ദത്തിലൂടെ ഓരോരുത്തരുടെ രക്ഷപ്പെടലും കാഴ്ചയോടൊപ്പം നമ്മുടെ ഹൃദയത്തെ നേരിട്ട് സ്പര്‍ശിക്കുന്നു. Dripped Out Trade Unionists എന്ന ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് രാവിലെ ഈ സംഭവത്തിന്‍റെ വീഡിയോ തങ്ങളുടെ അക്കൗണ്ട് വഴി പുറത്ത് വിട്ടു. വീഡിയോ പങ്കുവച്ച് കൊണ്ട് അവര്‍ ഇങ്ങനെ എഴുതി. ' ലോകത്തില്‍ കോൾട്ടണിന്‍റെയും കൊബാൾട്ടിന്‍റെയും പകുതിയിലധികവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നാണ് വരുന്നത്. ഒരു ഖനി രക്ഷാപ്രവർത്തനത്തിന്‍റെ ഈ വീഡിയോ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നുവെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലും കുട്ടികള്‍ പോലും തൊഴിലെടുക്കുന്നവെന്ന കഠിനമായ ഓർമ്മപ്പെടുത്തലാണ്.' മണിക്കൂറുകള്‍ക്കകം 18,000 ത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
സൂര്യ നമസ്കാരം ചെയ്യുന്ന പുള്ളിപ്പുലി; ആരോഗ്യം സംരക്ഷിക്കുന്നവര്‍ വീഡിയോ കാണണമെന്ന് നെറ്റിസണ്‍സ്