95 വയസ്സുകാരന് വീട്ടുമുറ്റം വൃത്തിയാക്കി നൽകി അഗ്നിശമന സേനാംഗങ്ങൾ; കയ്യടിച്ച് സോഷ്യൽ മീഡിയ
ഒരു അഗ്നിശമനസേനാംഗം പുല്ല് പടർന്നു പിടിച്ചു കിടക്കുന്ന ഒരു പുൽത്തകിടി വൃത്തിയാക്കുമ്പോൾ സമീപത്തായി അത് നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്ന പ്രായമായ ഒരു മനുഷ്യനും മറ്റൊരു അഗ്നിശമന സേനാംഗവുമാണ് വീഡിയോയിൽ ഉള്ളത്.
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകൾ നമ്മെ ഏറെ സ്പർശിക്കാറുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അമേരിക്കയിലെ ടെക്സാസിൽ നിന്നുള്ളതായിരുന്നു ഈ വീഡിയോ എങ്കിലും ലോകം മുഴുവനും ഉള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കൾ വീഡിയോ കണ്ട് ഒരേ മനസ്സോടെ പറഞ്ഞത് ഹൃദയത്തിൽ തട്ടിയ കാഴ്ച എന്നായിരുന്നു. ശരിയായിരുന്നു അത്തരത്തിൽ ഒരു കാഴ്ചയായിരുന്നു ആ വീഡിയോ സമ്മാനിച്ചത്, ഏതാനും സെക്കന്റുകൾ മാത്രമാണ് വീഡിയോയ്ക്ക് ദൈർഘ്യമെങ്കിലും ഒരുതവണ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കും വിധം ഒരു വലിയ നന്മ അതിൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
അമേരിക്കയിലെ ടെക്സാസിൽ നിന്നുള്ള 95 വയസ്സുള്ള ഒരു മനുഷ്യനെ ഒരു കൂട്ടം അഗ്നിശമന സേനാംഗങ്ങൾ തന്റെ വീടിനു മുന്നിലെ കാടുപിടിച്ചു കിടക്കുന്ന പുൽത്തകിടി വെട്ടി വൃത്തിയാക്കാൻ സഹായിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു ഈ വീഡിയോയിൽ. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കയ്യടി നേടിയ ഈ വീഡിയോ ഓസ്റ്റിൻ ഫയർ ഡിപ്പാർട്ട്‌മെന്റ് തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'ഞങ്ങളുടെ E6/C-shift ക്രൂ ഇന്നലെ ഈ വീടിന് മുൻപിലൂടെ കടന്നുപോയി, അപ്പോൾ 95 വയസ്സുള്ള ആ വീട്ടിലെ താമസക്കാരൻ തന്റെ പുൽത്തകിടി വെട്ടാൻ പാടുപെടുന്നത് കണ്ടു. ഞങ്ങൾ അവിടെ വണ്ടി നിർത്തി അദ്ദേഹത്തെ സഹായിച്ചതിന് ശേഷം മടങ്ങാമെന്ന് കരുതി. സഹായം എത്ര ചെറുതായാലും വലുതായാലും അത് ആവശ്യപ്പെടുന്ന നേരത്ത് നൽകുന്നതിൽ അല്ലേ കാര്യം. അദ്ദേഹത്തെ സഹായിച്ച പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.' എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഓസ്റ്റിൻ ഫയർ ഡിപ്പാർട്ട്‌മെന്റ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഒരു അഗ്നിശമനസേനാംഗം പുല്ല് പടർന്നു പിടിച്ചു കിടക്കുന്ന ഒരു പുൽത്തകിടി വൃത്തിയാക്കുമ്പോൾ സമീപത്തായി അത് നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്ന പ്രായമായ ഒരു മനുഷ്യനും മറ്റൊരു അഗ്നിശമന സേനാംഗവുമാണ് വീഡിയോയിൽ ഉള്ളത്. പ്രായമായ ആ മനുഷ്യൻ അഗ്നിശമന സേനാംഗങ്ങളോട് എന്തൊക്കെയോ കാര്യങ്ങൾ സംസാരിക്കുന്നതും കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആളുകളാണ് കണ്ടത്. വളരെ മനോഹരമായ കാഴ്ച, നല്ല അയൽക്കാരായതിന് നന്ദി എന്നു തുടങ്ങി നിരവധി അഭിനന്ദന സന്ദേശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആവശ്യനേരത്ത് സഹായകരായി എത്തിയ ഈ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.