'ഇതേതാ രാജ്യം?'; ബൈക്കില്‍, കാല്‍നട യാത്രക്കാരോട് കൈവീശി കാണിച്ച് പോകുന്ന കരടിയുടെ വീഡിയോ വൈറല്‍
ബൈക്കിനോടൊപ്പം പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സൈഡ് സീറ്റില്‍, ഇരുന്ന് വഴിയാത്രക്കാരോട് കൈവീശി പോകുന്ന ഒരു കൂറ്റന്‍ ബ്രൌണ്‍ നിറത്തിലുള്ള കരടിയുടെ വീഡിയോയായിരുന്നു അത്.
സാധാരണയായി വളര്‍ത്ത് പട്ടികളെയും പൂച്ചകളെയും വളര്‍ത്തു പക്ഷികളെയും ആളുകള്‍ സ്വന്തം വാഹനങ്ങളില്‍ കയറ്റി യാത്ര പോകാറുണ്ട്. വളര്‍ത്ത് പട്ടികളെയും പൂച്ചകളെയും കൊണ്ട് ലോക സഞ്ചാരത്തിന് ഇറങ്ങിയവരും നമ്മുക്കിടയിലുണ്ട്. അതേസമയം കാറില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്ത് തന്‍റെ കൂറ്റന്‍ കാളയെ കയറ്റി യാത്ര ചെയ്യുന്ന ഒരു അമേരിക്കന്‍ കര്‍ഷകന്‍റെ വീഡിയോ കഴിഞ്ഞ വര്‍ഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചത്. മറ്റ് യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷയെ സംബന്ധിച്ച് നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അന്ന് ആശങ്ക പ്രകടിപ്പിച്ചു. കാളയുടെ കൂറ്റന്‍ കൊമ്പുകള്‍ കാറിന് വെളിയിലേക്ക് തള്ളി നിന്നിരുന്നത് അപകട സാധ്യത ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നൊരു വീഡിയോ പുറത്ത് വന്നപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
'ഒരു മോട്ടോർ സൈക്കിളിന്‍റെ സൈഡ്‍കാറിൽ കയറിയ കരടി ആളുകൾക്ക് നേരെ കൈവീശി. റഷ്യയിൽ ഒരു സാധാരണ ദിവസം.' എന്ന കുറിപ്പോടെ നേച്വര്‍ ഈസ് അമൈസിംഗ് എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോയായിരുന്നു അത്. ബൈക്കിനോടൊപ്പം പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സൈഡ് സീറ്റില്‍, ഇരുന്ന് വഴിയാത്രക്കാരോട് കൈവീശി പോകുന്ന ഒരു കൂറ്റന്‍ ബ്രൌണ്‍ നിറത്തിലുള്ള കരടിയുടെ വീഡിയോയായിരുന്നു അത്. കരടിയുടെ പേര് ടിം. ആള് ഏരിയ 29 സർക്കസിലെ പ്രശസ്തനായ കരടിയാണ്. പോളാർ വോൾവ്സ് ക്ലബ്ബിൽ നിന്നുള്ള ഒരാളും പരിശീലകനും ഒപ്പമായിരുന്നു കരടിയുടെ യാത്ര. വീഡിയോയില്‍ കരടി വളരെ ആസ്വദിച്ചാണ് യാത്ര ചെയ്തിരുന്നത്.
'സഞ്ചാരികള്‍ ഇനി ഇതുവഴി വരണ്ട'; സഞ്ചാരികളെ നിരോധിക്കാന്‍ സ്പെയിനിലെ ഈ ഗ്രാമം
റഷ്യയിലെ സിക്റ്റിവ്‌കറിലെ തെരുവിൽ നിന്നുള്ള വീഡിയോയാണ് ഇതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 2017 -ല്‍ നിക്കോളാസ് പാസിൻകോവ് എന്നയാള്‍ പകര്‍ത്തിയ വീഡിയോയായിരുന്നു അത്. വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വൈറലായി. 'കാരണമുണ്ട്. കരടി ഭക്ഷണം കഴിച്ചു. ഇനി കുറച്ച് ശുദ്ധവായു ലഭിക്കാന്‍ അത് ആവശ്യമായിരുന്നു.' ഒരു കാഴ്ചക്കാരനെഴുതി. 'റഷ്യയിലെ യൂബർ ഡ്രൈവറുകൾ മറ്റെവിടെയെക്കാളും മികച്ചതാണ്,' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'സത്യസന്ധമായി റഷ്യ വളരുകയാണ്. ഇത് മൃഗ പീഡനമല്ല. കരടിയെ വളർത്തുമൃഗമായും സുഹൃത്തായും പരിഗണിക്കുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. ഒന്നര കോടിക്ക് മേലെ ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്.
വാഴപ്പഴം പഴുപ്പിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ രീതി; വീഡിയോ കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ