പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി; കുഞ്ഞിനെ പിടികൂടാനെത്തിയ മുതലയെ അക്രമിച്ചോടിച്ച് അമ്മയാന
അമ്മയാന നോക്കി നിന്നില്ല. അത് തന്റെ സകല ശക്തിയുമെടുത്ത് കുട്ടിയാനയെ മുതലയുടെ വായിൽ നിന്നും രക്ഷപ്പെടുത്തി സുരക്ഷിതമായി തന്റെ കാലുകൾക്ക് ഉള്ളിലാക്കി. പിന്നെ വൈകിയില്ല, മുതലയെ തുമ്പിക്കൈ കൊണ്ട് അടിച്ചും കാലുകൾ കൊണ്ട് ചവിട്ടിയും തുരത്തിയോടിക്കാനുള്ള ശ്രമം ആരംഭിച്ചു.
അമ്മയുടെ സ്നേഹത്തിന് അതിരുകളില്ല എന്നാണല്ലോ പറയാറ്. അത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും സത്യമാണ് എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ.
മുതലയുടെ പിടിയിൽ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരു അമ്മയാനയുടെ പരിശ്രമം ആയിരുന്നു ഈ വീഡിയോയിൽ. അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന്റെ ഈ വീഡിയോ ഐഎഎസ് ഓഫീസർ ആയ സുപ്രിയ സാഹു ആണ് ട്വിറ്ററിലൂടെ ഓൺലൈനിൽ പങ്കിട്ടത്. ഏപ്രിൽ 13 -ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
വനമേഖലയോട് ചേർന്നത് എന്ന് തോന്നിപ്പിക്കുന്നിടത്തുള്ള ചെളി നിറഞ്ഞ ഒരു ചെറിയ കുളത്തിൽ വെള്ളം കുടിക്കാനായി എത്തിയതായിരുന്നു അമ്മ ആനയും കുട്ടി ആനയും. പക്ഷെ ആ കുളത്തിനടിയിൽ അവരെ ആക്രമിക്കാൻ തക്കം പാർത്ത് ഒരു മുതല പതിയിരിപ്പുണ്ടെന്ന് അവർ അറിഞ്ഞിരുന്നില്ല. അമ്മ ആനയും കുട്ടി ആനയും വെള്ളം കുടിക്കാനായി തുടങ്ങി. അമ്മ ആന കരയ്ക്ക് തന്നെ നിന്നായിരുന്നു വെള്ളം കുടിച്ചത്. പക്ഷെ ആനക്കുട്ടിയ്ക്ക് വെള്ളം കണ്ടപ്പോൾ അതിലിറങ്ങാൻ ഒരു മോഹം. അത് കുളത്തിലേക്കിറങ്ങി വെള്ളം കുടിച്ച് തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത്. വെള്ളത്തിനടിയിൽ പതിയിരുന്ന മുതല ഞൊടിയിടയിൽ പൊങ്ങി വന്ന് ആനക്കുട്ടിയുടെ കാലിൽ കടിച്ച് വെളത്തിലേക്ക് താഴ്ത്താൻ ശ്രമം നടത്തി.
പക്ഷേ, അമ്മയാന നോക്കി നിന്നില്ല. അത് തന്റെ സകല ശക്തിയുമെടുത്ത് കുട്ടിയാനയെ മുതലയുടെ വായിൽ നിന്നും രക്ഷപ്പെടുത്തി സുരക്ഷിതമായി തന്റെ കാലുകൾക്ക് ഉള്ളിലാക്കി. പിന്നെ വൈകിയില്ല, മുതലയെ തുമ്പിക്കൈ കൊണ്ട് അടിച്ചും കാലുകൾ കൊണ്ട് ചവിട്ടിയും തുരത്തിയോടിക്കാനുള്ള ശ്രമം ആരംഭിച്ചു. അമ്മ ആനയുടെ ആക്രമണത്തിന് മുൻപിൽ അധിക നേരം പിടിച്ചു നിൽക്കാൻ മുതലയ്ക്കായില്ല. അത് ജീവനുംകൊണ്ട് കുളത്തിൽ നിന്നും കരയ്ക്ക് കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിൽ. ഈ സമയം പേടിച്ച് അവശനായ തന്റെ കുഞ്ഞിനെ അമ്മ ആന ആശ്വസിപ്പിക്കുന്നതും കാണാം വീഡിയോയിൽ.