കാട്ടിലേക്ക് പ്ലാസ്റ്റിക് വലിച്ചെറിയും മുമ്പ് ആലോചിക്കണം, ഓർമ്മപ്പെടുത്തലായി വീഡിയോ
നിരവധിപ്പേർ വീഡിയോ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. മിക്കവരും കാടുകളിലേക്ക് പ്ലാസ്റ്റിക് ബാഗുകളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ അപകടത്തെ കുറിച്ച് ഓർമ്മിപ്പിക്കുക തന്നെയാണ് ചെയ്തത്.
ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നു തന്നെയാണ് മലിനീകരണം, പ്രത്യേകിച്ചും പ്ലാസ്റ്റിക് മലിനീകരണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആഗോളതല ഉച്ചകോടികളിലെല്ലാം തന്നെ പ്ലാസ്റ്റിക് മലിനീകരണം ചർച്ചയാവാറും ഉണ്ട്. എന്നിരുന്നാലും ഇപ്പോഴും ആ വിപത്തിനെ മറി കടക്കുവാൻ നമുക്ക് സാധിച്ചിട്ടില്ല. അതിന് വളരെ വലിയ പോരാട്ടം തന്നെ വേണ്ടി വരും എന്നാണ് കരുതുന്നത്. പലയിടങ്ങളിലും ആളുകൾ പ്ലാസ്റ്റിക് വലിച്ചെറിയുന്ന വീഡിയോകളും മറ്റും നാം കണ്ടിട്ടുണ്ടാകും. നമ്മിൽ പലരും ഒരുപക്ഷേ ഇതുപോലെ പ്ലാസ്റ്റിക് വലിച്ചെറിയുന്നവരും ഉണ്ടാകും. അതുണ്ടാക്കുന്ന വിപത്തുകളെ സൂചിപ്പിക്കുന്ന ഒരു വീഡിയോയാണ് ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ പങ്കിട്ടിരിക്കുന്നത്.
ടൂറിസ്റ്റുകൾ പലപ്പോഴും കാട്ടിലും ബീച്ചിലും ഒക്കെ സന്ദർശനം നടത്തുമ്പോൾ കയ്യിലിരിക്കുന്ന പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കാണാം. അങ്ങനെ കാട്ടിൽ വലിച്ചെറിയപ്പെട്ട ഒരു പ്ലാസ്റ്റിക് കഷ്ണം തിന്നാൻ ശ്രമിക്കുന്ന കടുവയാണ് വീഡിയോയിൽ. വീഡിയോയുടെ തുടക്കത്തിൽ തന്നെ ഒരു കടുവ ഓടി വരുന്നത് കാണാം. നേരെ അത് പോകുന്നത് ഒരു പ്ലാസ്റ്റിക് ബാഗിന്റെ അടുത്തേക്കാണ്. തുടർന്ന് അത് പരിശോധിക്കുന്നു. തനിക്ക് കഴിക്കാൻ പറ്റുന്ന എന്തെങ്കിലും ആണോ എന്നാവണം പരിശോധന.
കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കണം. അവയുടെ ഭക്ഷ്യശ്യംഖലകളിലേക്ക് പ്ലാസ്റ്റിക് എത്തിപ്പെടുന്നത് വലിയ അപകടം ഉണ്ടാക്കും എന്നും സുശാന്ത നന്ദ ഓർമ്മിപ്പിക്കുന്നുണ്ട്. നിരവധിപ്പേർ വീഡിയോ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. മിക്കവരും കാടുകളിലേക്ക് പ്ലാസ്റ്റിക് ബാഗുകളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ അപകടത്തെ കുറിച്ച് ഓർമ്മിപ്പിക്കുക തന്നെയാണ് ചെയ്തത്. സമാനമായ അപകടത്തെ കാണിക്കുന്ന ചില ചിത്രങ്ങളും ചിലർ ട്വീറ്റ് ചെയ്തു.