മുട്ടിടിക്കാതെ കയറന്‍ പറ്റില്ല ഈ പടിക്കെട്ടുകള്‍; വൈറലായി തായ്ഷാന്‍ പര്‍വ്വതാരോഹണം
മേഘങ്ങള്‍ തഴുകി പോകുന്ന മലയുടെ പടിക്കെട്ടിലൂടെ ആളുകള്‍ വടി കുത്തിയും നാല് കാലില്‍ ഇഴഞ്ഞും കയറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
പടികെട്ടുകള്‍ കയറുമ്പോള്‍ കാല്‍ മുട്ടുകള്‍ കൂട്ടിയിടിച്ച് നടക്കാനാകാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കില്‍ അത്തരമൊരു അനുഭവത്തിനായി ചൈനയിലെ തായ്ഷാന്‍ പര്‍വ്വതം കയറാം. തായ്ഷാനില്‍ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം ഈ 'മുട്ടിടി' വൈറലായത്. ചൈനയിലെ ഏറ്റവും പ്രശസ്തമായതും ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നതുമായ പര്‍വതമാണ് തായ്ഷാന്‍ ('ഷാൻ' എന്നാൽ മന്ദാരിൻ ഭാഷയിൽ പർവ്വതം എന്നർത്ഥം). 6,600 പടികളാണ് തായ്ഷാനിലുള്ളത്.
വീഡിയോയില്‍ മേഘങ്ങള്‍ തഴുകി പോകുന്ന മലയുടെ പടിക്കെട്ടിലൂടെ ആളുകള്‍ വടി കുത്തിയും നാല് കാലില്‍ ഇഴഞ്ഞും കയറാന്‍ ശ്രമിക്കുന്നു. ചിലര്‍ നടക്കാന്‍ വയ്യാതെ കാലുകള്‍ രണ്ടും ചിറച്ച് ചിറച്ച് താഴെ വീഴുന്നു. ഇങ്ങനെ താഴെ വീഴുന്ന ആളുകളെ താങ്ങിയെടുത്ത് സ്ട്രക്ച്ചറില്‍ കിടത്തി കൊണ്ട് പോകുന്ന ചില വളണ്ടിയര്‍മാരെയും വീഡിയോയില്‍ കാണാം. മിക്കയാളുകളും വടിയും കുത്തിയാണ് പടിക്കെട്ടുകള്‍ കയറുന്നത്. ചിലര്‍ നടക്കാനാകാതെ പടിക്കെട്ടുകളില്‍ ഇരിക്കുന്നു. എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം എഴുപത്തിയെട്ട് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റുകളെഴുതാനെത്തി.
ലംബോര്‍ഗിനിയുടെ മുകളിലേക്ക് ഓടിക്കയറി നൃത്തം ചെയ്ത് യുവതി; കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ
'ചെറുപ്പക്കാരൊക്കെ പെട്ടെന്ന് വയസായ പോലെ...' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. നിരവധി പേര്‍ ചൈനയിലെ പ്രസിദ്ധമായ കുങ് ഫു പാണ്ട സിനിമയിലെ പോയുടെ ചിത്രങ്ങള്‍ പങ്കുവച്ചു. മൂന്ന് നൂറ്റാണ്ടിലേറെയായി തായ്ഷാന്‍ വിശുദ്ധ പര്‍വതമായി കണക്കാക്കുന്നെന്ന് യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് പറയുന്നു. 25,000 ഹെക്ടർ വിസ്തൃതിയുള്ള പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതത്തിന് 1,545 മീറ്റര്‍ ഉയരമാണുള്ളത്. വലിയൊരു പാറയിലാണ് പര്‍വ്വതത്തിന്‍റെ പ്രധാനഭാഗം. ടെമ്പിൾ ടു ദ ഗോഡ് ഓഫ് തായ്‌ഷാൻ എന്ന പര്‍വ്വത മുകളിലെ ക്ഷേത്രത്തില്‍ 1,009 മുതലുള്ള താവോയിസ്റ്റ് മാസ്റ്റർപീസ് പെയിന്‍റിംഗുകള്‍ കാണാം. ഹാൻ രാജവംശത്തിലെ രാജ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഇവിടെയുണ്ട്. നിരവധി പുരാണ ബുദ്ധ ഗ്രന്ഥങ്ങളും ഈ ക്ഷേത്രത്തില്‍ സംരക്ഷിക്കപ്പെടുന്നു.