ഇര വിഴുങ്ങി, ഒരടിപോലും അനങ്ങാനാവാതെ പെരുമ്പാമ്പ്, വീഡിയോ പങ്കിട്ട് ഐഎഫ്‍എസ് ഓഫീസർ
സുശാന്ത നന്ദ വീഡിയോ ഷെയർ ചെയ്തുകൊണ്ട് എഴുതിയത് 'സന്തോഷകരമായ ഭക്ഷണത്തിന് ശേഷം കെണിയിലകപ്പെട്ടു' എന്നാണ്.
ഒരു ഭീമൻ പെരുമ്പാമ്പിനെ കണ്ടാൽ എന്താവും ഒരു സാധാരണ മനുഷ്യന്റെ അവസ്ഥ? പേടിച്ച് വിറച്ചു പോകും അല്ലേ? വലിപ്പത്തിന് പേരുകേട്ട പാമ്പുകളാണ് ഇവ. വിഷമില്ലെങ്കിലും ഇരയെ കിട്ടിയാൽ വരിഞ്ഞുമുറുക്കി കൊന്നുകളയും പെരുമ്പാമ്പുകൾ. ഏതായാലും വയറുനിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഏത് പെരുമ്പാമ്പായാലും അനങ്ങാനിത്തിരി ബുദ്ധിമുട്ടും എന്ന് കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഒരു പെരുമ്പാമ്പ് ഒരു കയറിൽ നിന്നും തന്റെ ശരീരം വിടുവിക്കാനുള്ള കഠിനപ്രയത്നം നടത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒരു വേലി കടന്ന് പുറത്തേക്ക് പോകണം എന്ന് പാമ്പിന് ആഗ്രഹമുണ്ട്. അതിനായി ശ്രമിക്കുന്നുമുണ്ട്. എന്നാൽ, ഇരയെ വിഴുങ്ങിയത് കൊണ്ടാകണം അതിന് തന്റെ ശരീരം ഉയർത്താൻ പോലും സാധിക്കുന്നില്ല. നിരവധിപ്പേരാണ് പെരുമ്പാമ്പിന്റെ ഈ വീഡിയോ കണ്ടത്. പാമ്പിന്റെ വലിപ്പം ആളുകളെ അമ്പരപ്പിച്ചു.
news.com.au- യിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ക്വീൻസ്‌ലൻഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ബ്രയാൻ ഫ്രൈ, വീഡിയോയിൽ കാണുന്നത് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഇനം പാമ്പുകൾക്ക് വിഷമില്ല. അതേ സമയം തന്നെ, ബ്രയാൻ ഈ വീഡിയോ കണ്ട് താൻ നിരാശനാണ് എന്നും ഇത് പാമ്പിനെ ഉപദ്രവിക്കുകയാണ് (animal abuse) എന്നും അഭിപ്രായപ്പെട്ടു.
സുശാന്ത നന്ദ വീഡിയോ ഷെയർ ചെയ്തുകൊണ്ട് എഴുതിയത് 'സന്തോഷകരമായ ഭക്ഷണത്തിന് ശേഷം കെണിയിലകപ്പെട്ടു' എന്നാണ്. നിരവധിപ്പേർ പാമ്പിനെ കുറിച്ച് തങ്ങൾക്കറിയാവുന്ന വിവരങ്ങൾ പങ്ക് വച്ചു. ഇതിന് വിഷമില്ലെന്നും സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഇവയെ കാണാമെന്നും ഒക്കെ അതിൽ പെടുന്നു.
വായിക്കാം: കണ്ണടച്ച് തുറക്കുന്ന വേഗം പോലും വേണ്ട, ഒരു പന്ത് രണ്ട് കഷ്ണം, അമ്പരപ്പിക്കും വീഡിയോ..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: