കത്തുന്ന വെയിൽ, ചെരിപ്പ് പോലുമില്ലാതെ, പൊളിഞ്ഞ കസേരയുടെ സഹായത്തോടെ പെൻഷൻ വാങ്ങാൻ പോകുന്ന വൃദ്ധ
പെൻഷൻ വാങ്ങുന്നതിന് വേണ്ടി ബാങ്കിൽ പോയി എങ്കിലും രേഖകളിലെ കയ്യൊപ്പുമായി സാമ്യമില്ല എന്ന് കാണിച്ച് അവർക്ക് പെൻഷനും കിട്ടിയില്ല. അതിനാൽ തന്നെ പെൻഷൻ വാങ്ങാതെ വീട്ടിലേക്ക് തിരികെ പോകേണ്ടി വരികയായിരുന്നു.
സർക്കാരിൽ നിന്നുള്ള വിവിധ പെൻഷനുകൾ സാധാരണക്കാർക്ക് ആശ്വാസമാണ് എന്നതിൽ സംശയമില്ല. എന്നാൽ, വയോജനങ്ങളെയും മറ്റും സംബന്ധിച്ച് കിലോമീറ്ററുകളോളം നടന്ന് ആ പെൻഷൻ വാങ്ങേണ്ടി വരിക എന്നത് എന്തൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോയിൽ വൃദ്ധയായ ഒരു സ്ത്രീ ചെരിപ്പു പോലും ഇടാതെ ഒരു പൊട്ടിപ്പൊളിഞ്ഞ കസേരയിൽ പിടിച്ച് പെൻഷൻ വാങ്ങാൻ പോകുന്നതാണ് കാണാനാവുന്നത്.
ഏപ്രിൽ 17 -ന് ഒഡീഷയിലെ നബ്രംഗ്പൂർ ജില്ലയിലെ ഝരിഗാവ് ബ്ലോക്കിലാണ് സംഭവം നടന്നത്. 70 വയസുള്ള സ്ത്രീയാണ് കത്തുന്ന ചൂടിൽ തനിക്ക് അവകാശപ്പെട്ട പെൻഷൻ വാങ്ങാൻ കഷ്ടപ്പെട്ട് ഈ യാത്രയത്രയും നടത്തിയത്. സൂര്യ ഹരിജൻ എന്ന ദരിദ്രയായ വൃദ്ധയാണ് വീഡിയോയിൽ. ഇവരുടെ മൂത്ത മകൻ മറ്റൊരു സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. ഇളയ മകന്റെ കുടുംബത്തോടൊപ്പമാണ് സൂര്യ ഹരിജൻ താമസിക്കുന്നത്. മറ്റുള്ളവരുടെ കന്നുകാലികളെ മേച്ചാണ് മകനും കുടുംബവും ഉപജീവനം കഴിക്കുന്നത്. സ്വന്തമായി കൃഷിഭൂമിയുമില്ല. ഒരു കുടിലിലാണ് ഇവരെല്ലാം കഴിയുന്നത്.
പെൻഷൻ വാങ്ങുന്നതിന് വേണ്ടി ബാങ്കിൽ പോയി എങ്കിലും രേഖകളിലെ കയ്യൊപ്പുമായി സാമ്യമില്ല എന്ന് കാണിച്ച് അവർക്ക് പെൻഷനും കിട്ടിയില്ല. അതിനാൽ തന്നെ പെൻഷൻ വാങ്ങാതെ വീട്ടിലേക്ക് തിരികെ പോകേണ്ടി വരികയായിരുന്നു. എസ്‍ബിഐ മാനേജർ പറയുന്നത് പണം പിൻവലിക്കാൻ പറ്റാത്തതിന് കാരണം അവരുടെ വിരലുകൾക്കേറ്റ പരിക്കാണ് എന്നാണ്. ബാങ്ക് ആ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നും മാനേജർ പറയുന്നു. ഇങ്ങനെ വൃദ്ധരായ ആളുകൾക്ക് പെൻഷൻ എത്തിച്ചു കൊടുക്കുന്നതിനെ കുറിച്ച് ഗ്രാമത്തിലുള്ളവരെല്ലാം കൂടി ആലോചിച്ചു എന്നും വേണ്ടത് ചെയ്യും എന്നും ഗ്രാമത്തിലെ സർപഞ്ചും പറയുന്നു.
അതേസമയം കത്തുന്ന വെയിലിൽ ചെരിപ്പ് പോലും ധരിക്കാതെ പൊളിഞ്ഞ ഒരു കസേരയുടെ സഹായത്തോടെ നടന്നു നീങ്ങുന്ന വൃദ്ധയുടെ വീഡിയോ അനേകം പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തത്.