ആഹാ, എന്തൊരു ഭംഗി, കണ്ടാൽ കണ്ടുകൊണ്ടേയിരിക്കും, കോക്ക്പിറ്റിൽ നിന്നും അതിമനോഹരമായൊരു രാത്രിദൃശ്യം
ഇരുട്ടിൽ മേഘങ്ങൾക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന അനുഭവമാണ് വീഡിയോ കാഴ്ചക്കാർക്ക് നൽകുന്നത്.
രാത്രിയിൽ ആകാശത്ത് മിന്നിമറയുന്ന നക്ഷത്രങ്ങളെയും ഒളിച്ച് കളിക്കുന്ന ചന്ദ്രനെയും ലക്ഷ്യമില്ലാതെ പായുന്ന മേഘങ്ങളെയും ഒക്കെ നോക്കി നിൽക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ആ ആകാശത്ത് ചെന്ന് നമ്മുടെ ഈ കൊച്ചു ലോകത്തേക്ക് ഒന്ന് നോക്കണം എന്ന്? എത്രമാത്രം മനോഹരമായിരിക്കും കാഴ്ചകൾ എന്ന് അറിയണമെന്ന്? എങ്കിൽ ഇതാ ഈ ദൃശ്യങ്ങൾ ഒന്ന് കണ്ടു നോക്കൂ.
ഒരു പൈലറ്റിന്റെ കാഴ്ചയിൽ നിന്ന് ലോകത്തെ കാണിക്കുന്ന ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വളരെയധികം സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. രാത്രികാല ദൃശ്യങ്ങൾ ആയതുകൊണ്ട് തന്നെ ഏറെ മനോഹരമായ കാഴ്ചയാണ് ഈ വീഡിയോ സമ്മാനിക്കുന്നത്. ഇരുട്ടിൽ മേഘങ്ങൾക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന അനുഭവമാണ് വീഡിയോ കാഴ്ചക്കാർക്ക് നൽകുന്നത്. വിമാനം ചാരനിറത്തിലുള്ള മേഘരൂപങ്ങൾക്ക് മുകളിലൂടെ നീങ്ങുമ്പോൾ, താഴെ ഒരു വിസ്മയകരമായ കാഴ്ച ദൃശ്യമാകുന്നു. കടലും, കടൽത്തീരങ്ങളും മിന്നിത്തിളങ്ങുന്ന പറുദീസ പോലെ തോന്നിപ്പിക്കുന്ന നഗരങ്ങളും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളാണ്. “കോക്ക്പിറ്റിൽ നിന്നുള്ള രാത്രി കാഴ്ച!” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇതിനോടകം നിരവധി ആളുകൾ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഈ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ എത്ര രൂപ കൊടുക്കണം എന്നാണ് വീഡിയോ കണ്ട ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് രസകരമായി കുറിച്ചത്.
ഈ വർഷം മെയ് മാസത്തിൽ സമാനമായ മറ്റൊരു വീഡിയോ വൈറലായിരുന്നു. ഒരു വിമാനത്തിലെ യാത്രക്കാർക്ക് അവരുടെ വിൻഡോ സീറ്റുകളിലൂടെ നോർത്തേൺ ലൈറ്റുകൾ അല്ലെങ്കിൽ അറോറ ബൊറിയാലിസ് കാണാൻ കഴിഞ്ഞതിന്റെ ദൃശ്യങ്ങൾ ആയിരുന്നു ഇത്. ആകാശത്തിലെ വർണ്ണാഭമായ വെളിച്ചങ്ങളുടെ കൂടിച്ചേരലാണ് ഇത്. ഭൂമധ്യരേഖയ്ക്ക് ഏകദേശം 66.5 ഡിഗ്രി വടക്കും തെക്കും സ്ഥിതി ചെയ്യുന്ന ആർട്ടിക്, അന്റാർട്ടിക്ക് സർക്കിളുകൾക്ക് സമീപം മിക്കവാറും എല്ലാ രാത്രികളിലും അറോറകൾ ദൃശ്യമാണ്. ആർട്ടിക് സർക്കിളിനുള്ളിലോ അതിനടുത്തോ കിടക്കുന്ന ഐസ്‌ലാൻഡ്, നോർവേ, സ്വീഡൻ, ഫിൻലാൻഡ് എന്നീ നോർഡിക് രാജ്യങ്ങളാണ് ഈ വിസ്മയക്കാഴ്ച കാണാനുള്ള ഏറ്റവും നല്ല സ്ഥലങ്ങൾ.
വായിക്കാം: അപരിചിതരായ യുവാവും യുവതിയും, വെളുത്ത നിറമുള്ള മുറിയിൽ 100 ദിവസം, നാലുകോടി രൂപ സമ്മാനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം