ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിൽ പരസ്യമായി മയക്കുമരുന്നുപയോഗിച്ച് യുവാവ്? വൈറൽ വീഡിയോ
സംഭവത്തെക്കുറിച്ച് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതിനെല്ലാം പുറമേ ലോക്‌സഭാ എംപിയും എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെയും വൈറൽ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്.
മുംബൈ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിൽ യുവാവ് പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചതായി ആരോപണം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലേഡീസ് കോച്ചിൽ കയറിയ യുവാവ് ഇടയ്ക്കിടയ്ക്ക് കയ്യിൽ കരുതിയ തൂവാല മുഖത്തോടടുപ്പിച്ച് മണക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ.
തുണിയിൽ നിന്ന് മയക്കുമരുന്ന് ശ്വസിക്കുന്നതാണ് ഇയാൾ എന്നാണ് ആരോപണം. ബുധനാഴ്ച വൈകുന്നേരമാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. സമൃദ്ധി താക്കറെ എന്ന എക്സ് ഉപഭോക്താവാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. ബന്ധപ്പെട്ട അധികാരികൾ വിഷയം ഗൗരവമായി എടുക്കണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അവർ പോസ്റ്റ് ഷെയർ ചെയ്തത്.
"സിസ്റ്റം മാറ്റേണ്ടതുണ്ട്, റെയിൽവേ മന്ത്രാലയം, മഹാരാഷ്ട്ര സർക്കാർ, മുംബൈ പോലീസ് എന്നിവരുടെ ശ്രദ്ധയ്ക്ക്" എന്നും അവർ പോസ്റ്റിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് ഓൺലൈൻ ഉപയോക്താക്കളുടെ മാത്രമല്ല നിരവധി രാഷ്ട്രീയക്കാരുടെയും നിയമപാലകരുടെയും ശ്രദ്ധയിലും പെട്ടു കഴിഞ്ഞു.
വീഡിയോയ്ക്ക് മറുപടിയായി, ഔദ്യോഗിക സെൻട്രൽ റെയിൽവേ ഹാൻഡിൽ ഡിവിഷണൽ റെയിൽവേ മാനേജരോട് വിഷയം പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു. കൂടാതെ, സംഭവത്തെക്കുറിച്ച് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതിനെല്ലാം പുറമേ ലോക്‌സഭാ എംപിയും എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെയും വൈറൽ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്. സംഭവം ആശങ്കാജനകമാണെന്നും ഒരേസമയം സ്ത്രീ സുരക്ഷയേയും ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണന്നും അവർ അഭിപ്രായപ്പെട്ടു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാൻ ആകില്ല. കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം മറ്റൊരു എക്സ് ഉപയോക്താവ് റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലെ ലോക്കൽ ട്രെയിനിൽ ആറ് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. ഒന്നിലധികം തരം മയക്കുമരുന്നുകൾ സംഘത്തിന്റെ കൈവശമുണ്ടെന്ന് ഉപയോക്താവ് അവകാശപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് പ്രകാരം, സംഭവം നടന്നത് സെപ്റ്റംബർ 1 -നാണ്, ഈ സംഘം രാത്രി വൈകി നലസോപാര സ്റ്റേഷനിൽ ഇറങ്ങിയതായും ഉപയോക്താവ് സോഷ്യൽ മീഡിയ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: