കൈവിടില്ല കൺമണീ; ചെളിയിൽ താഴ്‍ന്ന് ആനക്കുട്ടി, ആനക്കൂട്ടം ചെയ്തത് കണ്ടോ?
ആദ്യം കുറച്ച് ആനകളാണ് ആനക്കുട്ടിയെ കരയിൽ കയറ്റാൻ ശ്രമിക്കുന്നതെങ്കിലും അധികം വൈകാതെ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയെന്നോണം കൂടുതൽ ആനകൾ ആനക്കുട്ടിയെ രക്ഷിക്കാൻ എത്തുന്നത് കാണാം.
കാട്ടിൽ നിന്നുള്ള ഒരുപാട് വീഡിയോകൾ നാം ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലതൊക്കെ കൗതുകമാണ് സമ്മാനിക്കുന്നതെങ്കിൽ ചിലത് അത്ഭുതങ്ങളാവും സമ്മാനിക്കുക. എന്നാൽ, കണ്ണുനിറഞ്ഞ് പോകുന്ന ചില വീഡിയോകളും മുഖത്തൊരു പുഞ്ചിരി വിടർത്താൻ പാകത്തിലുള്ള വീഡിയോകളും നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇത്.
ജോലാൻഡി ക്ലർക്ക് എന്ന യുവതിയാണ് ഹണിമൂണിന് പോയതിനിടയിൽ ഈ കാഴ്ച കണ്ടതും അത് വീഡിയോയിൽ പകർത്തിയതും. ചെളിയിൽ കുടുങ്ങിപ്പോയ ഒരു ആനക്കുട്ടിയെ ആനകളുടെ കൂട്ടം രക്ഷിക്കുന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോയാണിത്. ലേറ്റസ്റ്റ് സൈറ്റിംഗ്സാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആനക്കൂട്ടം വെള്ളം കുടിക്കാൻ വേണ്ടി എത്തിയതാണ് എന്നാണ് കരുതുന്നത്. എന്നാൽ, ഇവിടെയെല്ലാം ചെളി നിറഞ്ഞിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്ന് ആനക്കുട്ടി ചെളിവെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നതാണ് കാണാനാവുന്നത്. കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആനക്കുട്ടി കൂടുതൽ കൂടുതൽ ചെളിയിലേക്ക് ഇറങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം. പെട്ടെന്ന് തന്നെ അതിനൊപ്പമുണ്ടായിരുന്ന ആനക്കൂട്ടം ജാഗരൂകരായി. പിന്നാലെ, അവ എങ്ങനെയെങ്കിലും ആനക്കുട്ടിയെ ചെളിയിൽ നിന്നും കയറ്റാൻ ശ്രമിക്കുന്നതാണ് കാണുന്നത്.
ആദ്യം കുറച്ച് ആനകളാണ് ആനക്കുട്ടിയെ കരയിൽ കയറ്റാൻ ശ്രമിക്കുന്നതെങ്കിലും അധികം വൈകാതെ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയെന്നോണം കൂടുതൽ ആനകൾ ആനക്കുട്ടിയെ രക്ഷിക്കാൻ എത്തുന്നത് കാണാം. എന്തായാലും ആനകളുടെ കൂട്ടായ പരിശ്രമം പരാജയമായില്ല. അവ ആനക്കുട്ടിയെ ചെളിയിൽ നിന്നും കയറ്റിയ ശേഷം ഒരുമിച്ച് അവിടെ നിന്നും നീങ്ങുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്.
നിരവധിപ്പേരാണ് ലേറ്റസ്റ്റ് സൈറ്റിംഗ്സ് പങ്കുവച്ചിരിക്കുന്ന വീഡിയോ യൂട്യൂബിൽ കണ്ടത്. കാട്ടിൽ നിന്നുള്ള സമാനമായ അനേകം വീഡിയോകൾ ലേറ്റസ്റ്റ് സൈറ്റിംഗ്സ് യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം