സ്‌കൈഡൈവിംഗിനിടയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് ഇങ്ങനെ...
2013 -ൽ യുഎസിലെ സുപ്പീരിയർ തടാകത്തിന് സമീപമാണ് കൂട്ടിയിടി സംഭവിച്ചത്. 12,000 അടി ഉയരത്തിൽ വച്ചാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്.
സാഹസികതയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരിക്കലെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യമാണ് സ്‌കൈ ഡൈവിംഗ്. ഒരുപക്ഷേ ഇത്രയേറെ ത്രില്ലടിപ്പിക്കുന്നതും ആവേശഭരിതമാക്കുന്നതുമായ മറ്റൊരു സാഹസിക വിനോദം ഉണ്ടാകില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൈ ഡൈവിംഗ് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കണോ വേണ്ടയോ എന്ന് രണ്ടാമതൊന്നു കൂടി ചിന്തിച്ചേക്കാം. കാരണം ആകാശ വിസ്മയം ആസ്വദിക്കാൻ വെറും നിമിഷങ്ങൾ മാത്രം അവശേഷിക്കെ വലിയൊരു ദുരന്തത്തെ നേരിടേണ്ടിവന്ന ഏതാനും ആളുകളാണ് വീഡിയോയിൽ.
2013 -ൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ ട്വിറ്ററിൽ വീണ്ടും വൈറലാകുന്നത്. ഏപ്രിൽ 12 -ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ഒരു കൂട്ടം സ്കൈഡൈവർമാർ അവരുടെ ആദ്യത്തെ ഡൈവിംഗിന് തയ്യാറെടുക്കുന്നതിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തമാണ് വീഡിയോയിൽ. ഏതാനും സ്കൈഡൈവർമാർ ഡൈവിംഗിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരുകൂട്ടം സ്കൈഡൈവർമാർ സഞ്ചരിച്ച വിമാനം അവരുടെ വിമാനത്തിൽ വന്നിടിച്ചാണ് അതിദാരുണമായ ദുരന്തം സംഭവിച്ചത്.
അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, 2013 -ൽ യുഎസിലെ സുപ്പീരിയർ തടാകത്തിന് സമീപമാണ് കൂട്ടിയിടി സംഭവിച്ചത്. 12,000 അടി ഉയരത്തിൽ വച്ചാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. ഭാഗ്യവശാൽ, സ്കൈഡൈവർമാർക്കോ പൈലറ്റുമാർക്കോ വലിയ പരിക്കുകളൊന്നും പറ്റിയില്ല.
സ്കൈഡൈവിംഗ് ഇൻസ്ട്രക്ടറും സുരക്ഷാ ഉപദേഷ്ടാവുമായ മൈക്ക് റോബിൻസൺ അന്ന് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, കൂട്ടിയിടി നടക്കുമ്പോൾ ഡൈവർമാർ അവരുടെ അവസാനത്തെ ചാട്ടം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നു. അതുകൊണ്ടുതന്നെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ഡൈവർമാർക്ക് സുരക്ഷിതമായി തന്നെ ചാടാൻ സാധിച്ചുവത്രേ. പാരച്യൂട്ടുകൾ ഉപയോഗിച്ച് സ്കൈഡൈവർമാർക്ക് സുരക്ഷിതമായ സ്ഥലത്ത് ഇറങ്ങാൻ കഴിഞ്ഞു. കൂടാതെ ഇടിച്ച ശേഷം തകർന്ന ലീഡ് വിമാനത്തിന്റെ പൈലറ്റും അടിയന്തര പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്തു.