കോർപറേറ്റ് ജോലിക്കൊപ്പം ഇഷ്ടം പിന്തുടരാനുള്ള മനസും, ക്ലിക്കായി ധ്രുവിയുടെ പാസ്‍താ സ്റ്റാൾ
അഹമ്മദാബാദ് യൂണിവേഴ്‌സിറ്റി ഗേറ്റിന് സമീപത്തെ റോഡരികിലാണ് അവളുടെ ഭക്ഷണശാല. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രുചികരമായ പാസ്തയും മക്രോണിയും ഇവിടെ കിട്ടും.
സ്ട്രീറ്റ് ഫുഡ് എന്നാൽ ഇന്ത്യയിൽ ഇപ്പോൾ പഴയ സ്ട്രീറ്റ് ഫുഡ് ഒന്നുമല്ല. നിറയെ വിഭവങ്ങൾ, പല വെറൈറ്റി വിഭവങ്ങൾ. നിങ്ങളൊരു ഭക്ഷണപ്രേമിയാണ് എങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന എല്ലാതരം വിഭവങ്ങളും ഇന്ന് ഇത്തരം ഫുഡ്‍ സ്റ്റാളിൽ കിട്ടും. എന്നാൽ, ഈ ഭക്ഷണം ആസ്വദിക്കുന്നതിന് പകരം നിങ്ങളുടെ കോർപറേറ്റ് ജോലിയുടെ കൂടെ ഇങ്ങനെ ഒരു ഫുഡ് സ്റ്റാൾ നടത്തുന്നതിനെ കുറിച്ച് കൂടി ഓർത്ത് നോക്കൂ.
വാരാന്ത്യത്തിൽ ഷോപ്പിംഗിനോ സിനിമയ്ക്കോ ഒക്കെ പോകുന്നതിന് പകരം ഇങ്ങനെ ഒരു ഫുഡ് സ്റ്റാൾ നടത്താൻ തീരുമാനിച്ചത് ഗുജറാത്തിൽ നിന്നുള്ള ധ്രുവി പഞ്ചൽ എന്ന യുവതിയാണ്. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരിയാണ് ധ്രുവി. തന്റെ ജോലി അവൾക്ക് ഇഷ്ടമാണ്. എന്നാൽ, അവളുടെ പാഷൻ ഭക്ഷണം ഉണ്ടാക്കുക എന്നതിലായിരുന്നു. പാസ്ത വിഭവങ്ങളുണ്ടാക്കുക എത് വിൽക്കുക എന്നതൊക്കെ അവൾക്ക് അങ്ങേയറ്റം ഇഷ്ടമുള്ള കാര്യവും. ഒടുവിൽ, തന്റെ ജോലിക്കൊപ്പം അവൾ അഹമ്മദാബാദിലെ തെരുവിൽ ഒരു ഫുഡ് സ്റ്റാൾ തുറക്കുക തന്നെ ചെയ്തു.
അഹമ്മദാബാദ് യൂണിവേഴ്‌സിറ്റി ഗേറ്റിന് സമീപത്തെ റോഡരികിലാണ് അവളുടെ ഭക്ഷണശാല. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രുചികരമായ പാസ്തയും മക്രോണിയും ഇവിടെ കിട്ടും. ശനിയാഴ്ച ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് അവൾ തന്റെ സ്റ്റാൾ തുറക്കുക. വൈകുന്നേരം 6:30 മുതൽ പാസ്തയുടെയും മക്രോണിയുടെയും വിൽപന ആരംഭിക്കും. രാത്രി 11 വരെ ഇത് നീണ്ടു നിൽക്കും.
അടുത്തിടെ ധ്രുവിയുടെ ജീവിതം വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ വൈറലായി. അതിന്റെ കാപ്ഷനിൽ, തന്റെ ജോലിക്കൊപ്പം തന്നെ ധ്രുവി യുവാക്കൾ ഇഷ്ടപ്പെടുന്ന പാസ്തയും മക്രോണിയും വിൽക്കുന്ന ഒരു ഫുഡ് സ്റ്റാൾ തുടങ്ങി എന്ന് സൂചിപ്പിച്ചിട്ടുണ്ട്.