സൊമാറ്റോ ഡെലിവറി ഏജന്‍റ് ഭക്ഷണ പാക്കറ്റ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം; ക്ഷമാപണം നടത്തി കമ്പനി
സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്ത ഒരു ഉപഭോക്താവ് പുറത്തുവിട്ട ദൃശ്യങ്ങളാണ് ഈ സംഭവം പുറത്ത് കൊണ്ടുവന്നത്.
ഓൺലൈൻ ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളിൽ ഭക്ഷണം ഓർഡർ ചെയ്തു വാങ്ങിക്കുകയും കഴിക്കുകയും ചെയ്യുന്നത് ഇന്ന് വളരെ സാധാരണമായ ഒരു സംഭവമാണ്. നമ്മുടെ വീട്ടുപടിക്കൽ ഭക്ഷണം സുരക്ഷിതമായി എത്തും എന്നുള്ള വിശ്വാസത്തിലാണ് ആളുകൾ ഇത്തരത്തിൽ ഭക്ഷണം വാങ്ങിക്കാൻ തയ്യാറാകുന്നത്. എങ്കിൽ ആ വിശ്വാസം നഷ്ടപ്പെട്ടു പോയാലോ? അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്ത ഒരു ഉപഭോക്താവ് പുറത്തുവിട്ട ദൃശ്യങ്ങളാണ് ഈ സംഭവം പുറത്ത് കൊണ്ടുവന്നത്.
ഒരു സൊമാറ്റോ ഡെലിവറി എക്‌സിക്യുട്ടീവ് ഉപഭോക്താവിന് നൽകാനായി കൊണ്ടു വന്ന ഭക്ഷണം, മോഷ്ടിക്കുന്ന രംഗങ്ങളാണ് ഈ ദൃശ്യങ്ങളിൽ ഉള്ളത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആവുകയും ഇത് വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തതോടെ ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൊമാറ്റോ.
ആദിത്യ കൽറ എന്ന ഉപഭോക്താവ് എക്‌സിൽ വീഡിയോ പങ്കുവച്ച് കൊണ്ട് തന്‍റെ ഭക്ഷണം മോഷ്ടിച്ചതായി ആരോപിച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് ആദിത്യ കല്‍റ ഇങ്ങനെ എഴുതി, "ഞങ്ങളുടെ ബംഗളൂരുവിലെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ രംഗങ്ങൾ ആണിത്. ഓർഡർ ഡെലിവറി ചെയ്യുന്നതിനായി എത്തിയ സൊമാറ്റോ എക്സിക്യൂട്ടീവ് ഞങ്ങളുടെ വീട്ടുപടിക്കൽ ഉണ്ടായിരുന്ന മറ്റൊരു ഭക്ഷണപ്പൊതി എടുത്തു കൊണ്ടു പോകുന്ന ഈ കാഴ്ച ഞങ്ങളെ ഞെട്ടിച്ചു. "
എടുത്തുകൊണ്ടു പോകാൻ തയ്യാറാണോ? എങ്കിൽ 17 മുറികളുള്ള ഈ മാളിക സൗജന്യമായി വാങ്ങിക്കാം
എക്സിൽ പങ്കുവെച്ച വീഡിയോയിലെ ദൃശ്യങ്ങളില്‍, ഓർഡർ ഡെലിവറി ചെയ്യുന്നതിനായി സൊമാറ്റോ യൂണിഫോം ധരിച്ച് ഒരു വ്യക്തി വീടിന്‍റെ വാതിലിനടുത്തായി നിൽക്കുന്നത് കാണാം. ഇയാൾ ബെല്ല് അടിക്കുകയും പിന്നാലെ വാതില്‍ തുറന്നപ്പോള്‍ താന്‍ കൊണ്ടുവന്ന പാക്കറ്റ് വീട്ടുമടസ്ഥന് കൊടുക്കുകയും ചെയ്യുന്നു. വാതില്‍ അടച്ചതിന് ശേഷം വീണ്ടുമെത്തിയ ഇയാള്‍ വാതിലിന് മുന്നില്‍ വച്ചിരുന്ന മറ്റൊരു പാക്കറ്റ് എടുത്തു കൊണ്ട് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ, വീഡിയോ കഴ്ചക്കാരുടെ ശ്രദ്ധ നേടി. സംഭവത്തോട് പ്രതികരിച്ച്, സോമാറ്റോ ഉപയോക്താവിനോട് ക്ഷമാപണം നടത്തി. ' ഹായ് ആദിത്യ, ഇത് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത്തരം കാര്യങ്ങൾ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉറപ്പുനൽകുന്നു.' ക്ഷമാപണം നടത്തി മണിക്കൂറുകൾക്കകം തന്നെ കുറ്റക്കാരായവർക്കെതിരെ നടപടിയെടുത്തതായും സൊമാറ്റോ എക്സിലുടെ അറിയിച്ചു.
ഓടുന്ന ട്രെയിനിന് മുമ്പിൽ നിന്ന് റീൽസ് പിടിക്കാൻ യുവതി, ചവിട്ടി മാറ്റി ലോക്കോ പൈലറ്റ്; വീഡിയോ വൈറല്‍