വായിൽ കാൻ കുടുങ്ങി, കണ്ണ് നിറഞ്ഞ് സഹായം തേടി ധ്രുവക്കരടി, മനുഷ്യർ ചെയ്തത് കണ്ടോ? വീഡിയോ
ഏറെ ബുദ്ധിമുട്ടിലായിപ്പോയ കരടി എങ്ങനെയെങ്കിലും ആ കാൻ എടുത്തുകളയാൻ വേണ്ടി നിസ്സഹായതയോടെ, സഹായമഭ്യർത്ഥിക്കുന്ന കണ്ണുകളോടെ ഒരു മനുഷ്യന്റെ മുന്നിൽ ചെന്ന് നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
മനുഷ്യർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അവർ സഹായത്തിന് വേണ്ടി അപേക്ഷിക്കും. എന്നാൽ, മൃഗങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റിയാലോ? അവ മിണ്ടാപ്രാണികളാണ്. നേരിട്ട് വന്ന്, എന്നെ സഹായിക്കണം എന്ന് പറയാനുള്ള കഴിവ് അവയ്ക്കില്ല. അവ തങ്ങളെ കൊണ്ട് കഴിയും വിധത്തിൽ തങ്ങളുടെ നിസ്സഹായാവസ്ഥ മറ്റൊരാളെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അതുപോലെ ഒരു ധ്രുവക്കരടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.
ഭക്ഷണം തേടിയിറങ്ങിയതായിരുന്നു ഈ ധ്രുവക്കരടി. എന്നാൽ, ചെന്നുപെട്ടതോ അപകടത്തിലും. കരടിയുടെ വായിൽ ഒരു കാൻ കുടുങ്ങുകയായിരുന്നു. പാവം കരടിക്ക് അത് എങ്ങനെയും പുറത്തേക്ക് കളയാൻ സാധിക്കുന്നില്ല. ഏറെ ബുദ്ധിമുട്ടിലായിപ്പോയ കരടി എങ്ങനെയെങ്കിലും ആ കാൻ എടുത്തുകളയാൻ വേണ്ടി നിസ്സഹായതയോടെ, സഹായമഭ്യർത്ഥിക്കുന്ന കണ്ണുകളോടെ ഒരു മനുഷ്യന്റെ മുന്നിൽ ചെന്ന് നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
എന്നാൽ, അയാൾ കരടിയെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഒടുവിൽ മൃഗഡോക്ടർമാർ അടങ്ങിയ പ്രൊഫഷണലുകളുടെ സഹായം തേടുകയാണ്. അവരെത്തിയ ശേഷം കരടിയെ മയക്കി വായിൽ നിന്നും കാൻ മാറ്റുന്നതും വീഡിയോയിൽ കാണാം. ശേഷം അതിന്റെ മുറിഞ്ഞ നാവിന് മരുന്ന് വയ്ക്കുന്നുമുണ്ട്. കരടിയെ കാട്ടിലേക്ക് മാറ്റിയ ശേഷം അതിന് വന്ന് കഴിക്കാൻ പാകത്തിൽ ഭക്ഷണവും വയ്ക്കുന്നുണ്ട്. പിന്നീട്, കരടിയുടെ ആരോഗ്യം തിരികെ കിട്ടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആരോഗ്യം തിരികെ കിട്ടിയ ശേഷമുള്ള കരടിയുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. അതിൽ പൂർണാരോഗ്യവതിയായ കരടി കുഞ്ഞിനൊപ്പമുള്ളതും ഒക്കെ കാണാം. എന്തുതന്നെയായാലും വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മൃഗങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്ന അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം