ഒരു കൈസഹായം; പൊലീസ് വാനിൽ ടാങ്ക് കാലി, കോടതിയിൽ ഹാജരാക്കേണ്ടവരെക്കൊണ്ട് വണ്ടി തള്ളിച്ചു, സംഭവം ബിഹാറിൽ
അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ വൻ വിമർശനങ്ങളും പൊലീസിന് നേരെ ഉണ്ടായി. ഇതോടെ മേലുദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടി വന്നു.
അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയിൽ വണ്ടിയിലെ ഇന്ധനം തീർന്നു. നാലുപേരെയും ഇറക്കി വണ്ടി തള്ളിച്ച് പൊലീസ്. ഇവരുടെ വയറ്റിൽ ഒരു കയർ കെട്ടിയിരിക്കുന്നതും കാണാം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വൻ വിമർശനം.
സംഭവം നടന്നത് ബിഹാറിലാണ്. കുറ്റാരോപിതരായ നാലുപേർ ചേർന്ന് 500 മീറ്ററോളം വാൻ തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. മദ്യനിയമം ലംഘിച്ചതിന് അറസ്റ്റിലായവരാണ് നാലുപേരും. ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടയിലാണ് വാഹനത്തിലെ ഇന്ധനം തീർന്നത്.
ഭഗൽപൂരിലെ കചഹാരി ചൗക്കിന് സമീപത്ത് വച്ചാണ് പൊലീസ് കുറ്റാരോപിതരെ കൊണ്ട് വണ്ടി തള്ളിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. കുറ്റാരോപിതരായ യുവാക്കളുടെ അരയിൽ കയർ കെട്ടിയിരിക്കുന്നതും വീഡിയോയിൽ കാണാം. പൊലീസുകാർ ഇവരെ വീക്ഷിക്കുന്നും ഉണ്ട്. നാലുപേരും ചേർന്ന് പൊലീസ് വണ്ടി ആഞ്ഞുതള്ളുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് തങ്ങളുടെ അവിശ്വസനീയതയും അമ്പരപ്പും പ്രകടിപ്പിച്ചു കൊണ്ട് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ പറഞ്ഞത്, 'ഇത് റിസൽട്ട് വരുന്ന ദിവസം അച്ഛൻ ബെൽറ്റ് എടുത്തുകൊണ്ടുവരാൻ പറയുന്നത് പോലെ ഉണ്ട്' എന്നാണ്. മറ്റൊരാൾ പറയുന്നത്, 'വിചാരണയക്കിടയിൽ കോടതി ഈ വണ്ടി തള്ളിയ കാര്യം കൂടി പരിഗണിക്കണം. എന്നിട്ട് വേണം ഇവർക്കുള്ള ശിക്ഷ വിധിക്കാൻ' എന്നാണ്.
അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ വൻ വിമർശനങ്ങളും പൊലീസിന് നേരെ ഉണ്ടായി. ഇതോടെ മേലുദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടി വന്നു. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അന്വേഷണം നടന്നശേഷം വേണ്ട നടപടി സ്വീകരിക്കും എന്നാണ് സംഭവത്തിന് പിന്നാലെ മേലുദ്യോഗസ്ഥർ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം